- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പവർ പ്ലേയിൽ പതിഞ്ഞ തുടക്കം; മധ്യ ഓവറുകളിൽ പോരാട്ടം നയിച്ച് കെയ്ൻ വില്യംസൺ; 48 പന്തിൽ 85 റൺസുമായി നായകൻ; ട്വന്റി20 ലോകകപ്പ് ഫൈനലിലെ ഉയർന്ന സ്‌കോർ പടുത്തുയർത്തി കിവീസ്; കിരീടത്തിലേക്ക് ഓസ്‌ട്രേലിയയ്ക്ക് 173 റൺസിന്റെ വിജയദൂരം
ദുബായ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഓസ്‌ട്രേലിയയ്ക്ക് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. 48 പന്തിൽ പത്ത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 85 റൺസ് എടുത്ത നായകൻ കെയ്ൻ വില്യംസനാണ് കിവീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത്. ജോഷ് ഹേസൽവുഡ് നാല് ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കുമാർ സംഗക്കാരയുടെ റെക്കോഡാണ് വില്യംസൺ മറികടന്നത്. സ്റ്റാർക്ക് എറിഞ്ഞ 11-ാം ഓവറിലെ നാലാം പന്തിൽ വില്യംസന്റെ ക്യാച്ച് ഹെയ്സൽവുഡ് നഷ്ടപ്പെടുത്തിയതിന് ഓസീസിന് വലിയ വില നൽകേണ്ടി വന്നു.
നിർണായകമായ ടോസ് നഷ്ടമായിട്ടും ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനെ മികച്ച സ്‌കോർ കണ്ടെത്താൻ സഹായിച്ചത് വില്യംസന്റെ ഒറ്റയാൾ പോരാട്ടമാണ്. ട്വന്റി20യിലെ തന്റെ കന്നി സെഞ്ചുറി 15 റൺസിനു നഷ്ടമായെങ്കിലും, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തെ ത്രസിപ്പിച്ച വില്യംസന്റെ തകർപ്പൻ ബാറ്റിംഗിന്റെ മികവിൽ ഓസ്‌ട്രേലിയയ്ക്കു മുന്നിൽ ഫൈനലിലെ ഏറ്റവും മികച്ച വിജയലക്ഷ്യമാണ് ഒരുക്കിയത്.
ട്വന്റി20 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കിവീസ് ഉയർത്തിയത്. 2016ലെ ലോകകപ്പ് ഫൈനലിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത വെസ്റ്റിൻഡീസിന്റെ റെക്കോർഡാണ് കിവീസ് മറികടന്നത്.
ട്വന്റി20 ലോകകപ്പ് ഫൈനലുകളിലെ ഉയർന്ന വ്യക്തിഗത സ്‌കോറെന്ന വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെ റെക്കോർഡിന് ഒപ്പമെത്തിയ വില്യംസൻ, 85 റൺസെടുത്ത് പുറത്തായി. 48 പന്തിൽ 10 ഫോറും മൂന്നു സിക്‌സും ഉൾപ്പെടുന്നതാണ് വില്യംസന്റെ ഇന്നിങ്‌സ്. കളത്തിലിറങ്ങി ആദ്യ 19 പന്തിൽ 18 റൺസ് മാത്രം നേടിയ വില്യംസൻ, അടുത്ത 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 67 റൺസ്!
ഓസീസ് ബോളർമാരിൽ വില്യംസന്റേത് ഉൾപ്പെടെ മൂന്നു വിക്കറ്റ് പിഴുത ജോഷ് ഹെയ്‌സൽവുഡിന്റെ പ്രകടനവും ശ്രദ്ധേയമായി. നാല് ഓവർ ബോൾ ചെയ്ത ഹെയ്‌സൽവുഡ് 16 റൺസ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുത്തത്. കൂറ്റൻ സ്‌കോറിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കിവീസിനെ 17ാം ഓവറിൽ ഗ്ലെൻ ഫിലിപ്‌സ്, വില്യംസൻ എന്നിവരെ പുറത്താക്കി ഹെയ്‌സൽവുഡാണ് പിടിച്ചുകെട്ടിയത്.
