ദുബായ്: ട്വന്റി-20 ലോകകപ്പിന് പിന്നാലെ ടൂർണമെന്റിന്റെ ടീമിനെ പ്രഖ്യാപിച്ച് ഐസിസി. പ്ലെയിങ് ഇലവനും ഒരു റിസർവ് താരവും അടങ്ങുന്ന ടീമിൽ ഇന്ത്യ - വിൻഡീസ് താരങ്ങളാരും ഇടം പിടിച്ചില്ല. കമന്റേറ്റർമാരായ ഇയാർ ബിഷപ്, നതാലി ജെർമാനോസ്, ഷെയ്ൻ വാട്സൺ, മാധ്യമപ്രവർത്തകരായ ലോറെൻസ് ബൂത്ത്, ഷഹീദ് ഹാഷ്മി എന്നിവർ അടങ്ങുന്ന സെലക്ഷൻ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്.

കിരീടം നേടിയ ഓസ്ട്രേലിയയിൽ നിന്ന് മൂന്നു പേർ, റണ്ണറപ്പുകളായ ന്യൂസീലൻഡിൽ നിന്ന് ഒരാൾ, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽ നിന്ന് രണ്ട്, പാക്കിസ്ഥാനിൽ നിന്ന് ഒന്ന്, സൂപ്പർ 12-ൽ പുറത്തായ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളിൽ നിന്ന് രണ്ടു പേർ വീതവും ലോകടീമിൽ ഇടം പിടിച്ചു.

 

പാക് താരം ബാബർ അസമാണ് ടീം ക്യാപ്റ്റൻ. പരമ്പരയുടെ താരമായ ഡേവിഡ് വാർണർക്കൊപ്പം ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലറാണ് ഇന്നിങ്സ് ഓപ്പൺ ചെയ്യുക.ബാബർ അസം വൺഡൗണായി എത്തുന്ന ടീമിൽ ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് നാലാം നമ്പറിൽ. ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രാം, ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി എന്നിവരാണ് മധ്യനിരയിൽ.

ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും ഓസീസിന്റെ ആഡം സാംപയും സ്പിന്നർമാരായി ടീമിലെത്തി.ഓസീസ് താരം ജോഷ് ഹെയ്‌സൽവുഡ്, ന്യുസീലൻഡിന്റെ ട്രെന്റ് ബോൾട്ട്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോർട്യ, എന്നിവരാണ് പേസർമാർ. പാക് പേസർ ഷഹീൻ ഷാ അഫ്രീദിയെ പന്ത്രണ്ടാമനായും തെരഞ്ഞെടുത്തിട്ടുണ്ട്

ടൂർണമെന്റിൽ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ ഇംഗ്ലീഷ് താരം മോയിൻ അലി, വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതുള്ള ലങ്കയുടെ വാനിൻഡു ഹസരംഗ എന്നിവരാണ് ഓൾറൗണ്ടർമാർ. ലോകകപ്പിന്റെ സെമി കാണാതെ പുറത്തായ ഇന്ത്യൻ ടീമിലെ ഒരാൾ പോലും ഐസിസി ടീമിലിടം പിടിച്ചില്ല. ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഷഹീൻ പാക് പേസർ ഷഹീൻ അഫ്രീദിയെ പന്ത്രണ്ടാമനായി ഉൾപ്പെടുത്തിയപ്പോൾ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാന് ടീമിലിടമില്ല.