കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്‌കാരത്തിന് തെരെഞ്ഞെടുത്ത ഇറാം ഗ്രൂപ് സി എം ഡി സിദ്ദീഖ് അഹ്മദിനെ ഐ സി എഫ് സൗദി നാഷണൽ കമ്മിറ്റി ആദരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായങ്ങൾ സ്ഥാപിച്ച് തൊഴിൽ നിപുണരും അല്ലാത്തവരുമായ നിരവധി പേർക്ക് തൊഴിലും ജീവിതവും നൽകാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്. സൗദിയിലെ കിഴക്കൻ മേഖലകളിൽ തുടക്കമിട്ട് വിജയിപ്പിച്ചെടുത്ത വ്യവസായ സംരംഭങ്ങൾ ഒട്ടേറെ മലയാളി സംരംഭകർക്ക് മാതൃകയാവുകയും ചെയ്തിട്ടുണ്ട്.

ബിസിനസിനൊപ്പം ജീവകാരുണ്യ സേവനരംഗത്ത് വളരെ സജീവസാന്നിധ്യവുമായ സിദ്ദീഖ് അഹ്മദ്, ഐ സി എഫിന്റെ പലപ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. തന്റെ നിശ്ചയദാർഢ്യത്തിനും അർപ്പണബോധത്തിനും സിദ്ദീഖ് അഹ്മദിന് രാജ്യം നൽകിയ അംഗീകാരമാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരമെന്നും സിദ്ധീഖ് അഹ്മദിനൊപ്പം എല്ലാ മലയാളികളും ഇതിൽ ആഭിമാനിക്കുന്നുണ്ടെന്നുംഐ സി എഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.

ഐ സി എഫ് നാഷണൽ കമ്മിറ്റിയുടെ ഉപഹാരം സീനിയർ വൈസ് പ്രസിഡണ്ട് നിസാർ കാട്ടിൽ സിദ്ദീഖ് അഹ്മദിന് സമ്മാനിച്ചു. സംഘടനാ കാര്യ സെക്രട്ടറി ബഷീർ ഉള്ളണം, പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ, ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ, നാസർ ചിറയിൻകീഴ് സന്നിഹിതരായിരുന്നു