തിരുവനന്തപുരം: കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ തകർത്ത് അർജന്റീന കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ലോകമെങ്ങുമുള്ള ആരാധകർ. മൂന്ന് പതിറ്റാണ്ടോളം നീണ്ട കിരീട വരൾച്ചയ്ക്ക് വിരാമമിട്ട് മെസിയും സംഘവും കിരീടത്തിൽ മുത്തമിട്ടതിന്റെ ആഹ്ലാദം സാമൂഹ്യമാധ്യമങ്ങളിലൂടെ അടക്കം പങ്കുവയ്ക്കുന്നവർ ഏറെ. ഇതിൽ രാഷ്ട്രീയ നേതാക്കളുണ്ട്. ചലച്ചിത്ര താരങ്ങളുണ്ട്... എന്നുവേണ്ട സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർ പ്രതികരണങ്ങളും വിമർശനങ്ങളും ട്രോളുകളും ഒക്കെയായി നിറയുന്നു.

മാരക്കാനയിൽ മഹായുദ്ധം പൂർത്തിയായതിന് പിന്നാലെ പ്രതികരണങ്ങളുമായി എത്തിയവർ ഏറെ. ഇക്കൂട്ടത്തിൽ ഫൈനൽ പോരാട്ടത്തിന് മുമ്പും അർജന്റീനയുടെ വിജയക്കുതിപ്പിനു ശേഷവും കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഈ രാവിൽ ലോകം ഒരു പന്തിനു പിറകെ... എന്ന തലക്കെട്ടോടെയാണ് അർജന്റീനയുടെ കടുത്ത ആരാധകനായ ഐബി സതീഷ് കലാശപ്പോരിന് മുമ്പായി കുറിപ്പ് പങ്കുവച്ചത്. അർജന്റീനിയൻ ഫുട്‌ബോൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക ഡിഗോ മറഡോണ തന്നെ. ബ്രസീലെന്നു കേട്ടാൽ പെലെയും. മറഡോണയുടെ 'ദൈവത്തിന്റെ കയ്യും'' കളിക്കളത്തിലെ ഉശിരൻ പ്രകടനങ്ങളുമൊക്കെ, ഓർത്തുകൊണ്ട് പെലെയും, സിക്കോയും, കാർലോസ് ആൽബർട്ടോയും ഒക്കെ അണിനിരന്ന നെയ്മറിന്റെ ബ്രസീലിനെ വളരെ വേദനയോടെ വകഞ്ഞുമാറ്റി മെസ്സിയുടെ അർജന്റീനക്കൊപ്പം നിൽക്കുവാനാഗ്രഹിക്കുന്നു. മെസ്സിയും സംഘവും കപ്പിൽ മുത്തമിടുന്നത് കാണുവാൻ കാത്തിരിക്കുന്നു.

ഇവിടെ ബ്രസീൽ പക്ഷത്തെ നയിക്കുന്ന സ.വി.ശിവൻകുട്ടി, സ.കടകംപള്ളി സുരേന്ദ്രൻ എന്നിവരോട് ഒരുവാക്ക്...
'മറക്കാനയിൽ മെസ്സിയും പിള്ളാരും കപ്പുയർത്തും...'
ഇവിടെ ക്യാപ്റ്റൻ മണി ആശാനാണ്...
ഒപ്പം എം.ബി.ആർ ഉം, സ. പ്രശാന്തും ഒക്കെ 'നുമ്മ' ടീമിൽ തന്നെ...
നാളെ ആരു ജയിച്ചാലും, ആത്യന്തിക ജയം ഈ മഹാമാരിക്കാലത്തും ലോകമെമ്പാടുമുള്ള അതിർവരമ്പുകളെല്ലാം മായ്ക്കുന്ന, മനുഷ്യരെ എല്ലാം ഒരേപോലെ ആവേശം കൊള്ളിക്കുന്ന സ്‌പോർട്ട്‌സ് നൽകുന്ന ആ സ്പിരിറ്റിന് തന്നെയാകും... ഐ ബി സതീഷ് കുറിപ്പിൽ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഈ രാവിൽ ലോകം ഒരു പന്തിനു പിറകെ...
മൈതാനത്ത് ഒരു പന്തിനു പിറകെ പായുന്ന 11 പേരുള്ള രണ്ട് സംഘങ്ങൾ. ഒരേയൊരു ലക്ഷ്യം എതിരാളിയുടെ വല ചലിപ്പിക്കുക... അത് ഏതുവിധേനയും തടയുവാൻ ഗ്ലൗസണിഞ്ഞ ഗോളിയും, പ്രതിരോധ നിരക്കാരുമുണ്ട്. മധ്യനിരയും സ്‌ട്രൈക്കർമാരും പന്തുമായി പായുക എതിരാളികളുടെ ഗോൾ വല ലക്ഷ്യമാക്കി.
ഏത് സങ്കീർണ്ണതകളെയും അലിയിക്കുന്ന ഒന്നാണ് സ്പോർട്സ്. കോവിഡിന്റെ ഈ ദുരിതകാലം തൽക്കാലത്തേക്ക് മാത്രം മറക്കാം. കൗമാര യൗവ്വനങ്ങളിലും ഇപ്പോഴും എന്നെ ത്രസിപ്പിക്കുന്നത് ക്രിക്കറ്റാണ്. എന്നാൽ മെസ്സിയും നെയ്മറും കോപ്പയിൽ മുഖാമുഖം പോരാടുമ്പോൾ എനിക്കെങ്ങനെ അതിൽ നിന്നും മാറിനിൽക്കാനാകും. പതുക്കെ പതുക്കെ ഫുട്‌ബോൾ ആവേശം എന്റെ സിരകളിലും ഇരച്ചുകയറുകയാണ് ഈ രാവിൽ...
ഫുട്‌ബോൾ അഥവാ സോക്കർ എന്ന ഈ കായിക വിനോദത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. ക്രിസ്തുവിനും മുൻപ് ബി.സിയിൽ രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ചൈനയിൽ ഇന്നത്തെ കാൽപന്തുകളിക്ക് സമാനമായ ഗെയിം ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. പിന്നീട് ജപ്പാനിലും, ആസ്ട്രലിയൻ ഭൂഖണ്ഡത്തിലെ ആദിമ നിവാസികളിലും, ഗ്രീസിലും, റോമിലും ഒക്കെ ലെതറിലും, പച്ചിലകളിലും ഗോളാകൃതിയിലുള്ള രൂപങ്ങളുണ്ടാക്കി
പന്തുതട്ടിയത്രെ...
ആധുനിക ഫുട്‌ബോളിന്റെ പ്രഥമ പതിപ്പ് 12-ാം നൂറ്റാണ്ടിൽ ആരംഭിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇന്നത്തെ ഫുട്‌ബോളിന് സമാനമായ കാൽപന്തുതട്ടൽ ബ്രിട്ടന്റെ പുൽമേടുകളിലും തെരുവീഥികളിലും നടന്നിരുന്നു. ആ കളിക്ക് പേരൊക്കെ വേറെയായിരുന്നു. തെരുവീഥികളിലെ അന്നത്തെ ആ കളിക്ക് വാശിയേറിയപ്പോൾ നഗരത്തിലെ സ്ഥാപന ജംഗമ വസ്തുക്കൾക്കും മനുഷ്യർക്കുംവരെ സാരമായി പരിക്കേറ്റു. എന്തിനേറെ പറയുന്നു മനുഷ്യജീവനുകൾ വരെ പൊലിഞ്ഞു കളിക്കളത്തിൽ. തുടർന്ന് ഈ കായികവിനോദത്തെ ഭരണകൂടങ്ങൾ വിലക്കുന്ന തലംവരെ എത്തി കാര്യങ്ങൾ. എന്നാൽ 17ാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ ഈ കളിവീണ്ടും തിരിച്ചെത്തുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിന്റെ ഫലമായി പല ഭൂഖണ്ഡങ്ങളിലും ആളുകൾ കാലുകൊണ്ട് പന്ത് തട്ടുവാൻ തുടങ്ങിയിരുന്നു.
കോപ്പയിലേക്ക് തന്നെ വരാം. ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ശക്തികൾ തമ്മിലുള്ള പോരാട്ടമാണ് കോപ്പ അമേരിക്ക. ബ്രസീൽ, അർജന്റീന, ഉറുഗ്വേ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ സംസ്‌കാരവും പൈതൃകവും വരെ ഫുട്‌ബോളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ടൂർണ്ണമെന്റുകളിലൊന്നാണ് കോപ്പ അമേരിക്ക. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ആണിത് ആരംഭിക്കുന്നത്. 1916-ൽ ഉറുഗ്വേ ആയിരുന്നു ആദ്യ വിജയികൾ. 1975 വരെ ഈ ടൂർണ്ണമെന്റ് അറിയപ്പെട്ടിരുന്നത് ടീൗവേ അാലൃശരമി എീീയേമഹഹ ഇവമാുശീിവെശു എന്നാണ്.
ഇന്ന് ഇന്ത്യയിൽ നേരം പുലർന്ന് അർജെന്റീനയും ബ്രസീലും കൊമ്പുകോർക്കുമ്പോൾ ആരുടെ പക്ഷം പിടിക്കണമെന്നൊരു പ്രതിസന്ധി മുന്നിലുണ്ട്. പ്രതിസന്ധി എന്നു പറയുവാൻ കാരണം ഫുട്‌ബോളിന്റെ സ്ഥിരം പ്രേക്ഷകനല്ല എന്നതിനാലാണ്.
അർജന്റീനിയൻ ഫുട്‌ബോൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുക ഡിഗോ മറഡോണ തന്നെ. ബ്രസീലെന്നു കേട്ടാൽ പെലെയും. മറഡോണയുടെ 'ദൈവത്തിന്റെ കയ്യും'' കളിക്കളത്തിലെ ഉശിരൻ പ്രകടനങ്ങളുമൊക്കെ, ഓർത്തുകൊണ്ട് പെലെയും, സിക്കോയും, കാർലോസ് ആൽബർട്ടോയും ഒക്കെ അണിനിരന്ന നെയ്മറിന്റെ ബ്രസീലിനെ വളരെ വേദനയോടെ വകഞ്ഞുമാറ്റി മെസ്സിയുടെ അർജന്റീനക്കൊപ്പം നിൽക്കുവാനാഗ്രഹിക്കുന്നു. മെസ്സിയും സംഘവും കപ്പിൽ മുത്തമിടുന്നത് കാണുവാൻ കാത്തിരിക്കുന്നു.
ഇവിടെ ബ്രസീൽ പക്ഷത്തെ നയിക്കുന്ന സ.വി.ശിവൻകുട്ടി, സ.കടകംപള്ളി സുരേന്ദ്രൻ എന്നിവരോട് ഒരുവാക്ക്...
'മറക്കാനയിൽ മെസ്സിയും പിള്ളാരും കപ്പുയർത്തും...'
ഇവിടെ ക്യാപ്റ്റൻ മണി ആശാനാണ്...
ഒപ്പം എം.ബി.ആർ ഉം, സ. പ്രശാന്തും ഒക്കെ 'നുമ്മ' ടീമിൽ തന്നെ...
നാളെ ആരു ജയിച്ചാലും, ആത്യന്തിക ജയം ഈ മഹാമാരിക്കാലത്തും ലോകമെമ്പാടുമുള്ള അതിർവരമ്പുകളെല്ലാം മായ്ക്കുന്ന, മനുഷ്യരെ എല്ലാം ഒരേപോലെ ആവേശം കൊള്ളിക്കുന്ന സ്‌പോർട്ട്‌സ് നൽകുന്ന ആ സ്പിരിറ്റിന് തന്നെയാകും...

