- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരിച്ചുപോകേണ്ടി വന്നത് മലയാളികൾ അടക്കമുള്ളവർ; യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധമാക്കി അബുദാബി; യാത്രക്കാർ കുറുക്കുവഴി തേടുമ്പോൾ പരിശോധന കർശനമാക്കി അധികൃതർ
അബുദാബി: അൽഐൻ, അബുദാബി വീസക്കാർക്ക് യുഎഇയിലെ ഏതു വിമാനത്താവളം വഴി വന്നാലും ഐസിഎ അനുമതി (ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്) നിർബന്ധം. ഐസിഎ ഗ്രീൻ സിഗ്നലില്ലാതെ കഴിഞ്ഞ ദിവസം ദുബായിലെത്തിയ മലയാളികളടക്കമുള്ള വിദേശികൾക്കു തിരിച്ചുപോകേണ്ടി വന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഐസിഎ അനുമതിയില്ലാതെ വന്നു മടങ്ങിയവരുടെ എണ്ണം കൂടുന്നതിനാലാണ് വീണ്ടും അധികൃതരുടെ ഓർമപ്പെടുത്തൽ. എന്നാൽ ഇതു മറികടക്കാൻ ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകൾ വഴി എത്തിയവരുണ്ട്. ഇവർ പിന്നീട് റോഡ് മാർഗം അബുദാബിയിലേക്കു വരികയായിരുന്നു പതിവ്. ഇങ്ങനെ കൂടുതൽ പേർ എത്താൻ തുടങ്ങിയതോടെ അധികൃതർ കർശന പരിശോധന നടത്തുകയായിരുന്നു.
ഐസിഎ ഗ്രീൻ സിഗ്നൽ ഇല്ലാതെ അബുദാബി വീസക്കാർ ഏതു വിമാനത്താവളം വഴി യുഎഇയിൽ പ്രവേശിച്ചാലും ചിലപ്പോൾ മടങ്ങേണ്ടിവരും. ടിക്കറ്റ് തുകയും നഷ്ടമാകും. വിദേശ എയർലൈനുകൾ അതതു മേഖലകളിലെ നിയമം അനുസരിച്ച് അനുമതി ലഭിച്ചവരെ മാത്രമാണ് എത്തിക്കുന്നത്. എന്നാൽ പ്രാദേശിക എയർലൈനുകളിൽ ചിലത് സ്വന്തം ഉത്തരവാദിത്തത്തിൽ യാത്രക്കാരെ കൊണ്ടുവരുന്നുണ്ട്. ഇങ്ങനെ വന്നവർക്കു യുഎഇയിൽ ഇറങ്ങാനായില്ലെങ്കിൽ വിനാനക്കമ്പനിക്കെതിരെ പരാതിപ്പെടാനാകില്ല.
അബുദാബിയിലെ നിയമം അനുസരിച്ച് 10 ദിവസം നിർബന്ധിത ക്വാറന്റീൻ ഉണ്ട്. ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകൾ വഴി വരുന്ന അബുദാബി വീസക്കാർക്കും ക്വാറന്റീൻ നിർബന്ധം. ഇങ്ങനെ വരുന്നവരെ വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ ഫലം അനുസരിച്ച് സർക്കാർ ചെലവിൽ തന്നെ അബുദാബിയിലെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിക്കുന്നു. ദുബായിൽ ക്വാറന്റീൻ കാലയളവ് പൂർത്തിയാക്കി അബുദാബിയിലേക്കു വരുന്നതിനും തടസ്സമില്ല.
കോവിഡ് മാനദണ്ഡം കർശനമായതിനാൽ അബുദാബി എമിറേറ്റിൽ ജോലി ചെയ്യുന്നവർക്കു നാട്ടിൽ പോയി മടങ്ങിയെത്താൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ ഗ്രീൻ സിഗ്നലും നിർബന്ധമാക്കിയിട്ടുണ്ട്. uaeentry.ica.gov.ae വെബ്സൈറ്റിലോ ഐസിഎ യുഎഇ ആപ്പിലോ അപേക്ഷിക്കണം. വെബ്സൈറ്റിൽ പ്രവേശിച്ച് അക്കൗണ്ടുണ്ടാക്കി എമിറേറ്റ്സ് ഐഡി നമ്പർ, കാലപരിധി, ഫോൺ നമ്പർ, ഇമെയിൽ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തി മതിയായ ഫീസടച്ച് അപേക്ഷിക്കാം. ഗ്രീൻ സിഗ്നൽ ലഭിക്കുന്നവരെ മാത്രമേ അബുദാബിയിലേക്കു പ്രവേശിപ്പിക്കൂ. അല്ലാത്തവർക്ക് നിശ്ചിത ദിവസം കാത്തിരിക്കാനുള്ള റെഡ് സിഗ്നൽ സന്ദേശമാണ് ലഭിക്കുക.