- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജരീവാളിന്റെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്താൻ ഉദ്യോഗസ്ഥ ലോബി ഒരുമിച്ചു; ഐഎഎസ്സുകാർ കൂട്ടത്തോടെ ഡൽഹി വിടുന്നു; ഭരണം സ്തംഭിക്കുമെന്ന ആശങ്ക ശക്തം
ന്യൂഡൽഹി: ഡൽഹിയിൽ ജനകീയ ഭരണമെന്ന ലക്ഷ്യവുമായി അധികാരത്തിലേറിയ അരവിന്ദ് കെജരീവാളിന്റെ സ്വപ്‌നങ്ങൾ തകർക്കാർ ഉദ്യോഗസ്ഥ ലോബി പുതിയ തന്ത്രങ്ങൾ മെനയുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും ലെഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്ങുമായുള്ള അധികാരത്തർക്കത്തിനിടെ ജോലി ചെയ്യാനാവില്ലെന്ന് കാണിച്ച് ഡൽഹിയിൽനിന്ന് സ്ഥലം മാറ്റമാവശ്യപ്പെട്ട് 20-ഓള

ന്യൂഡൽഹി: ഡൽഹിയിൽ ജനകീയ ഭരണമെന്ന ലക്ഷ്യവുമായി അധികാരത്തിലേറിയ അരവിന്ദ് കെജരീവാളിന്റെ സ്വപ്‌നങ്ങൾ തകർക്കാർ ഉദ്യോഗസ്ഥ ലോബി പുതിയ തന്ത്രങ്ങൾ മെനയുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജരീവാളും ലെഫ്റ്റനന്റ് ഗവർണർ നജീബ് ജുങ്ങുമായുള്ള അധികാരത്തർക്കത്തിനിടെ ജോലി ചെയ്യാനാവില്ലെന്ന് കാണിച്ച് ഡൽഹിയിൽനിന്ന് സ്ഥലം മാറ്റമാവശ്യപ്പെട്ട് 20-ഓളം മുതിർന്ന ഐഎഎസ്സുകാർ രംഗത്തെത്തി.
മുഖ്യമന്ത്രിയും ലെഫ്.ഗവർണറുമായുള്ള വടംവലി രൂക്ഷമായതോടെ, ഉദ്യോഗസ്ഥവൃന്ദം ആകെ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് കേന്ദ്രത്തിൽ ഡപ്യൂട്ടേഷനോ മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റമോ ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥര് രംഗത്തെത്തിയത്. കെജരീവാൾ സർക്കാരിൽനിന്ന് തിരിച്ചടി നേരിട്ട 14 ഐഎഎസ്സുകാർ ഉൾപ്പെടെ സ്ഥലം മാറ്റത്തിനായി രംഗത്തുണ്ട്.
ചീഫ് സെക്രട്ടറി കെ.കെ.ശർമയ്ക്കും ആഭ്യന്തര സെക്രട്ടറി ധർമപാലിനും കെജരീവാൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുള്ള ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി പോകാത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. മെയ് ആറിനായിരുന്നു ഇത്.
മെയ് 14-ന് കെ.കെ.ശർമ അമേരിക്കയിൽ സ്വകാര്യ സന്ദർശനത്തിനായി പോയതോടെ, ലെഫ്. ഗവർണർ ശകുന്തള ഗംലിനെ ആക്ടിങ് ചീഫ് സെക്രട്ടറിയായി നിയോഗിച്ചു. ലെഫ്. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് ഡൽഹി സർക്കാർ രംഗത്തെത്തി. പ്രിൻസിപ്പൽ സെക്രട്ടറി (സർവീസസ്) അനിന്ദോ മജൂംദാറിനെയും സ്‌പെഷ്യൽ സെക്രട്ടറി അശുതോഷ് കുമാറിനെയും തൽസ്ഥാനത്തുനിന്ന് കെജരീവാൾ നീക്കുകയും ചെയ്തു. പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറി രാജേന്ദ്ര കുമാറിന സർവീസസ് ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല നൽകുകയും ഈ നിയമനത്തിന് പ്രസിഡന്റ് പ്രണബ് മുഖർജിയുടെ അനുമതി തേടുകയും ചെയ്തു.
ഡൽഹി സെക്രട്ടറിയേറ്റിലെ അനിന്ദോ മജൂംദാറിന്റെ മുറി പൂട്ടാൻ കെജരീവാൾ ഉത്തരവിട്ടതും രാജേന്ദ്ര കുമാറിന്റെ നിയമനം ലെഫ്.ഗവർണർ അംഗീകരിക്കാതിരുന്നതും പ്രശ്‌നങ്ങൾ രൂക്ഷമാക്കി. ഇതിനിടെയാണ് സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർ സ്ഥലം മാറ്റത്തിനായി രംഗത്തെത്തിയത്. മുറിപൂട്ടുന്നതും കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ ജോലിയിൽനിന്ന് മാറ്റുന്നതും ഉദ്യോഗസ്ഥ സമൂഹത്തിന്റെ ആത്മവിശ്വാസം തകർക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

