- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്താണുക്കളുടെ എണ്ണം തീരെ കുറവ്; ലേക് ഷോറിൽ ചികിൽസയിലുള്ള ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തിൽ ആശങ്ക ശക്തം; ഒരു വർഷം കൊണ്ട് കളമശ്ശേരിയിലെ എംഎൽഎയെ ചികിൽസിക്കുന്നത് ക്യാൻസർ രോഗ വിദഗ്ധൻ വിപി ഗംഗാധരനും; കളിച്ചത് 'ശിവശങ്കർ മോഡൽ' നാടകമോ? മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റൊഴിവാക്കാൻ വികെ ഇബ്രാഹിംകുഞ്ഞ് ആശുപത്രി നാടകം കളിച്ചുവെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ പുറത്തു വരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇബ്രാഹിംകുഞ്ഞിനുണ്ടെന്ന വസ്തുതയാണ്. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു വിപിഎസ് ലേക്ഷോർ ആശുപത്രി അധികൃതർ. വിളർച്ചയുണ്ട്. രക്താണുക്കളുടെ എണ്ണം കുറവാണ്. കാൻസർ ബാധിച്ച അദ്ദേഹം ഒരു വർഷമായി ഡോ. വി.പി. ഗംഗാധരന്റെ ചികിത്സയിലാണ്. ഇബ്രാഹിംകുഞ്ഞിന് എല്ലാ മാസവും പരിശോധന നടത്താറുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതിനിടെ ചികിൽസയിൽ കഴിയുന്ന മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചു. സർക്കാർ ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദ്ദേശിച്ചത്. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇബ്രാഹിംകുഞ്ഞ് കടുത്ത രോഗബാധിതനാണെന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കോഴ വാങ്ങിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയിൽ അറിയിച്ചു.
അതേസമയം ഇബ്രാഹിംകുഞ്ഞ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് വിജിലൻസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞ് വൻ നികുതി വെട്ടിപ്പ് നടത്തി. നികുതി വെട്ടിപ്പിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ചു. ഇബ്രാഹിംകുഞ്ഞിന് കോഴപ്പണം ലഭിച്ചതായാണ് സംശയമെന്നും വിജിലൻസ് പറഞ്ഞു. പാലം നിർമ്മാണ കരാർ ആർഡിഎസിന് നൽകാൻ ഇബ്രാഹിംകുഞ്ഞ് ഗൂഢാലോചന നടത്തി. ഇബ്രാഹിംകുഞ്ഞിന്റെ ഇടപാടുകൾ സുമിത് ഗോയലുമായി നേരിട്ടായിരുന്നു. ആർബിഡിസി, കെആർഎഫ്ബി,കിറ്റ്കോ ഉദ്യോഗസ്ഥരുമായും ഗൂഢാലോചന നടത്തി. ഇബ്രാഹിംകുഞ്ഞിന് ലഭിച്ച കമ്മീഷനെക്കുറിച്ച് അന്വേഷണം തുടരുന്നു. പത്ര അക്കൗണ്ടിലെ 4.50 കോടിയുടെ ഉറവിടം ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. ഈ പണം കമ്മീഷനാണോ എന്നാണ് അന്വേഷിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് റോഡ് ഫണ്ട് ബോർഡ് ഉപാധ്യക്ഷനുമായിരുന്നു. പണം അനുവദിച്ചതാ ബോർഡാണ്. അിനാൽ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ അപേക്ഷയും, ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തിലെ ഏറ്റവും വിശ്വസ്തനും ജനകീയനുമായ ഡോക്ടറാണ് ഗംഗാധരൻ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യത്തിൽ ഡോക്ടർ ഗംഗാധരന് പോലും ആശങ്കകളുണ്ട്. ഈ സാഹചര്യത്തിലാണ് ലേക് ഷോർ ആശുപത്രിയിൽ ഇബ്രാഹിംകുഞ്ഞിനെ ചികിൽസിപ്പിക്കുന്നതെന്നാണ് സൂചന. കസ്റ്റംസിന്റെ അറസ്റ്റൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എം ശിവശങ്കർ കാട്ടിക്കൂട്ടയതുമായി ഇതിന് ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇബ്രാഹിംകുഞ്ഞിനുണ്ട്. ഗംഗാധരന്റെ ചികിൽസയിലായതു കൊണ്ടാണ് ജഡ്ജി ആശുപത്രിയിൽ എത്തി നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തത്.
കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിൽ ഒരാളായിരുന്നു ഇബ്രാഹിം കുഞ്ഞ്. എടയാർ മേഖലയിലെ ഫാക്ടറി ജീവനക്കാരന്റെ എളിയ സാഹചര്യങ്ങളിൽ നിന്നു 2 തവണ സംസ്ഥാന മന്ത്രിപദം വരെയെത്തിയ നേതാവ്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത അനുയായി ആയിരുന്നു കുഞ്ഞ്. ഇത് തന്നെയാണ് വളർച്ചയിൽ നിർണ്ണായകമായത്. മധ്യ കേരളത്തിലെ ഏകെ ലീഗ് എംഎൽഎയുമാണ് ഇബ്രാഹിംകുഞ്ഞ്. ഐസ്‌ക്രിംപാർലർ കേസിൽ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ആദ്യമായി കുഞ്ഞ് മന്ത്രിയാകുന്നത്.
പാലാരിവട്ടത്തെ അഴിമതിയിൽ കരാറുകാരായ ആർഡിഎസ് പ്രോജക്ട്സിന് 8.25 കോടി രൂപ പലിശയില്ലാതെ മുൻകൂർ അനുവദിക്കാനും കരാർ വ്യവസ്ഥകളിൽ ഇളവു നൽകാനും അന്നത്തെ പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉത്തരവു നൽകിയതായി അന്നത്തെ മരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മൊഴി നൽകിയിരുന്നു. തുടർന്നാണ് കുഞ്ഞിനെ പ്രതിചേർത്തത്. പാലാരിവട്ടം മേൽപാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ കളമശേരി എംഎൽഎ വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇന്നലെ രാവിലെ 10.30ന് അദ്ദേഹം ചികിത്സയിൽ കഴിയുന്ന വിപിഎസ് ലേക്ഷോർ ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
വൈകിട്ട് 6ന് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ആശുപത്രിയിലെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരാൻ അനുവദിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖത്തിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കിയാണ് ഇത്. മുസ്ലിം ലീഗ് ഉന്നതാധികാരസമിതി അംഗവും നിയമസഭാകക്ഷി ഉപനേതാവുമായ ഇബ്രാഹിംകുഞ്ഞിനെ പലതവണ ചോദ്യം ചെയ്ത ശേഷം ഇക്കൊല്ലം മാർച്ചിലാണ് േകസിൽ പ്രതി ചേർത്തത്. റിമാൻഡിലെ 14 ദിവസത്തിനുള്ളിൽ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താലേ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിനു കഴിയൂ.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ, യൂത്ത് ലീഗ് എന്നിവയിലൂടെ വളർന്ന അദ്ദേഹം ലീഗ് അനുകൂല തൊഴിലാളി സംഘടനയിലും സജീവമായിരുന്നു. 5 വർഷം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. പിന്നീടു സംസ്ഥാന തലത്തിലായി പ്രവർത്തനം. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായി നിലകൊണ്ടു. 2005 ജനുവരിയിൽ ഐസ്‌ക്രീം പാർലർ വിവാദത്തെത്തുടർന്നു കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ പകരം പാർട്ടി നിയോഗിച്ചത് ഇബ്രാഹിംകുഞ്ഞിനെ. അതുവരെ ലീഗ് രാഷ്ട്രീയത്തിൽ മുൻനിര നേതാക്കളുടെ നിഴലിൽ ഒതുങ്ങിനിന്ന അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം പലരെയും അദ്ഭുതപ്പെടുത്തി. അങ്ങനെ എംഎൽഎയായ ആദ്യ ടേമിൽ തന്നെ മന്ത്രിയുമായി.
2001 ലും 2006 ലും മട്ടാഞ്ചേരിയിൽ നിന്നു ജയിച്ച അദ്ദേഹം മണ്ഡലം പുനർനിർണയം വന്നപ്പോൾ പുതുതായി രൂപീകരിച്ച കളമശേരിയിലേക്കു മാറി. 2011 ലും 2016 ലും വിജയം. മണ്ഡലം നോക്കുന്ന എംഎൽഎയെന്ന വിശേഷണമാണു വിജയങ്ങൾക്കു പിന്നിൽ. സഹായം തേടിയെത്തുന്നവരെ സഹായിക്കുന്നയാൾ എന്ന പരിവേഷവും രാഷ്ട്രീയ പോരാട്ടങ്ങളിൽ തുണയായി. 2011 ൽ പൊതുമരാമത്തു മന്ത്രി.
മറുനാടന് മലയാളി ബ്യൂറോ