ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ റെക്കോർഡ് നേട്ടത്തോടെ രോഹിത് ശർമ മുന്നോട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് എന്ന സവിശേഷതയുമായി എട്ടാം സ്ഥാനത്തെത്തി.

ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിൽ ആറു സ്ഥാനം കയറിയാണ് രോഹിത് ഇതാദ്യമായി എട്ടാം സ്ഥാനത്തേക്ക് കയറിയത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസൻ 919 പോയിന്റുമായി പട്ടികയിൽ ഒന്നാമതുണ്ട്. സ്റ്റീവ് സ്മിത്ത് (891), മാർനസ് ലബുഷെയ്ൻ (878), ജോ റൂട്ട് (853) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 161 റൺസെടുത്ത രോഹിത് മൂന്നാം ടെസ്റ്റിലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 66 റൺസടിച്ചിരുന്നു.

 അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സിലും രോഹിത്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചിൽ ഒന്നാം ഇന്നിങ്‌സിൽ 66 റൺസെടുത്ത രോഹിത്, രണ്ടാം ഇന്നിങ്‌സിൽ പുറത്താകാതെ 25 റൺസെടുത്ത് ശുഭ്മാൻ ഗില്ലിനൊപ്പം ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം സമ്മാനിച്ചിരുന്നു. ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ളവരെ രോഹിത് റാങ്കിങ്ങിൽ പിന്തള്ളി. പൂജാര റാങ്കിങ്ങിൽ 10ാം സ്ഥാനത്താണ്.

പാക്കിസ്ഥാൻ താരം ബാബർ അസം, ന്യൂസിലൻഡ് താരം ഹെന്റി നിക്കോൾസ് എന്നിവരാണ് ആറും എഴും സ്ഥാനങ്ങളിൽ. ഓസിസ് താരം ഡേവിഡ് വാർണർ ഒൻപതാം സ്ഥാനത്താണ്.

ഇതിനു മുൻപ് 2019 ഒക്ടോബറിൽ 722 പോയിന്റുമായി 10ാം സ്ഥാനത്തെത്തിയതായിരുന്നു രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്. ഇതു മറികടന്നാണ് 742 പോയിന്റുമായി ഇക്കുറി എട്ടാം റാങ്കിലെത്തിയത്.

ICC
 @ICC
India opener Rohit Sharma storms into the top 10 to a career-best eighth position in the latest
ICC Test Player Rankings for batting

ബോളർമാരുടെ പട്ടികയിൽ രവിചന്ദ്രൻ അശ്വിൻ നാലു സ്ഥാനം കയറി 823 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. 908 പോയിന്റുമായി പാറ്റ് കമിൻസ് ഒന്നാമതും നീൽ വാഗ്നർ 825 പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ജസ്പ്രീത് ബുമ്ര ഒൻപതാം സ്ഥാനത്തുണ്ട്. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ അക്‌സർ പട്ടേൽ 30 സ്ഥാനം കയറി 38ാം സ്ഥാനത്തെത്തി.