മാരക്കാനയിലെ സ്വപ്ന ഫൈനലിൽ ബ്രസീലിനെ കീഴടക്കി അർജന്റീന കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ഐ ബി സതീഷ് എംഎൽഎയുടെ അടുത്ത ഫേസ്‌ബുക്ക് കുറിപ്പുമെത്തി.

മാലാഖയുടെ ചിറകിലേറി അർജന്റീന... എന്ന പേരിലാണ് കിരീട നേട്ടത്തിന് ശേഷമുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കളിയുടെ തുടക്കത്തിൽ തന്നെ നെയ്മറുടെ ആ ഷോർട്ട്‌സ് കീറിയപ്പോഴെ വിചാരിച്ചതാണ് ബ്രസീലിന്റെ കാര്യം പരുങ്ങലിലാകുമെന്ന്...
ആ ലോങ്ങ് പാസ് തന്റെ അനുഭവസമ്പത്ത് മുഴുവൻ പുറത്തെടുത്ത് പരിചയ സമ്പന്നനായ ഏഞ്ചൽ ഡീ മരിയ ബ്രസീൽ പ്രതിരോധ നിരക്കാർക്ക് ഒരവസരം പോലും നൽകാതെ മനോഹരമായി ക്ലിയർ ചെയ്തു...
ആദ്യ പകുതിയുടെ അവസാന മിനിട്ടുകളിൽ നെയ്മർ തൊടുത്ത ആ മനോഹരമായ കോർണർ ക്ലിയർ ചെയ്യാനാളില്ലാതെ ബ്രസീൽ പരുങ്ങിയപ്പോൾ തന്നെ ആദ്യ പകുതിയിൽ താളം കണ്ടെത്തുവാൻ വിഷമിച്ച മഞ്ഞപ്പടയുടെ നില തുറന്നുകാട്ടി.

