ലോക ഫുട്‌ബോളിൽ ഇന്ത്യയിന്ന് കളിമികവിൽ ഒന്നുമല്ല. ഏഷ്യാകപ്പിൽ പോലും ശരാശരി നിലവാരത്തിൽ പന്തുതട്ടാൻ ഇന്ത്യയ്ക്കായിട്ടില്ല. ഈ യാഥാർത്ഥ്യത്തിൽ നിന്ന് കാൽപന്തുകളിയുടെ ഉയർച്ചയാണ് ലക്ഷ്യം. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്‌ബോൾ ഫെഡറേഷനും ചില കണക്കുകൂട്ടലുകളുണ്ട്. അതുകൊണ്ട് തന്നെ എന്തിനും ഏതിനും ഇന്ത്യയെന്ന പരിഗണന ഫിഫ നൽകുന്നു. ബ്രസീലിലെ ലോകകപ്പ് മത്സരങ്ങളുടെ സമയക്രമമൊരുക്കുമ്പോൾ പോലും ഈ ചിന്ത ഉണ്ടായിരുന്നത്രേ. പരമാവധി ഇന്ത്യാക്കാർക്ക് കളികാണാൻ പറ്റുന്ന വിധമാണ് കളികളുടെ സമയം നിശ്ചയിച്ചത്. അതുകൊണ്ട് ബ്രസീലിൽ ഉച്ചയ്ക്ക് പോലും പന്തുരുണ്ടു.

ഇന്ത്യയിലെ കാണികളെ ഫുട്‌ബോളിനോട് അടുപ്പിക്കുകയാണ് ഫിഫയുടെ ലക്ഷ്യം. അതിൽ അവർ വിജയിച്ചത് ഒരു പരിധിവരെ മാത്രം. ഫുട്‌ബോളിലേക്ക് ഇന്ത്യൻ വികാരം എത്തിക്കണമെങ്കിൽ ദേശീയ ടീം ശക്തമാകണം. അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടൽ ഇതിലെ അനിവാര്യതയാണ്. ഇതോടൊപ്പം ലോക നിലവാരമുള്ളർക്കൊപ്പം പന്തുതട്ടി വളരാൻ ഇന്ത്യയിലെ യുവ പ്രതിഭകൾക്ക് കഴിയുകയും വേണം. ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷനുമായി പല തലത്തിലുള്ള ചർച്ചകൾ നടന്നു. അതിനൊടുവിലാണ് ഇന്ത്യൻ സൂപ്പർ ലീഗെന്ന ആശയമെത്തുന്നത്.

കാൽപ്പന്തുകളിയിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ചരിത്രമുണ്ട്. ഒളിമ്പിക്‌സിന്റെ സെമയിലെത്തിയ ആദ്യ ഏഷ്യൻ രാജ്യമാണ് നമ്മൾ. അന്ന് ബൂട്ടിടാതെയാണ് ഇന്ത്യൻ താരങ്ങൾ ഗോളടിച്ചത്. 1948ലെ നേട്ടം പിന്നീടുണ്ടായില്ല. സാമ്പത്തിക പരാധീനതകളാണ് വിനയായത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് 1950 മുതൽ ഫിഫ ബൂട്ടിടൽ നിർബന്ധമാക്കി. ഇതോടെ ഇന്ത്യ പിൻവാങ്ങി. 1950ലെ ലോകകപ്പിൽ ഭീമമായ യാത്ര ചെലവ് കാരണം കളിക്കാർ പോയുമില്ല. ഇതോടെ ലോകശ്രദ്ധയിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോൾ പിൻവാങ്ങി.

1950ലെ ഇന്ത്യയല്ല ഇത്. പണക്കൊഴുപ്പിലൂടെ ക്രിക്കറ്റിൽ ഇന്ത്യ കറുത്ത കുതിരകൾക്കപ്പുറമെത്തി ലോക ഒന്നാം നമ്പറായി. ആഗോളീകരണത്തിൽ ക്രിക്കറ്റെന്ന കളിയെ വിപണനം ചെയ്താണ് മുന്നേറിയത്. ബോളിവുഡിനെ കൂട്ട് പിടിച്ചുണ്ടാക്കി ട്വന്റി ട്വന്റി പ്രിമിയർ ലീഗും തരംഗമായി. ഇതെല്ലാം ഫുട്‌ബോളും കണ്ടു പടിച്ചു. ബോളിവുഡിനേയും ക്രിക്കറ്റിനേയും കൂട്ടുപിടിച്ച് പണമൊഴുക്കി വിപണി പിടിച്ച് കളിയെ ജനപ്രിയമാക്കാൻ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ ശ്രമം. വിജയിച്ചാൽ അത് ലോകഫുട്‌ബോളിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവിന് കളമൊരുക്കും. അതുകൊണ്ട് ഇനിയുള്ള ദിനങ്ങൾ ഇന്ത്യൻ ഫുട്‌ബോളിന് നിർണ്ണായകമാണ്

