വടകര: പൗരത്വപ്രശ്‌നത്തിന്റെ പേരിൽ നാടുകടത്താൻ വരെ കൊണ്ടുപോയ വെള്ളികുളങ്ങര ചല്ലിക്കുളത്തിൽ ഇബ്രാഹീം (62) നിര്യാതനായി. പാക്കിസ്ഥാൻ പാസ്‌പോർട്ട് കൈയിലുള്ളതിനാൽ പാക് പൗരനെന്ന പേരിൽ ഏറെക്കാലം ആകുലത അനുഭവിച്ച മലയാളിയായിരുന്നു ഇബ്രാഹീം.

21ാം വയസ്സിൽ ജീവിതം പച്ചപിടിപ്പിക്കുന്നതിനായി മുംബൈയിൽ നിന്ന് ഗൾഫിലേക്ക് ഉരുവിൽ പുറപ്പെട്ട ഇബ്രാഹീം കറാച്ചിയിലാണത്തെിയത്. അവിടെ ചായക്കട നടത്തി. പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പാക് പാസ്‌പോർട്ട് എടുത്തതാണ് വിനയായത്. നാട്ടിൽ തിരിച്ചെത്തിയപ്പോഴും ഈ പാസ്‌പോർട്ട് വിനയായി തുടർന്നു. അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നുവെന്നാരോപിച്ച് ഫോറിനേഴ്‌സ് ആക്ടിലെ മൂന്ന്, 13,14 വകുപ്പുകൾ പ്രകാരമാണ് ഇബ്രാഹീമിനെതിരെ കുറ്റപത്രം തയാറാക്കിയത്.

ഇതേതുടർന്ന്, 2003 ജൂലൈ 31നാണ് നാടുകടത്താൻ വാഗാ അതിർത്തിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, മതിയായ രേഖകളില്ലാത്തതിനാൽ പാക് അധികൃതർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. തിരിച്ചത്തെിച്ച ഇബ്രാഹീമിന് വടകര കോടതിയുടെ പരിധിവിട്ട് പുറത്തുപോകരുതെന്നത് ഉൾപ്പെടെ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, വോട്ടേഴ്‌സ് ലിസ്റ്റ് എന്നിവയിലെ പേരുകൾ കാണിച്ചാണ് ഇബ്രാഹീം തന്റെ ജന്മനാടിന്റെ പൗരത്വത്തിനായുള്ള നിയമപോരാട്ടം നടത്തിയത്.

ഇബ്രാഹീമിന്റെ പേര് വെട്ടിമാറ്റിയ സിവിൽ സപൈ്‌ളസ് അധികൃതരുടെ നടപടി വിവാദമായിരുന്നു. ഒടുവിൽ വസ്തുത തിരിച്ചറിഞ്ഞ കോടതി പൗരത്വം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പൗരത്വപ്രശ്‌നം പാർലമെന്റിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. പാക്കിസ്ഥാനിലെ ജോലി മതിയാക്കി നാട്ടിലെത്തയപ്പോൾ മതുൽ പ്രശ്‌നങ്ങളായിരുന്നു. ഇതോടെ, രാജസ്ഥാനിലേക്ക് കടന്ന ഇബ്രാഹീം ഒമ്പത് വർഷം ഒളിവിൽ കഴിഞ്ഞു. എന്നാൽ, കലശലായ ശ്വാസംമുട്ടലും മറ്റും പിടികൂടിയതോടെ മറ്റൊന്നും ആലോചിക്കാതെ നാട്ടിലത്തെുകയും ഉടൻ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്നാണ്, നാടുകടത്താൻ കൊണ്ടുപോയത്.

കുറച്ചുകാലമായി മത്സ്യവിൽപന നടത്തി ജീവിച്ചുവരുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഓർക്കാട്ടേരി ജുമുഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യ: നബീസു. മക്കൾ: സുബൈർ, ഫൈസൽ, അബ്ദുല്ല, ഹന്ന, അൻഷീറ. മരുമകൻ: റഷീദ്.