ജിദ്ദ:യൗവ്വനം ധർമ്മം സമർപ്പണം, എന്ന പ്രമേയത്തിൽ ജിദ്ദ ICF വാർഷിക അസംബ്ലി 'കമ്യൂൺ' സമാപിച്ചു. ഓൺലൈൻ കോൺഫെറൻസ് വഴി നടന്ന കമ്യൂൺ ICF ജിസി അഡ്‌മിൻ സെക്രട്ടറി മുജീബ് എ ആർ നഗർ ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ എഴുപതോളം യൂണിറ്റുകളിലും പതിനഞ്ച് സെക്ടറുകളിലും അസംബ്ലികൾ പൂർത്തിയാക്കിയാണ് സെൻട്രൽ കമ്മ്യൂണിന് തുടക്കം കുറിച്ചത്. കോവിഡ് പാശ്ചാലത്തിൽ കൂടി ക്യാബിനറ്റ് വകുപ്പുകളായ അഡ്‌മിൻ & പിആർ, വെൽഫയർ, ദഅവ, ഓർഗനൈസേഷൻ, സർവ്വീസ്, എജ്യുക്കേഷൻ, പബ്ലിക്കേഷൻ, എന്നിവയുടെ വാർഷിക റിപ്പേർട്ടുകൾ ചർച്ചക്ക് വിധേയമാക്കി. കൗൺസിൽ കൺട്രോളർ ഐ സി എഫ് സൗദി നാഷണൽ സംഘടനാ പ്രസിഡണ്ട് നിസാർ കാട്ടിൽ വാർഷിക അസ്സംബ്ലിക്ക് നേതൃത്വം നൽകി. 

കഴിഞ്ഞ ഒരു വർഷക്കാലത്ത് സ്വാന്തന സേവന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ജിദ്ദ ഐസി എഫ്, പ്രവാസികളിലും നാട്ടിലുമായി 2.66 കോടി രുപ ചെലവഴിച്ചതായി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് അബ്ദുറഹിം വണ്ടൂർ അറിയിച്ചു. പ്രവാസി പുനരധിവാസം, ദാറുൽ ഖൈർ ഭവന നിർമ്മാണം, ചികിത്സാ സഹായങ്ങൾ, കോവിഡ് കാല ഭക്ഷ്യകിറ്റ് വിതരണം, സാമ്പത്തിക സഹായം, വിദ്യഭ്യാസ സഹായം, മഞ്ചേരി സാന്ത്വന സദനം, കവളപ്പാറ പ്രളയ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 08 വീടുകൾ തുടങ്ങി വിവിധ മേഖലകളിലാണ് ഇവ ചെലവഴിച്ചിട്ടുള്ളത്.

കോവിഡ് പ്രതിസന്ധി തീർത്ത അരക്ഷിത കാലത്തടക്കം ഐ സി എഫ് നടത്തുന്ന വലിയ സേവന സാന്ത്വന പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാണന്നും സമൂഹത്തിൽ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവർക്ക് താങ്ങും തണലുമാകാൻ പ്രവാസി മലയാളികൾ മുന്നോട്ട് വരണമെന്നും സന്ദേശ പ്രഭാഷണം നടത്തിയ അബ്ദുറഹ്മാൻ മളാഹിരി അഭ്യർത്ഥിച്ചു. വാർഷിക അസംബ്ലിയിൽ ശാഫി മുസ്ലിയാർ അധ്യക്ഷത വഹിച്ചു.

ഹസൻ സഖാഫി കണ്ണൂർ, ബഷീർ പറവൂർ, സൈനുൽ ആബിദീൻ തങ്ങൾ, മുഹമ്മദ് അൻവരി കൊമ്പം, യാസർ അറഫാത്ത് എ ആർ നഗർ, മുഹമ്മദ് സഖാഫി ഉഗ്രപുരം, ഹനീഫ പെരിന്തൽമണ്ണ, അബ്ദുൽ ഗഫൂർ പുളിക്കൽ, അബൂബക്കർ സിദ്ദീഖ് ഐക്കരപ്പടി, അഹ്മദ് കബീർ പെരുമണ്ണ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.