വിയന്ന: ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റി വിയന്നയിലെ വിവിധ ക്രൈസ്തവ സഭകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ മത്സരം ഡിസബംർ 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് മരിയ ലൂർദ്‌സ് പള്ളിയിൽ നടത്തും. വിയന്നയിലെ മലയാളി ക്രൈസ്തവരുടെ പ്രാർത്ഥനാ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും മനോഹരമായ ക്രിസ്മസ് കാലം അനുസ്മരിക്കുന്നതിനും ലക്ഷ്യമിട്ട് എല്ലാ വർഷവും സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ നിരവധി ഗ്രൂപ്പുകൾ പങ്കെടുക്കാറുണ്ട്.

മത്സരങ്ങൾ മൂന്ന് ഇനങ്ങൾ ആയാണ് നടത്തുന്നത്. ഗാനാലാപനം മാത്രം നടത്തുന്നതും ഗാനാലാപനത്തോടൊപ്പം ഉപകരണസംഗീതം, അഭിനയം എന്നിവ കൂടിയുള്ളതും ഉണ്ടാകും. റെക്കോർഡ് ചെയ്ത ഉപകരണ സംഗീതം അനുവദനീയമാണ്. എന്നാൽ റെക്കോർഡ് ചെയ്ത ഹമ്മിങ് അനുവദനീയമല്ല.

ഓരോ ടീമിലും മിനിമം അഞ്ച് വ്യക്തികളെങ്കിലും ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. മലയാളത്തിലുള്ള ക്രിസ്മസ് പാട്ടുകളോ ക്രിസ്തീയ ഗാനങ്ങളോ പാടാവുന്നതാണ്. എന്നാൽ ഒരു ടീമിന് ഒരു പാട്ട് മാത്രമാണ് പാടാൻ സാധിക്കൂ. ഒരു വ്യക്തി ഒരു പ്രാവശ്യം മാത്രമേ ഏതെങ്കിലും ടീമിൽ പാടുകയോ അഭിനയിക്കുകയോ ഉപകരണം വായിക്കുകയോ ചെയ്യാവൂ.

ജൂണിയർ വിഭാഗത്തിലും മത്സരങ്ങൾ ഉണ്ട്.  ജൂണിയർ വിഭാഗത്തിലുള്ളവർക്ക് അഭിനയിക്കാൻ മാത്രം സീനിയേഴ്‌സ് വിഭാഗത്തിൽ ചേരാവുന്നതാണ്. എന്നാൽ പാടാനോ ഉപകരണം വായിക്കാനോ പാടില്ല. സീനിയേഴ്‌സ് ഒരുവിഭാഗത്തിലും ജൂണിയേഴ്‌സിന്റെ ടീമിൽ ചേരാൻ പാടില്ല. ശ്രുതി, താളം, സ്വരലയം, വാക്കുകളുടെ വ്യക്തത, അവതരണമികവ് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് മാർക്ക് നൽകുന്നത്.

വിശദാംശങ്ങൾ ഐസിസിയുടെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിസംബർ ഏഴിനു മുമ്പായി പേരു രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 069911966771, 018174206