സിനിമാക്കാരും ക്രിക്കറ്റുകളിക്കാരുമാണ് ഇന്ത്യൻ മനസ്സുകളിൽ നിറയുന്നത്. ഫുട്‌ബോളിന് വേണ്ടി ഇവരെ രണ്ട് കൂട്ടരേയും ഒപ്പം കൂട്ടുന്നു. പണമൊഴുക്കി ഇന്ത്യൻ സൂപ്പർ ലീഗിലൂടെ വിദേശ താരങ്ങളും എത്തും. ആദ്യ സീസൺ വിജയച്ചിൽ വൻ തുക നൽകി മെസിയേയും നെയ്മറേയും പോലും ഇന്ത്യൻ ടീമുകളുടെ ഭാഗമാക്കാൻ കഴിഞ്ഞേക്കും. ഇംഗ്ലീഷ് പ്രിമിയർ ലീഗും ലാ ലീഗയും ആകർഷിക്കുന്ന ഫുട്‌ബോൾ കാണികളുടെ മുഴുവൻ ശ്രദ്ധയും ഇന്ത്യൻ ലീഗിലെത്തിക്കാനുള്ള ആദ്യ ചുവടുവയ്ക്കാണ് ഐഎസ്എല്ലിന്റെ ആദ്യ സീസൺ.

എന്താണ് സൂപ്പർ ലീഗ്?

അലസാന്ദ്രോ ദെൽപിയറോ, ഡേവിഡ് ട്രസഗ്വെ, സീക്കോ, മാർക്കോ മറ്റരാസി, റോബർട്ട് പിറസ്, ഫ്രെഡറിക് ല്യുങ്ബർഗ്, നിക്കോളാസ് അനൽക്ക, ഡേവിഡ് ജെയിംസ്, ലൂയിസ് ഗാർഷ്യ.... ലോക ഫുട്‌ബോളിൽ ഒരുപിടി നക്ഷത്രങ്ങൾക്കൊപ്പം ഇന്ത്യയിലെ സൂപ്പർ താരങ്ങളും. സച്ചിൻ തെണ്ടുൽക്കർ, എം.എസ് ധോണി, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി തുടങ്ങിയ ക്രിക്കറ്റർമാരും ഹൃതിക് റോഷനും അഭിഷേക് ബച്ചനുമടങ്ങിയ വെള്ളിത്തിരയിലെ താരങ്ങളും നേർക്ക് നർ എത്തുന്നു. ഫുട്‌ബോളിനെ ലഹരിയിലെത്തിക്കാൻ വേണ്ട എല്ലാ വിഭവങ്ങളും ഐസി.എല്ലിൽ ചേരുംപടിയുണ്ട്.

ഐ ലീഗാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഫുട്‌ബോൾ ലീഗ്. സന്തോഷ് ട്രോഫിയാണ് പ്രധാന ദേശീയ ടൂർണ്ണമെന്റ്. തൊണ്ണൂറുകൾ വരെ സന്തോഷ് ട്രോഫിക്കും ഫെഡറേഷൻ കപ്പിനും കാണികൾ ഒഴുകിയെത്തുമായിരുന്നു. എന്നാൽ വിദേശ സ്പോർട്സ് ചാനലുകളുടെ വരവോടെ ലാ ലീഗയും ഇംഗ്ലീഷ് പ്രിമയർ ലീഗും ഇന്ത്യൻ വീടുകളിലുമെത്തി. കളി മികവ് ടിവിയിലൂടെ ഇന്ത്യ മനസ്സിലാക്കി. ഇതോടെ ലോക നിലവാരമില്ലാത്ത സന്തോഷ് ട്രോഫിക്കും ഫെഡറേഷൻ കപ്പിനും ആളു കുറഞ്ഞു. ഫെഡറേഷൻ കപ്പിൽ നിന്ന് ഐ ലീഗിലെത്തിയപ്പോഴും മാറ്റം ഉണ്ടായില്ല.

ഇവിടെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്രസക്തി. പ്രതിഭയുള്ള വിദേശ താരങ്ങളെ എത്തിച്ച് ഐഎസ്എല്ലിന്റെ കളി നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ടെലിവിഷൻ സംപ്രേഷണത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കും. ഇതിലൂടെ വരുമാനവും നേടാം. എല്ലാ വിപണനതന്ത്രങ്ങളുമായി ഇന്ത്യൻ ഫുട്‌ബോളിന്റെ മുഖം മാറ്റുന്ന പരീക്ഷണം. വിദേശ കോച്ചുകൾ, മികച്ച സംവിധാനങ്ങൾ അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ ലീഗ് ആകാനുള്ള എല്ലാ സാധ്യതകളുമായാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഒരുങ്ങുന്നത്.

