കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്‌സ് ആവിഷ്‌കരിച്ച കെയർ ഫോർ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്‌സിജന്റെ വർധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കിയാണ് മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. കേരള ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്‌മെന്റുകളുടെ സഹകരണത്തോടെ സർക്കാർ നിർദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്തു പ്ലാന്റ് സ്ഥാപിക്കുമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

ഇത് സംബന്ധമായി ഓൺലൈനിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പദ്ധതി പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ ഫൈസി വണ്ടൂർ, എസ് വൈ എസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി മുഹമ്മദ് പറവൂർ, വൈസ് പ്രസിഡന്റ് അബ്ദുസലാം മുസ്ലിയാർ ദേവർശോല, ഐ സി എഫ് ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി, നിസാർ സഖാഫി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.