- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ ഏകദിന ലോകകപ്പ്; നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ; സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യം; മിതാലിയിലും മന്ഥാനയിലും പ്രതീക്ഷ അർപ്പിച്ച് ആരാധകർ

വെല്ലിങ്ടൺ: വനിതാ ഏകദിന ലോകകപ്പിൽ ചൊവ്വാഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ജയിച്ചേ തീരു. എട്ട് ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ നിലവിൽ അഞ്ച് കളികളിൽ രണ്ട് ജയങ്ങളുമായി ഇന്ത്യ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
എട്ട് ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ അഞ്ച് ജയവുമായി ഓസ്‌ട്രേലിയ സെമി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നാലു കളികളിൽ നാലും ജയിച്ച ദക്ഷിണാഫ്രിക്കയും സെമി ഏതാണ്ട് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോർ നേടിയിട്ടും ബൗളർമാർക്ക് പ്രതിരോധിക്കാനാവാഞ്ഞതും ബാറ്റിങ് നിര സ്ഥിരത പുലർത്താതുമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്.
ഓപ്പണിംഗിൽ ഷഫാലി വർമയെ നിലനിർത്തുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ മത്സരത്തിൽ ഷഫാലിയെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യിക്കാനുള്ള തീരുമാനം തിരിച്ചടിച്ചിരുന്നു. ഷഫാലി പുറത്തിരിക്കുകയാണെങ്കിൽ യാസ്തിക ഭാട്ടിയ ആകും സ്മൃതി മന്ഥാനക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുക.
ഓസ്‌ട്രേലിയക്കെതിരെ തോറ്റെങ്കിലും ക്യാപ്റ്റൻ മിതാലി രാജ് ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. തകർപ്പൻ സെഞ്ചുറിക്കുശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന മന്ഥാനയിൽ നിന്ന് ഇന്ത്യ വലിയൊരു ഇന്നിങ്‌സ് പ്രതീക്ഷിക്കുന്നുണ്ട്. മറുവശത്ത് കളിച്ച നാലു മത്സരങ്ങളിൽ ഒരെണ്ണം മാത്രമെ ജയിച്ചുള്ളൂവെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാൻ ബംഗ്ലാദേശിനായിരുന്നു. പാക്കിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കാനും ബംഗ്ലാദേശിനായി.
ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പാക്കിസ്ഥാൻ അപ്രതീക്ഷിത ജയം നേടിയതോടെ സെമി ഫൈനൽ സ്ഥാനത്തിനായുള്ള പോരാട്ടം കനത്തു. അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രം ജയിച്ച പാക്കിസ്ഥാന്റെ സെമി പ്രതീക്ഷ നേരത്തെ അസ്തമിച്ചിരുന്നെങ്കിലും ആറ് മത്സരങ്ങളിൽ മൂന്നാം തോൽവി വഴങ്ങിയ വിൻഡീസിന്റെ സെമി പ്രതീക്ഷകൾക്കുമേൽ കനത്ത പ്രഹരമായി ഇന്നത്തെ തോൽവി.
മൂന്നാം സ്ഥാനത്തുള്ള വിൻഡീസിന് ആറ് കളികളിൽ മൂന്ന് ജയവുമായി ആറ് പോയന്റുണ്ട്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് അഞ്ച് കളികളിൽ രണ്ട് ജയവുമായി നാല് പോയന്റാണുള്ളത്. നിലിവലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും അഞ്ച് കളികളിൽ നാലു പോയന്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റിലാണ് ഇന്ത്യ നാലാം സ്ഥാനത്ത് നിൽക്കുന്നത്. ആറാം സ്ഥാനത്തുള്ള ആതിഥേയരായ ന്യൂസിലൻഡിന് ആറ് മത്സരങ്ങളിൽ നാലു പോയന്റുണ്ട്. നാലു കളികളിൽ രണ്ട് പോയന്റു് മാത്രമുള്ള ബംഗ്ലാദേശും അഞ്ച് കളികളിൽ രണ്ട് പോയന്റുള്ള പാക്കിസ്ഥാനുമാണ് അവസാന രണ്ട് സ്ഥാനങ്ങളിൽ.