ഫിഫയുടേയും ഏഷ്യൻ ഫുട്‌ബോൾ കോൺഫഡറേഷന്റേയും പൂർണ്ണ പിന്തുണ ഐഎസ്എല്ലിനുണ്ട്. 2010 ഡിസംബറിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ഐ.എം.ജിറിലയൻസ് ഗ്രൂപ്പുമായി ഒരു കരാർ ഒപ്പുവച്ചു. രാജ്യത്ത് പുതിയ ഒരു ഫുട്‌ബോൾ ലീഗ് തുടങ്ങാനുള്ള എല്ലാ സാമ്പത്തിക അധികാരവും സ്വാതന്ത്ര്യവും റിലയൻസിന് നൽകി. 15 വർഷത്തേക്ക് 700 കോടി രൂപ വിലയുള്ള കരാറാണ് തയ്യാറാക്കിയത്. അംബാനി കുടുംബത്തിലെ ഐ.എം.ജി റിലയൻസിന്റെ പ്രൊഫഷണൽ സമീപനമാണ് ഐഎസ്എല്ലിനെ ശ്രദ്ധേയമാക്കുന്നതും.

മറ്റു ലീഗുകളിൽ നിന്നു വ്യത്യസ്തമായി തരം ഉയർത്തൽ, തരം താഴ്‌ത്തൽ (പ്രൊമോഷൻ, റെലഗേഷൻ) രീതി ഐ.എസ്.എലിൽ ഇല്ല. ഒക്ടോബർ 12 മുതൽ ഡിസംബർ 20 വരെയാണ് ലീഗ് മത്സരങ്ങൾ. അതിന് ശേഷം സെമി ഫൈനൽ പോരാട്ടങ്ങൾ. ആദ്യ റൗണ്ടിൽ എട്ട് ടീമുകളും സ്വന്തം മൈതാനത്തും എതിരാളിയുടെ മൈതാനത്തുമായി പരസ്പരം രണ്ടു വീതം മത്സരങ്ങൾ കളിക്കും. റൗണ്ട് അവസാനിക്കുമ്പോൾ, മികച്ച നാലു ടീമുകൾ സെമി ഫൈനലുകൾക്ക് യോഗ്യത നേടും. സെമി പോരാട്ടങ്ങളും രണ്ടു പാദ മത്സരങ്ങളായിരിക്കും. യൂറോകപ്പ് മാതൃകയിൽ ഫൈനൽ ഒരു പാദമായിരിക്കും.

മാറ്റുരയ്ക്കുന്ന എട്ട് ടീമുകളിലെ ചാമ്പ്യന് വൻതുക പ്രതിഫലം. കളിക്കാർക്കും സാമ്പത്തിക ഭദ്രത ഉറപ്പ്. അങ്ങനെ കൂടുതൽ ചെറുപ്പക്കാരെ കളിയോട് അടുപ്പിക്കാനാണ് ശ്രമം. ആകെ 15 കോടിയുടെ സമ്മാനത്തുകയാണ് ഐ.എസ്.എൽ നൽകുന്നത്. ചാമ്പ്യന്മാർക്ക് എട്ട് കോടിയും റണ്ണേഴ്‌സ് അപ്പിന് നാലു കോടിയും ലഭിക്കും. സെമി ഫൈനലിൽ പരാജയപ്പെട്ടവർക്ക് 1.5 കോടി രൂപ വീതം ലഭിക്കും. ഇതു കൂടാതെ, ലീഗിൽ മത്സരിക്കുന്ന ടീമുകൾക്കെല്ലാം ലീഗിലെ സ്ഥാനം അനുസരിച്ച് 'പെർഫോമൻസ് ബോണസ്' എന്നു വിളിക്കാവുന്ന നിശ്ചിത തുകയും ലഭിക്കും.

താരലേലത്തിലൂടെയാണ് എട്ട് ടീമുകളും താരങ്ങളെ നിശ്ചയിച്ചത്. ഓരോ ടീമിനും ഐക്കൺ പ്ലയറായി(മാർക്വി പ്ലയർ) ആരെ വേണമെങ്കിലും ഉൾപ്പെടുത്താം. ഒരു മാർക്വീ താരത്തിനു പുറമെ ഏഴ് വിദേശ താരങ്ങൾ അടങ്ങുന്നതാണ് ഓരോ ടീമുകളും. ആരെ മാർക്വീ താരമാക്കണമെന്നതിൽ ക്ലബുകൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഇതിനു പുറമെ ഓരോ ടീമിലും 14 ഇന്ത്യൻ താരങ്ങൾ ഉണ്ടായിരിക്കണം. ഇതിനു പുറമെ ഏഴു കളിക്കാരെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാനുള്ള അധികാരവും ടീമുകൾക്കുണ്ടായിരുന്നു.