രണ്ടാം പകുതിയുടെ ആദ്യം ബ്രസീൽ അർജന്റീനയുടെ വല കുലുക്കിയശേഷം ആഘോഷം തുടങ്ങിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചപ്പോഴെ ഇത് അവരുടെ ദിവസമല്ല എന്ന് വ്യക്തമായിരുന്നു.
രണ്ടാം പകുതിയിൽ സാംബാ താളം വീണ്ടെടുത്ത് ബ്രസീൽ അർജന്റീനൻ ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമണങ്ങൾ
അഴിച്ചുവിട്ടെങ്കിലും ഫിനിഷിങ്ങിലേക്ക് എത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല.

അർജന്റീനയുടെ കാവൽക്കാരൻ എമിലിയാനോ മാർക്കിനസ് ടൂർണമെന്റിലുടനീളമെന്ന പോലെ ഈ ഫൈനലിലും എതിരാളിക്കു മുന്നിൽ അഭേദ്യമായ കോട്ടയായി തന്നെ നിന്നു...
90-ാം മിനിട്ടിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ 28 വർഷത്തിനുശേഷം അർജന്റീന കോപ്പയിൽ മുത്തമിടുന്നു...

അതും ലയണൽ മെസിയുടെ അർജന്റീന... ക്ലബ് ഫുട്‌ബോളിൽ മാത്രം തിളങ്ങുന്ന, രാജ്യത്തിന് ഇതേവരെ കിരീടമൊന്നും നേടികൊടുക്കാത്ത വമ്പൻ എന്ന പാപഭാരം മെസി കഴുകികളഞ്ഞിരിക്കുന്നു. കനലെരിയുന്ന കളിക്കളങ്ങൾ കീഴടക്കി 'ഫുട്‌ബോളിന്റെ മിശിഖാ' ലയണൽ മെസി കോപ്പ അമേരിക്ക ഫുട്‌ബോൾ കിരീടം അർജന്റീനക്ക് നേടികൊടുത്തിരിക്കുന്നു.

കോപ്പ നിലനിർത്തുവാനാകാതെ മറക്കാനയുടെ മണ്ണിൽ വീണ നെയ്മറുടെ കണ്ണുനീർ ഫുട്‌ബോൾ ജീവവായുവായ ബ്രസീൽ ജനതയുടെ നെഞ്ചിൽ ഏൽപ്പിച്ച മുറിവ് ആഴത്തിലുള്ളതാവാം...
ഇനി അവരുടെ നാളുകൾ ഇതിന് പകരം വീട്ടുവാനുള്ള തയ്യാറെടുപ്പുകളായിരിക്കും... വിട്ടുകൊടുക്കുവാനാകില്ലെന്ന് 'നുമ്മ' അർജന്റീനയും...
കളിവിരുന്നുകൾ ഇനിയും തുടരുമെന്നർത്ഥം...

ഈ മധുരവിജയം അഘോഷിക്കുവാൻ 'ആ മനുഷ്യനില്ല' എന്നത് ഒരു നൊമ്പരം തന്നെ...
ഉണ്ടായിരുന്നെങ്കിൽ ആ മനുഷ്യൻ ഇന്ന് സന്തോഷം കൊണ്ട് കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടിയേനെ...
ആ മനുഷ്യൻ ആരെന്നു മനസിലായില്ലേ...
ഡിഗോ...
ഞങ്ങളുടെ ഡിഗോ മറഡോണ... അല്ലാതെ മറ്റാര്...

ഐ ബി സതീഷ് എംഎൽഎയുടെ രണ്ടു ഫേസ്‌ബുക്ക് കുറിപ്പുകളും ഫുട്‌ബോൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒട്ടേറെ പ്രതികരണങ്ങളാണ് ആരാധകരുടേതായി കുറിക്കപ്പെടുന്നത്.