ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 2 -1 ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടിയേറ്റു. ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ബുമ്രക്ക് അവസാന മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്നു.

ബാറ്റിങ് റാങ്കിംഗിലും ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി നേരിട്ടു. ഫോം കണ്ടെത്താൻ വിഷമിക്കുന്ന വിരാട് കോലി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ അഞ്ചാം സ്ഥാനത്തുണ്ട്.

ബൗളർമാരിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയ ഇന്ത്യയുടെ യുസ്വേന്ദ്ര ചാഹൽ നാലു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് കയറി. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ പതിമൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ഹാർദ്ദിക് പാണ്ഡ്യ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ചാഹൽ ഏഴ് വിക്കറ്റെടുത്തപ്പോൾ പാണ്ഡ്യ ആറ് വിക്കറ്റും 100 റൺസും നേടി തിളങ്ങിയിരുന്നു.

അതേസമയം, ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ് ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ നാലു സ്ഥാനം താഴേക്കിറങ്ങി ആദ്യ 10ൽ നിന്ന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങിയ റിഷഭ് പന്ത് 25 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 52-ാം സ്ഥാനത്തെത്തിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ ബാറ്റിങ് റാങ്കിംഗിൽ 42-ാമതാണ്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കയുടെ റാസി വാൻഡർ ഡസ്സൻ മൂന്നാം സഥാനത്തേക്ക് ഉയർന്നു. പാക്കിസ്ഥാന്റെ ഇമാമുൾ ഹഖാണ് രണ്ടാം സ്ഥാനത്ത്.