ഇന്ത്യയിൽ ഐ.എസ്.എലിന്റെ ഔദ്യോഗിക സംപ്രേഷണം സ്റ്റാർ സ്പോർട്സ് ചാനലിലായിരിക്കും. ഐ.എസ്.എലിന്റെ സ്ഥാപക സംഘത്തിലെ പ്രധാനികളാണ് സ്റ്റാർ സ്പോർട്സ് ഗ്രൂപ്പ്. സ്റ്റാർ സ്പോർട്സ് ഡോട് കോം എന്ന വെബ്‌സൈറ്റിലും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഓസ്‌ട്രേലിയയിൽ ഫോക്‌സ് സ്പോർട്സ് ഐ.എസ്.എൽ തത്സമയ സംപ്രേഷണം ചെയ്യും. സ്റ്റാർ ഗ്രൂപ്പിന്റെ ഭാഗമായി ഏഷ്യാനെറ്റ് മൂവി ചാനലിലൂടെ മലയാളം കമന്ററിയോടെയും തൽസമയം കാണാം.

ടീമുകൾ

കേരള ബ്ലാസ്റ്റേഴ്‌സ്

ഉടമകൾ-ഉടമസച്ചിൻ തെണ്ടുൽക്കർ, പ്രസാദ് പൊട്‌ലൂരി
കോച്ച് -ഡേവിഡ് ജയിംസ്
മാർക്വീ താരം-ഡേവിഡ് ജയിംസ്(ഇംഗ്ലണ്ട്, ഗോൾകീപ്പർ)

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അനുഭവസമ്പത്തുമായെത്തുന്ന ഇംഗ്ലണ്ടിന്റെ മൈക്കൽ ചോപ്രയും കാനഡയുടെ ഇയാൻ ഹ്യൂമും അടങ്ങുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. ഇംഗീഷ് ഗോൾ വല കാത്ത ഡേവിഡ് ജെയിംസ് കോച്ചും മാർക്വി താരവുമായി ടീമിനൊപ്പമുണ്ട്. ഇതിലെല്ലാം ഉപരി ഇന്ത്യൻ സ്‌പോർട്‌സിലെ എല്ലാമെല്ലാമായ സച്ചൻ തെണ്ടുൽക്കർ എന്ന ഉടമയാണ് ടീമിന്റെ കരുത്തും പ്രചോദനവും. ക്രിക്കറ്റിലെ സച്ചിൻ ആരാധകരെല്ലാം കേരളാ ബ്ലാസ്‌റ്റേഴ്‌സിനായി അണിനിരക്കുമെന്നാണ് പ്രതീക്ഷ. മ്പൻ താരങ്ങളില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് മികവ് കാട്ടാനുള്ള സന്തുലിതമായ കൂട്ടായ്മയാണ് ടീമിന്റെ കരുത്ത്. സുഷാന്ത് മാത്യു, സി.എസ്. സബീത്ത് എന്നിവരാണ് ടീമിലെ മലയാളിതാരങ്ങൾ

ടീം

സന്ദീപ് നൻഡി, ലൂയിസ് ബാരെറ്റൊ, സൗമിക് ഡേ, സന്ദേശ് ജിൻഗാൻ, ഗുർവീന്ദർ സിങ്, നിർമൽ ഛേത്രി, അവിനബോ ബാഗ്, രമൺദീപ് സിങ്, റെനെഡി സിങ്, സുശാന്ത് മാത്യു, ഗോഡ്‌വിൻ ഫ്രാങ്കോ, മെഹ്താബ് ഹൊസൈൻ, ദുലീപ് മേനോൻ, ഇഫ്താഖ് അഹമ്മദ്, മിലാഗ്രസ് ഗോൾസാൽവസ്, സി.എസ്. സബീത്. ഡേവിഡ് ജയിംസ്, സെഡ്രിക് ഹെൻഗ്ബർട്ട്, റാഫേൽ റോമി, ഇർവിൻ സ്പിറ്റ്‌സ്‌നർ, ജാമി മാക്അലിസ്റ്റർ, കോളിൻ ഫാൽവേ, പെൻ ഓർഗി, പെഡ്രോ ഗുസ്മാവോ, വിക്ടർ ഹെരോരൊ ഫോർകാഡ, മൈക്കിൾ ചോപ്ര, ഇയേൻ ഹ്യൂം, ആൻഡ്രു ബാരിസിക്.

അത്‌ലറ്റികോ ഡി കൊൽക്കത്ത

ഉടമകൾ-സൗരവ് ഗാംഗുലി, അത്‌ലറ്റികോ മാഡ്രിഡ്
കോച്ച്-അന്റോണിയോ ലോപ്പസ് ഹെബാസ്
മാർക്വീ താരം- ലൂയി ഗാർഷ്യ (സ്‌പെയിൻ)

