- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ടലയുടെ സഹകരണ മാഫിയയും പാർട്ടിയിലെ ശത്രുക്കളും ഒരുമിച്ചു; സുനിൽകുമാറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ എടുക്കാൻ ജനകീയ എംഎൽഎ പണിയാൻ ആനാവൂർ; കടകംപള്ളിയേയും മധുവിനേയും വെട്ടാൻ ആയുധങ്ങൾ തേടി ഔദ്യോഗിക പക്ഷം; തിരുവനന്തപുരത്ത് ഇനി നിർണ്ണായകം പിണറായിയുടെ മനസ്സ്; എല്ലാം പറഞ്ഞു തീർക്കാൻ കോടിയേരിയെ നിയോഗിച്ചേക്കും
തിരുവനന്തപുരം: ജില്ലാ സമ്മേളനം അടുത്തതോടെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാകുന്നതിന് പിന്നിൽ ഇഷ്ടക്കാരെ ജില്ലാ സെക്രട്ടറിയേറ്റിൽ എത്തിക്കാനുള്ള ഗൂഡനീക്കം. ഐ.ബി.സതീഷ് എംഎൽഎയോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് തർക്കം മൂർച്ഛിച്ചത്. കെ എസ് സുനിൽകുമാറിനെ സെക്രട്ടറിയേറ്റിൽ എത്തിക്കാനുള്ള നീക്കമാണ് ഇതിന് കാരണം.
കരാട്ടെ അസോസിയേഷൻ ഭാരവാഹിയായ ബിജെപി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോർട്സ് കൗൺസിൽ അഫിലിയേഷൻ ലഭിക്കാൻ ശുപാർശ നൽകിയതിനെ തുടർന്നാണ് ഐ.ബി.സതീഷിനോട് വിശദീകരണം തേടിയത്. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് വിശീദരണം ചോദിച്ചത്. എന്നാൽ മറ്റു രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളും ഇതേ ശുപാർശ നൽകിയപ്പോൾ സതീഷിനോട് മാത്രം വിശീദകരണം ചോദിച്ചുവെന്നതാണ് വസ്തുത. ജില്ലാ സെക്രട്ടറിയേറ്റിൽ എത്താൻ സാധ്യതയുള്ള നേതാവാണ് ഐബി. ഈ സാധ്യതയെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനിടെ അച്ചടക്ക നടപടിക്ക് ശേഷം പാർട്ടി പരിപാടികൾ തന്നെ അറിയിക്കുന്നില്ലെന്നും തന്നെ അനുകൂലിച്ചവരെ ഒതുക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ച് വി.കെ.മധു സംസ്ഥാന സമിതിക്ക് പരാതി നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.മധുവിനെ തരംതാഴ്ത്തിയപ്പോൾ എതിർത്തതാണ് സതീഷിനോട് വിശദീകരണം ചോദിക്കാൻ കാരണമായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇത്തരത്തിൽ തന്നോട് വിശദീകരണം തേടിയതിൽ ജില്ലാ കമ്മിറ്റി യോഗത്തിൽ ഐബി സതീഷ് ജില്ലാ സെക്രട്ടറിക്കെതിരെ പൊട്ടിത്തെറിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു സതീഷ് ആനാവൂർ നാഗപ്പനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. കാട്ടാക്കടയിൽ തനിക്കെതിരെ പതിച്ച പോസ്റ്ററുകൾക്ക് പിന്നിൽ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നായിരുന്നു എംഎൽഎയുടെ ആരോപണം.
ഇത് സിപിഎം സംസ്ഥാന സമിതിയുടെ ശ്രദ്ധയിലും പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്ന നിലപാടാകും നിർണ്ണായകം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ ഇടപെടും. രണ്ടു കൂട്ടരോടും സംയമനം പാലിക്കാനും ആവശ്യപ്പെടും. വിഭാഗീയത വിത്തുകൾ പാകാൻ ആരേയും അനുവദിക്കില്ലെന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറിയേയും അറിയിക്കും.
ബിജെപി അനുഭാവമുള്ള സംഘടനക്ക് സ്പോർട്സ് കൗൺസിൽ അഫിലിയേഷന് ശുപാർശ നൽകിയതിൽ രക്തസാക്ഷി കുടുംബത്തിൽ നിന്ന് പരാതി ലഭിച്ചതോടെയാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വാദം. അതേ സമയം ഐബി സതീഷിനോട് വിശദീകരണം തേടിയെങ്കിലും തുടർ നടപടികളൊന്നും ജില്ലാ നേതൃത്വം കൈക്കൊണ്ടിട്ടില്ല. നടപടിയുണ്ടായാൽ ജനുവരി 14-ന് ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിൽ ഇത് പ്രധാന വിഷയമാകും. കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് ജില്ലയിൽ ആനാവൂർ നാഗപ്പൻ വിരുദ്ധ വിഭാഗമെന്ന പേരിൽ അറിയപ്പെടുന്നത്. ഐബി സതീശനെ വെട്ടിയൊതുക്കാനാണ് ഈ നീക്കമെല്ലാം എന്നും ആരോപണമുണ്ട്.
കണ്ടലയിലെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് വൻ അഴിമതിയുണ്ടായിരുന്നു. ഇതിന് പിന്നിലെ അഴിമതിക്കാരെ പുറത്തു കൊണ്ടു വരാൻ മുന്നിൽ നിന്നത് ഐബി സതീശ് എംഎൽഎയാണ്. സിപിഐ്ക്ക് സ്വാധീനമുള്ള ഈ ബാങ്കിലെ ചിലരുമായി സിപിഎമ്മിലെ പ്രമുഖർ ഒത്തുകളിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. സഹകരണ ബാങ്കിലെ കൊള്ള ചർച്ചയാക്കിയ എംഎൽഎയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുമെന്ന് കണ്ടലയിലെ സിപിഐ നേതാവ് പരസ്യമായി പറഞ്ഞിരുന്നു. ഇതും ഐബിക്ക് വിനയായി മാറി. കാട്ടക്കടയിലെ ഒരു വിഭാഗം സിപിഎമ്മും ഐബിക്ക് എതിരാണ്.
പരിസ്ഥിതി പ്രവർത്തനവുമായി കാട്ടക്കടയെ കാർബൺ ന്യൂട്രൽ ആക്കുമെന്ന പ്രഖ്യാപനത്തിലാണ് ഐബി സതീശ്. ജലസംഭരണത്തിൽ ഉൾപ്പെടെ നിരവധി പദ്ധതികളാണ് ഐബി നടപ്പാക്കിയത്. നവംബറിലാണ് വിശദീകരണം തേടിയത്. ഇതിപ്പോൾ ചർച്ചയാകുന്നതിന് പിന്നിൽ കാട്ടക്കടയിലെ രാഷ്ട്രീയവുമുണ്ട്. കാട്ടക്കട ഏര്യാ സമ്മേളനം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടകൻ. സമ്മേളന വിഭാഗീയത തിരുവനന്തപുരം ജില്ലയിലേക്കും കടന്നു വരുന്നതിന്റെ സൂചനയാണ് ഈ വിവാദവം.
മറുനാടന് മലയാളി ബ്യൂറോ