കോവിഡ് രണ്ടാംവ്യാപനം പ്രതിരോധിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും ക്രിയാത്മകമായ സമീപനവും മാസ്റ്റർ പ്ലാനും വേണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ലോകറെക്കോർഡ് ആണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ മാത്രം 3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്രയധികം രോഗികൾ ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 8ന് അമേരിക്കയിൽ 3,07,581 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് ഏറ്റവും ഉയർന്ന കണക്ക്.

ഒരു വർഷത്തിലേറെ സമയമെടുത്താണ് രാജ്യം കോവിഡിനെതിരെയുള്ള 'യുദ്ധം' നടത്തി വരുന്നത്. എന്നിട്ടു പോലും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പറയേണ്ടി വരും. വാക്സിൻ ക്ഷാമം, മെഡിക്കൽ ഓക്സിജന്റെയും ഐസിയു കിടക്കകളുടെയും ലഭ്യതക്കുറവ് തുടങ്ങിയ പോരായ്മകൾ രാജ്യവ്യാപകമായി ഉയർന്നു വരികയാണ്. പല സംസ്ഥാനങ്ങളിലെ കോവിഡ് മേൽനോട്ട സംവിധാനങ്ങൾ പൂർണമായും തകർന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വാക്‌സിനേഷൻ ക്യാംപുകൾ സ്റ്റോക്കില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.

കേന്ദ്രത്തോടു വാക്‌സീൻ ചോദിച്ചു കത്തയച്ചു കാത്തിരിക്കുകയാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ.ഓക്‌സിജൻ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷന്റെ ക്രമീകരണവും എങ്ങനെയാണെന്ന് കേന്ദ്രത്തോട് സുപ്രീം കോടതിക്ക് വിശദീകരണം തേടേണ്ട അവസ്ഥവരെ സംജാതമായിരിക്കുന്നത് ഭരണ സംവിധാനങ്ങളുടെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.