ന്യൂഡൽഹി: ഐസ്‌ക്രീം പാർലർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന മുതിർന്ന സിപിഐ(എം) നേതാവു വി എസ് അച്യുതാനന്ദന്റെ ഹർജി തള്ളി. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു വി എസിന്റെ വാദം.

അതേസമയം, ഹർജി രാഷ്ട്രീയപ്രേരിതമെന്ന മുൻ യുഡിഎഫ് സർക്കാരിന്റെ വാദം തന്നെയാണ് ഇപ്പോഴും സർക്കാർ അഭിഭാഷകൻ സ്വീകരിച്ചത്. യുഡിഎഫ് സർക്കാർ മാറി എൽഡിഎഫ് സർക്കാർ എത്തിയിട്ടും നിലപാടു മാറ്റിയില്ല എന്നതാണു കേസിലെ പ്രത്യേകത.

കേസ് സിബിഐ അന്വേഷണത്തിനു വിടേണ്ട ഒരു സാഹചര്യവുമില്ലെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസെൽ ജി പ്രകാശൻ അറിയിച്ചു. അതേസമയം, വി എസിന് സുപ്രീം കോടതിയുടെ വിമർശനവും കേൾക്കേണ്ടി വന്നു. രാഷ്ട്രീയവൈരാഗ്യം തീർക്കാൻ കോടതിയുടെ സമയം കളയരുതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ കർശനമായി പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ യുഡിഎഫ് സർക്കാർ എതിർത്തിരുന്നു. സമാന നിലപാടു തന്നെയാണ് ഇപ്പോഴും സർക്കാർ പ്രതിനിധി സ്വീകരിച്ചത്.

വി. എസും കേസിൽ ആരോപണ വിധേയനായ പി.കെ.കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയ പ്രവർത്തകരാണെന്നു കോടതി നിരീക്ഷിച്ചു. കുഞ്ഞാലിക്കുട്ടിയോടുള്ള രാഷ്ട്രീയ വിരോധമാകാം വി എസ് ഹർജി നൽകാൻ കാരണം. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോടതിയെ ഉപയോഗിക്കരുതെന്നും നിരീക്ഷണമുണ്ടായി. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി അനുമതി നൽകി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ എന്തെങ്കിലും അതൃപ്തിയുണ്ടെങ്കിൽ വി എസിന് വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നു പറഞ്ഞ കോടതി ഹർജിയുടെ ശരിതെറ്റുകളിലേക്കു കടന്നില്ല. ആദ്യം വിചാരണ കോടതിയെ വേണം സമീപിക്കാൻ. തുടർന്ന് അതുമായി ബന്ധപ്പെട്ട ഉയർന്ന കോടതികളെയും സമീപിച്ചശേഷമേ സുപ്രീം കോടതിയെ സമീപിക്കാവൂ. നേരിട്ട് സുപ്രീം കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകൻ രൂക്ഷവിമർശനം ഉന്നയിച്ചു. കേസ് അട്ടിമറിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന് വിഎസിന്റെ അഭിഭാഷകൻ വാദിച്ചു. ദാമോദരന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടാണ് വി എസ് സ്വീകരിച്ചിരുന്നത്. അതേ നിലപാടിൽ നിന്നു പിന്നോട്ടുപോകില്ലെന്നാണ് ഇന്നും ദാമോദരനെതിരെ വിഎസിന്റെ അഭിഭാഷകൻ തിരിഞ്ഞതോടെ വ്യക്തമാകുന്നത്.

അതിനിടെയാണു വി.എസിന്റെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചത്. വി.എസിന്റെ ഹർജി അനുവദിക്കരുതെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സുപ്രീം കോടതി അല്ലെന്നുമാണ് സർക്കാർ അഭിഭാഷകൻ  വാദിച്ചത്. സർക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 20 വർഷമായ കേസിൽ പല തവണ അന്വേഷണം നടത്തി കോടതി തീർപ്പാക്കിയതാണ്. വീണ്ടും കേസ് കുത്തിപൊക്കി കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടാണു സർക്കാരെടുത്തത്.

ഐസ്‌ക്രീം പാർലർ കേസ് അന്വേഷിച്ച എസ്‌ഐടി സംഘം തന്നെ കേസ് അട്ടിമറിക്കപ്പെട്ടു എന്നു റിപ്പോർട്ട് നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹർജി. കേസിൽ ശരിയായ അന്വേഷണത്തിന് സിബിഐയെ നിയോഗിക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.

ഐസ്‌ക്രീംകേസ് അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

സ്‌ക്രീംകേസ് അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. മുൻപ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനുമായി തനിക്ക് വിരോധമൊന്നുമില്ല. തന്നെ വേട്ടയാടുന്ന തൽപരകക്ഷികൾ വേറെയുണ്ട്. വി.എസുമായി ഇപ്പോൾ തനിക്ക് നല്ല സൗഹൃദമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.