ദുബായ്: 2021-22 സീസൺ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തോടെ അവസാനിപ്പിച്ച് ഇന്ത്യ. രോഹിത് ശർമയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യയിൽ നടന്ന ട്വന്റി20 പരമ്പരകളിൽ മികവ് കാണിച്ചതോടെയാണ് ഐസിസിയുടെ വാർഷിക ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചത്. എന്നാൽ ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയക്കും പിന്നിലാണ് ഇന്ത്യ.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ച ഓസ്ട്രേലിയയേക്കാൾ 9 പോയിന്റ് പിന്നിലാണ് ഇന്ത്യ. ന്യൂസിലൻഡ് ആണ് ഏകദിന റാങ്കിങ്ങിൽ ഒന്നാമത്. 2021ലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര റാങ്കിങ്ങിൽ പരിഗണിച്ചിട്ടില്ല. മാറ്റിവെച്ച അഞ്ചാം ടെസ്റ്റിന്റെ ഫലം വന്നതിന് ശേഷമാവും ഇതിലെ പോയിന്റ് റാങ്കിങ്ങിൽ പരിഗണിക്കുക.

 

ടെസ്റ്റ് റാങ്കിങ്ങിൽ ന്യൂസിലൻഡ് ആണ് മൂന്നാം സ്ഥാനത്ത്. സൗത്ത് ആഫ്രിക്ക നാലാമതും. ഇംഗ്ലണ്ടിനെ പിന്തള്ളി പാക്കിസ്ഥാൻ അഞ്ചാം റാങ്ക് സ്വന്തമാക്കി. 1995ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് 88 എന്ന താഴ്ന്ന പോയിന്റിലേക്ക് എത്തുന്നത്.

ഏകദിനത്തിലേക്ക് വരുമ്പോൾ നാലാം റാങ്കിലാണ് ഇന്ത്യ. ഇംഗ്ലണ്ട് ആണ് രണ്ടാമത്. ഓസ്ട്രേലിയ മൂന്നാമതും പാക്കിസ്ഥാൻ അഞ്ചാമതും. 270 പോയിന്റോടെയാണ് ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത് നിൽക്കുന്നത്. ഇംഗ്ലണ്ട് ആണ് രണ്ടാമത്. പാക്കിസ്ഥാൻ മൂന്നാമതും സൗത്ത് ആഫ്രിക്ക നാലാമതും.