ഓപ്പണർ മാർട്ടിൻ ഗപ്ടിൽ (35 പന്തിൽ 28), ഡാരിൽ മിച്ചൽ (എട്ടു പന്തിൽ 11), ഗ്ലെൻ ഫിലിപ്‌സ് (17 പന്തിൽ 18) എന്നിവരാണ് കിവീസ് നിരയിൽ പുറത്തായ മറ്റുള്ളവർ. ജിമ്മി നീഷം ഏഴു പന്തിൽ 13 റൺസോടെയും ടിം സീഫർട്ട് ആറു പന്തിൽ എട്ടു റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 13 പന്തിൽ 24 റൺസ്. മൂന്നാം വിക്കറ്റിൽ 37 പന്തിൽനിന്ന് 68 റൺസ് കൂട്ടിച്ചേർത്ത വില്യംസൻ ഫിലിപ്‌സ് സഖ്യമാണ് കിവീസ് ഇന്നിങ്‌സിന്റെ നട്ടെല്ലായത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് പവർപ്ലേയിൽ പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. ആറ് ഓവർ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 32 റൺസെന്ന നിലയിലായിരുന്നു കിവീസ്. സെമിയിൽ കിവീസിനെ ജയത്തിലെത്തിച്ച ഡാരിൽ മിച്ചലിന് മികവ് ആവർത്തിക്കാനായില്ല. 11 റൺസെടുത്ത് മിച്ചൽ പുറത്തായി. കിവീസിന് നാലാം ഓവറിൽ തന്നെ ആദ്യം വിക്കറ്റ് നഷ്ടമായി. ഡാരിൽ മിച്ചലിനെ (11) ജോഷ് ഹെയ്സൽവുഡ് മാത്യു വെയ്ഡിന്റെ കൈയിലെത്തിക്കുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ ഒന്നിച്ച മാർട്ടിൻ ഗുപ്റ്റിൽ - വില്യംസൺ സഖ്യം 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി കിവീസ് ഇന്നിങ്സ് ട്രാക്കിലാക്കി. 12-ാം ഓവറിൽ ഗുപ്റ്റിലിനെ മടക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. റൺസ് കണ്ടെത്താൻ വിഷമിച്ച ഗുപ്റ്റിൽ 35 പന്തുകൾ നേരിട്ടാണ് 28 റൺസെടുത്തത്. മൂന്ന് ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.
തുടർന്നെത്തിയ ഗ്ലെൻ ഫിലിപ്പ്സിനെ കൂട്ടുപിടിച്ച് വില്യംസൺ കിവീസ് ഇന്നിങ്സ് ടോപ് ഗിയറിലാക്കി. 68 റൺസാണ് ഈ കൂട്ടുകെട്ട് കിവീസ് സ്‌കോർ ബോർഡിൽ ചേർത്തത്. 18-ാം ഓവറിൽ 17 പന്തിൽ നിന്ന് 18 റൺസെടുത്ത ഫിലിപ്പ്സിനെ പുറത്താക്കി ഹെയ്സൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അതേ ഓവറിലെ അഞ്ചാം പന്തിൽ വില്യംസണെ ഹെയ്സൽവുഡ് സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചു.
ഓസീസിനായി കൂടുതൽ തിളങ്ങിയത് നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ജോഷ് ഹെയ്‌സൽവുഡ് തന്നെ. നാല് ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ആദം സാംപയുടെ പ്രകടനവും ശ്രദ്ധേയമായി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങിയ പാറ്റ് കമ്മിൻസിന്റെ പ്രകടനവും ശ്രദ്ധേയമായി. മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 60 റൺസ് വഴങ്ങി.
ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഓസീസ് ടീം കളത്തിലിറങ്ങിയത്. കിവീസ് നിരയിൽ പരിക്കേറ്റ ഡെവോൺ കോൺവെയ്ക്ക് പകരം ടിം സെയ്ഫെർട്ടിനെ ഉൾപ്പെടുത്തി.
സ്പോർട്സ് ഡെസ്ക്