സ്പാനിഷ് കൊൽക്കാത്താ മസാലയാണ് അത്‌ലറ്റികോ ഡി കൊൽക്കത്ത. ലാ ലിഗയിലെ നിലവിലെ ജേതാക്കളാണ് അത്‌ലറ്റികോ
മാഡ്രിഡ്. ലോക ഫുട്‌ബോളിലെ കരുത്തർ. മെസിയുടെ ബാഴ്‌സലോണയേയും ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റിയൽ മാഡ്രിഡിനേയും തകർത്ത് ലാ ലിഗയിൽ മുത്തമിട്ട ടീം. ഇന്ത്യൻ ക്രിക്കറ്റിന് ആത്മവിശ്വാസത്തിന്റെ ബ്രാൻഡ് നൽകിയ സൗരവ് ഗാഗുലിയെന്ന കൊൽക്കത്തയുടെ രാജകുമാരൻ. ഇരുവരും ഒന്നിക്കുന്നതാണ് ഐഎസ്എല്ലിലെ കൊൽക്കത്താ ടീമിന്റെ കരുത്ത്

മാർക്വീ താരം സ്‌പെയിനിന്റെ ലൂയി ഗാർഷ്യ നയിക്കുന്ന മധ്യനിരയാണ് കൊൽക്കത്ത ടീമിന്റെ ശക്തികേന്ദ്രം. ബാഴ്‌സലോണയ്ക്ക് കളിച്ചിട്ടുള്ള ജോഫ്രെ ഗോൺസാലസ്, മുൻ റയൽ താരം ബോർയെ ഫെർണാണ്ടസ്, ഇന്ത്യൻ താരങ്ങളായ ക്ലൈമാക്‌സ് ലോറൻസ്, കെവിൻ ലോബോ എന്നിവരും മധ്യനിരയിലുണ്ട്. മുഹമ്മദ് റാഫിയാണ് ടീമിലെ മലയാളി മുഖം

ടീം:
ബാഷിഷ് റോയ് ചൗധരി, അപൂല എഡിമ എഡൽ ബെറ്റെ, ബാസിലിയോ സാഞ്ചോ അഗുഡോ, അർനാബ് മൻഡൽ, ഡെൻസിൽ ഫ്രാങ്കോ, ബിസ്വജിത് സാഹ, സിൽവെയ്ൻ മോൺസെറ്യു, കിങ്ഷുക് ദേബ്‌നാഥ്, എൻ. മോഹൻരാജ്, ഹൊസെ മിഗ്വൽ ഗോൺസാലസ്,
ലൂയിസ് ഗാർസിയ, മുഹമ്മദ് മാമുനൽ ഇസ്‌ലാം മാമുൻ, ഒഫെന്റ്‌സെ നാറ്റോ, ജാക്കുബ് പോഡനി, കെവിൻ ലോബോ, ക്ലൈമാക്‌സ് ലോറൻസ്, ലെസ്റ്റർ ഫെർണാണ്ടസ്, രാകേഷ് മാസി, സഞ്ജു പ്രധാൻ, ബോർഗ ഫെർണാണ്ടസ്, ജോഫ്രി മാത്യു ഗോൺസാലസ്, ബൽജിത് സാഹ്നി, മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ്, അർണാൽ ലിബ്രട് കോർണെ്ട കാർബോ, ഫിക്രു ടെഫോറ ലെമോസ.

ചെന്നൈയിൻ എഫ്.സി.

ഉടമ-അഭിഷേക് ബച്ചൻ
കോച്ച്-മാർക്കോ മറ്റരാസി
മാർക്വീ താരം-എലാനോ ബ്ലൂമർ(ബ്രസീൽ)

സിനദിൻ സിദാനിയുടെ തലയ്ക്കടിയേറ്റ് വീണ മാർക്കോ മറ്റരാസി വെറുമൊരു ദുരന്ത നായകനല്ല. ഇറ്റലിക്ക് ലോക കിരീടം സമ്മാനിച്ച പ്രതിഭാധനനായ പ്രതിരോധ നിരക്കാരൻ. പ്രതിരോധം തന്നെയാണ് ചെന്നൈയുടെ കരുത്ത്. അതിനൊപ്പം ആവേശം വിതറുന്ന അഭിഷേക് ബച്ചനെന്ന ഉടമസ്ഥനും. കബഡി ടീമിൽ തന്റെ ടീമിനെ ഒന്നാമതെത്തിച്ച ആത്മവിശ്വാസം ബച്ചന് കൂട്ടിനുണ്ട്. മറ്റരാസിയുടെ തന്ത്രങ്ങളും സാന്നിധ്യവും ടീമിനെ ഒന്നാമനെത്തുമെന്നാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്രാൻഡ് നെയിമിന്റെ പിന്തുടർച്ച അവകാശപ്പെടുന്ന ടീമിന്റെ ആത്മവിശ്വാസം.

