അബുദാബി: യുഎ ഇ യുടെ 49 മത് ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘൊഷിക്കാൻ ഐസിഎഫ് യുഎ ഇ തീരുമാനിച്ചു. സിറാജ് ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടികൾ ഒരുക്കുന്നത്. ജന്മനാനാടിനോടൊപ്പം അന്നം തരുന്ന നാടിനോടുമുള്ള സ്‌നേഹപ്രകടനമാണ് യുഎഇ ദേശീയദിനം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.

മുൻ വർഷങ്ങളിലും ദേശീയ ദിനത്തോടനുബന്ധിച്ചു വിവിധ ആഘോഷ പരിപാടികൾ ഐ സി എഫിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വർഷത്തെ പരിപാടികളെന്ന് നേതാക്കൾ വിശദീകരിച്ചു.

ദേശീയദിനമായ ഡിസംബർ 2 (ബുധൻ) വൈകുന്നേരം യുഎഇ സമയം 5.45 നു സൂമിൽ നടക്കുന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ഇന്ത്യയിലെ യുഎ ഇ അംബാസിഡർ അഹ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന ,പത്മശ്രീ എം എ യൂസഫ് അലി എന്നിവർ മുഖ്യാതിഥികളായിരിക്കും. കേരള മുസ്ലിം ജമാഅത്ത്, ഐസിഎഫ് ഗൾഫ് കൗൺസിൽ നേതാക്കൾക്ക് പുറമെ നാട്ടിലെയും യുഎ ഇ യിലെയും വിവിധ സാമൂഹ്യ സാംസ്‌കാരിക നായകന്മാരും സ്ഥാപന സാരഥികളും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും. നിരവധി പേർക്ക് പരിപാടിയിൽ പങ്കെടുക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കുട്ടികളുടെ ദേശീയ ഗാനാലാപനവും യുഎ ഇ യിലെ വിത്യസ്ത കലാപരിപാടികളും പരിപാടിയുടെ ഭാഗമായി നടക്കും. മുസ്തഫ ദാരിമി കടാങ്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ കമ്മിറ്റി യോഗം പരിപാടിക്ക് അന്തിമരൂപം നൽകി. ഹമീദ് ഈശ്വരമംഗലം, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഹമീദ് പരപ്പ, സമീർ അവേലം സംസാരിച്ചു.