- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.യിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് അടിയന്തിര സഹായം എത്തിക്കണം - ഐ.സി.എഫ്
ജിദ്ദ: സൗദി ഗവണ്മെന്റ് താൽകാലികമായി 20 രാജ്യങ്ങളിൽ നിന്ന് യാത്രാ നിയന്ത്രണം ഏർപെടുത്തിയതിനാൽ, യു.എ.ഇയിൽ കുടുങ്ങിയ സൗദി പ്രവാസികൾക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ(ഐ.സി.എഫ് ) സൗദി ദേശീയ സമിതി ആവശ്യപ്പെട്ടു.
നേരത്തെ തന്നെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ, വിവിധ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയാണ് മലയാളികൾ അടക്കമുള്ള പലരും സൗദിയിലേക്ക് മടങ്ങിയിരുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തിയിരുന്നത് യു.എ.ഇ വഴിയുള്ള യാത്ര ആയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച സൗദി യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ 20 രാജ്യങ്ങളിൽ യു.എ.ഇയും ഉൾപെട്ടതിനാൾ ഈ താൽകാലിക മാർഗ്ഗവും അടഞ്ഞിരിക്കുകയാണ്. ഇത് മൂലം ആയിരകണക്കിന് മലയാളികളാണ് അവിടെ കുടുങ്ങി കിടക്കുന്നത്.
വിവിധ ട്രാവൽ ഏജൻസികൾ 15 ദിവസത്തെ പാക്കേജ് ആയാണ് ആളുകളെ യു.എ.ഇ യിൽ എത്തിച്ചിട്ടുള്ളത്. യു.എ.ഇ വിസ 40 ദിവസം വരെ മാത്രമെ ലഭിക്കുകയുള്ളൂ. പാക്കേജിൽ എത്തിയവർ യു.എ.ഇ യിലെ വിവിധ ഹോട്ടലുകളിലാണ് താമസിക്കുന്നത്. സൗദി വ്യോമ-,കര ഗതാഗതം പുനരാരംഭിക്കുന്നത് വരെ അവിടെ കഴിയാൻ പറ്റാത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്. നാട്ടിലേക്ക് തിരികെ പോകാൻ വിമാന ടിക്കറ്റ് ചാർജ്ജും വേണ്ടി വരുന്നു. ഗതാഗതം ആരംഭിക്കുന്നത് വരെ നോർക്കയുടെ നേതൃത്വത്തിൽ താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകണം. ഇതിന് നയതന്ത്ര, സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ അവിടെ കുടുങ്ങി കിടക്കുന്നവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് വിമാന സർവീസ് ഒരുക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ തയ്യാറാവണം.
സൗദിയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന 14 ദിവസത്തെ അന്യരാജ്യ കോറന്റയിൻ സംവിധാനം ഒഴിവാക്കി, എയർ ബബ്ൾ കാരാറിലൂടെ സൗദി പ്രവേശന വിലക്ക് ഒഴിവാക്കാനുള്ള ഇന്ത്യൻ എംബസിയുടെ ശ്രമങ്ങൾ പുതുതായി ഏർപെടുത്തിയ താത്കാലിക നിയന്ത്രണങ്ങൾക്ക് ആശ്വാസമാവുമെന്ന് ഐ.സി.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, മുജീബ് എ.ആർ.നഗർ, നിസാർ കാട്ടിൽ, അഷ്റഫ് അലി, ബഷീർ ഉള്ളണം, സലിം പാലച്ചിറ, അബൂസ്വാലിഹ് മുസ്ലിയാർ, അബ്ദു റഷീദ് സഖാഫി മുക്കം, അബ്ദുൽ ഖാദർ മാസ്റ്റർ, സുബൈർ സഖാഫി, അബ്ദുസ്സലാം വടകര, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു.