ദുബായ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ ഐ.സി.സി. റാങ്കിങ്ങിലും ഇന്ത്യയ്ക്ക് തിരിച്ചടി. പരമ്പര 2-1ന് പരാജയപ്പെട്ട ഇന്ത്യ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. രണ്ടു സ്ഥാനം നഷ്ടപ്പെട്ടാണ് മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ പിൻവാങ്ങിയത്.

ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 4-0ന് തകർത്തുവിട്ട ഓസ്ട്രേലിയയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 119 പോയന്റാണ് ഓസീസിനുള്ളത്. 117 പോയന്റുമായി ന്യൂസീലൻഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്ത്യയ്ക്ക് 116 പോയന്റാണുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചൂറിയനിൽ തകർപ്പൻ ജയം നേടിയ ശേഷം ജൊഹാനസ്ബർഗിലും കേപ്ടൗണിലും ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ചരിത്രവിജയം നേടിയ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിലെ പരമ്പര വിജയം ഇത്തവണ ലക്ഷ്യമിട്ടിരുന്നു. എന്നാൽ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ദക്ഷിണാഫ്രിക്ക 21ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനുശേഷം രണ്ടും മൂന്നും ടെസ്റ്റുകളിൽ തോൽവി വഴങ്ങിയാണ് ഇന്ത്യ ഒരിക്കൽക്കൂടി പരമ്പര കൈവിട്ടത്.