ബ്രസീലിന്റെ എലാനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈക്ക് സിൽവസ്റ്ററുമാണ് പ്രധാന താരങ്ങൾ കിട്ടിയതോടെ ഏറെ പ്രതീക്ഷയിലാണ്. ഫ്രാൻസിന്റെ മുൻ പി.എസ്.ജി. താരം ബെർണാഡ് മെൻഡി, കൊളംബിയയുടെ ജയ്‌റോ കാർവ്ജൽ മൈക്കൽ സിൽവസ്റ്റർ എന്നിവരാണ് പ്രതിരോധത്തിലെ കരുത്ത്. മധ്യനിരയിൽ മാഞ്ചസ്റ്റർ താരമായിരുന്ന ബോയാൻ യോർഡിക്കാകുമുണ്ട്. എൻ.പി. പ്രദീപും ഡെൻസൺ ദേവദാസുമാണ് ടീമിലെ മലയാളി താരങ്ങൾ

ടീം: അഭിജിത് മണ്ഡൽ, ഷിൽട്ടൺ പോൾ, ഗുരുമാംഗി സിങ്, ധനചന്ദ്ര സിങ്, കെലംബ മീട്ടി, അഭിഷേക് ദാസ്, ഹർമൻജോത് സിങ്, ഡെൻസൺ ദേവദാസ്, ഡാനി പെരേര, എൻ.പി. പ്രദീപ്, ജയ്‌സൺ വാലസ്, അന്തോണി ബറോസ, സുഖ്‌വീന്ദർ സിങ്, ജെജെ ലാൽപെകുല, ജയേഷ് റാണ, ബൽവന്ത് സിങ്, ഗെനേറോ ബാഴ്‌സിഗ്‌ലിയാനോ, ബർണാഡ് മെൻഡി, ജെയ്‌റോ സുവരസ്, മാർക്കോ മറ്റെരാസി, മൈക്കിൽ സിൽവസ്റ്റർ, ക്രിസ്റ്റിയൻ ഹിഡൽഗോ, ബോയൻ ജോർഡിച്ച്, ബ്രൂണോ പെലിസാരി, പിയറി ടിൽമാൻ, എലേനോ ബ്ലൂമർ, എഡ്വേർഡോ സിൽവ ലെർമ, ജോൺ സ്റ്റിവൻ മെൻഡോസ


മുംബയ് സിറ്റി എഫ്.സി

ഉടമകൾ-രൺബീർ കപ്പൂർ, ബിമൽ പരേഖ്
കോച്ച്-പീറ്റർ റീഡ്
മാർക്വീ താരം-ല്യുംഗ്ബർമ്മ

രൺബീറിന്റെ ഉടമസ്ഥതയിലുള്ള മുംബയ് സിറ്റി എഫ്.സിയിൽ ഇന്ത്യയിലെ ഒന്നാം നമ്പർ ഗോളി സുബ്രതാപാൽ, യുവ ഇന്ത്യൻ ഡിഫൻഡർ സെയ്ദ് റഹിം നബി, മിഡ് ഫീൽഡർ ലാൽരിൻഡിക രാൽതെ തുടങ്ങിയവരുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെയും സണ്ടർ ലാൻഡിന്റെയും മുൻ കോച്ച് പീറ്റർ റീഡാണ് മുംബയ് സിറ്റിയെ പരിശീലിപ്പിക്കുന്നത്. വിദേശ താരങ്ങളായ നിക്കോളാസ് അനൽക്കയും മാർക്വീ താരം ല്യുംഗ്ബർമ്മയും ആദ്യ മത്സരങ്ങളിൽ കളിക്കല്ല. അനൽകയ്ക്ക് ഫിഫാ വിലക്കും ല്യുംഗ്ബർമ്മയ്ക്ക് പരിക്കുമാണ് തടസം. ഈ കടമ്പകൾ കടന്നാൽ മുബൈ സിറ്റി കരുത്തരാകും.

ടീം- ഇഷാൻ ദേബ്‌നാഥ്, സുബ്രതാ പോൾ, ആന്ദ്രെ പെരേര,  ദീപക് മൻഡൽ, പീറ്റർ കോസ്റ്റ, രാജു ഗെയ്ക്ക്‌വാദ്, സയ്യീദ് റഹീം നബി, പാവൽ സിമോസ്, ലായിസ് പോളാലിസ്, യോഹൻ ലെറ്റ്‌സെൽറ്റർ, മാന്വൽ ഫ്രിഡ്‌റിച്ച്, ഫ്രെഡറിക് ലഗുൻബർഗ്, ആസിഫ് കോട്ടയിൽ, ലാൽറിൻ ഫെല, ലാൽറിൻഡിക റാൽതേ, റാം മലിക്, ഫ്രാൻസിസ്‌കോ ലുക്യു, യാൻ സ്‌റ്റോഹാൻസൽ, തിയാഗോ റിബേറിയോ, അഭിഷേക് യാദവ്, നഡോംഗ് ബുടിയ, രോഹിത് മിർസ, സിൻഗം സുഭാഷ് സിങ്, സുശീൽ കുമാർ സിങ്, ഡിയേഗോ നദായ, നിക്കോളസ് അനാൽക്ക.

ഗോവ

ഉടമകൾ-വിരാട് കോലി, വേണുഗോപാൽ ദൂത്, ദത്താരാജ് സാൽഗോക്കർ, ശ്രീനിവാസ് ഡെംപോ
കോച്ച്-സീക്കോ
മാർക്വീ പ്ലയർ-റോബർട് പരസ്

സിക്കോയെന്നാൽ ഓടിയെത്തുക മഞ്ഞപ്പടയുടെ മുഖമാണ്. വെളുത്ത പെലെയെന്ന വിശേഷണത്തിന് ഉടമയായ സീക്കോ. കളിക്കളത്തിൽ എതിരാളിയെ വെട്ടിച്ചത് പ്രതിഭയ്‌ക്കൊപ്പം തന്ത്രങ്ങൾ കൊണ്ടു കൂടിയാണ്. ബ്രസീലിന്റെ മുന്നേറ്റക്കാരൻ പരിശീലക കുപ്പായത്തിലും തിളങ്ങി. മാർക്വൂ താരമായി ഫ്രാൻസിന്റെ റോബർട്ട് പരസും. പ്രതീക്ഷയോടെയാണ് ഗാവൻ ടീം ഐഎസ്എല്ലിൽ പന്തുതട്ടുക. എല്ലാറ്റിനുപരി ബംഗാളിൽ നിന്ന് ഇന്ത്യൻ ഫുട്‌ബോളിന്റെ ശക്തി തട്ടിയെടുത്ത സാൽഗോക്കറും ഡെംപോയും. ഇരുവരും ഇന്ത്യൻ ഫുട്‌ബോളിലെ ശത്രുപക്ഷകത്തായിരുന്നു. ഐഎസ്എല്ലിന്റെ വിജയത്തിനായി ഇവർ കൈകോർക്കുകയും ചെയ്യുന്നു. കൂട്ടിന് ഉടമയായി ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും പ്രതിഭ വിരാട് കോലിയും.

ടീം: ലക്ഷ്മികാന്ത് കട്ടിമണി, ഗുർപ്രീത് സിങ്, ദേബബ്രത റോയ്, പ്രാബിർ ദാസ്, നാരായൺ ദാസ്, റൗൽസൺ റോഡ്രിഗസ്, പീറ്റർ കാർവാലോ, ഷെയ്ഖ് ജുവൽ രാജ, ബിക്രംജിത് സിങ്, ക്ലിഫോർഡ് മിറാൻഡ, മാന്ദർ റാവു ദേശായി, ഗബ്രിയൽ ഫെർണാണ്ടസ്, റോമിയോ ഫെർണാണ്ടസ്, ഹോളിചരൺ നർസറെ, അൽവിൻ ജോർജ്, യാൻ സെഡ, മിറോസ്ലാവ് സ്ലിപിക, യൂനസ് ബെൻഗെലൺ, ജോർജി അർനോളിൻ, റോബർട്ട് പിയേഴ്‌സ്, എഡ്ഗാർ മാഴ്‌സെലിനോ, മിഗ്വൽ ഹെർലിൻ, ബ്രൂണോ പിൻചെറോ, ആന്ദ്രെ സാന്തോസ്, ടോൽഗേ ഓസ്ബി, സോഹിബ് ഇസ്‌ലാം അമിരി, റാണ്ടി മാർട്ടിൻസ്

ഡൽഹി ഡൈനാമോസ്

ഉടമ-ഡെൻ ടിവി നെറ്റ് വർക്ക്
കോച്ച്- ഹാം വാൻ വെൽദോവൻ
മാർക്വി താരം-ഡെൽപിയറോ

ലോകകപ്പിലെ ഇറ്റാലിയൻ വിജയനിമഷങ്ങൾ അനുഭവിച്ചറിഞ്ഞ ഡെൽപിയറോ തന്നെയാണ് ഡൽഹി ഡൈനാമോസിന്റെ കരുത്ത്. ഡെൽപിയാറോയുടെ ബൂട്ടുകൾ ഗോൾ നേടിയാൽ ഡൽഹി കുതിക്കും. ഡെൽ പിയറോയ്ക്കു പുറമേ ഡെന്മാർക്കിനുവേണ്ടി ഏഴു തവണ ദേശീയകുപ്പായത്തിൽ ഇറങ്ങിയിട്ടുള്ള സ്‌ട്രൈക്കർ മാഡ്‌സ് ജുങ്കർക്കും ടീമിന്റെ ശക്തിയാണ്. ബ്രസീലിൽനിന്നുമുള്ള യുവ മധ്യനിരതാരം ഗുസ്താവോ മാർമെന്റിനിയിലും പ്രതീക്ഷ ഏറെ. ബൽജിയത്തിൽനിന്നുമെത്തിയ ലോകത്തെ ഏറ്റവും ഉയരം കൂടി ഗോളി ക്രിസ്റ്റഫ് വാൻ ഹൗത്തും ഡൽഹിയുടെ കരുത്ത് കൂട്ടും. ഹോളണ്ട് ഫുട്‌ബോൾ ക്ലബ് വമ്പന്മാരായ ഫിയനൂർഡ് റൂട്ടർഡം ഡൈനാമോസിനു എല്ലാ സാങ്കേതിക സഹായവും നൽകുന്നുണ്ട്

ടീം- ജഗ്‌രൂപ് സിങ്, അൻവർ അലി, റോബെർട്ട് ലാൽത്‌ലാമൗന, നോബാ സിങ്, ഷൗവിക് ഘോഷ്, മുൺമുൺ ലുഗുൻ, ഗോവിൻ സിങ്, ഷൈലോ മൽസോന്തുലാങ്ക, ഫ്രാൻസിസ് ഫെർണാണ്ടസ്, മനീഷ് ഭാർഗവ്, അദിൽ ഖാൻ, സ്റ്റീവൻ ഡയസ്, സൗവിക് ചക്രവർത്തി, മനൻദീപ് സിങ്, ക്രിസ്റ്റഫ് വാൻ ഹൗത്, മാർക്ക് ചെക്, വിം റേമീക്കേഴ്‌സ്, സ്റ്റിയൻ ഹൗബൻ, ബ്രൂണോ ഹെരേരോ അരിയസ്, ഹാൻസ് മുൾഡർ, ഹെന്റിക് ഡിനിസ്, ഗുസ്താവോ മാർമെന്റിനി, പാവൽ ഏലിയാസ്, മോർട്ടൻ സ്‌കൂബോ, മഡാസ് ജുങ്കർ, അലസാൻഡ്രൊ ഡെൽപിയറോ

പൂന സിറ്റി എഫ്‌സി

ഉടമകൾ-ഹൃത്വിക് റോഷൻ, വദാവൻ ഗ്രൂപ്പ്, ഫിയറന്റീന
കോച്ച്-ഫ്രാൻസ്‌കോ കൊളംബസ്
മാർക്യൂ താരം-ഡേവിഡ് ട്രെസഗെ

ഇറ്റാലിൻ സീരി എ ടീം ഫിയറന്റീന പൂന എഫ്‌സിയെ സ്വന്തമാക്കി. ബോളിവുഡ് നടൻ ഹൃത്വിക് റോഷനും ടീമിന്റെ ഉടമകളിൽ ഒരാളാണ്. ഫിയറന്റീനയുടെ ടീമെന്ന നിലയിൽ പൂനയുടെ പരിശീലനങ്ങൾ നടന്നത് ഫിയറന്റീനയുടെ കളത്തിലായിരുന്നു. ഡേവിഡ് ട്രെസഗെയാണ് ടീമിന്റെ കരുത്ത്. ഫ്രഞ്ച് മുന്നേറ്റങ്ങൾ നയിച്ച ട്രെസെഗെ ഫോമിലെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. പ്രതിരോധത്തിൽ പരിചയസമ്പന്നനായ ഇറ്റലിയുടെ ബ്രൂണോ സിറിലോയുമുണ്ട്. ഇറ്റലിയുടെ തന്നെ ഡാനിയൽ മാഗ്‌ലിയോചെറ്റി, കൊളംബിയയുടെ ആന്ദ്രെ ഗോൺസാലസ്, ഇന്ത്യയുടെ ധർമരാജ് രാവണൻ എന്നിവരും പ്രതിരോധത്തിൽ കോട്ട തീർക്കും. ബോളിവുഡിലെ സൂപ്പർ താരം ഹൃത്വിക് റോഷന്റെ ഉടമയെന്ന സാന്നിധ്യവും ടീമിന് മൂതൽക്കൂട്ടാകും.

ടീം-ധർമരാജ് രാവണൻ, അനുപം സർക്കാർ, പ്രീതം കോട്ടൽ, ദീപക് ദേവ്‌റാണി, മെഹ്‌റാജുദിൽ വാഡു, മനീഷ് മൈഥാനി, ഇസ്രാലി ഗുരുംഗ്, തപൻ മെയ്തി, അശുതോഷ് മേത്ത, പ്രഥിക് ഷിൻഡെ, ജോവാക്വിം അബ്രറാച്ചെസ്, അരിൻഡം ഭട്ടാചാര്യ, ലളിത് ഥാപ്പ, എമ്മാനുവൽ ബെലാർഡി , ഡേവിഡ് ട്രെസ്‌ഗെ, ബ്രൂണോ സിറിലോ, ഡാനിയൽ മാഗ്‌ലിയോചെറ്റി, ആന്ദ്രെസ് ഫിലിപ്പ് ഗോൺസാലസ്, കോസ്റ്റസ് കാറ്റ്‌സുറാനിസ്, ഡേവിഡ് കോളംബ, സെയ്ദു മാഡി, ഒമർ ആന്ദ്രെസ് റോഡ്രിഗസ്, പാർക്ക് ക്വാംഗ്, ലെനി റോഡ്രഗെസ്, ഇവാൻ ബൊലാഡോ പാലാസിയോ, ഡുഡു ഒമാഗ്‌ബെമി, ഡേവിഡ് ട്രെസഗെ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 

ഉടമകൾ-ജോൺ എബ്രഹാം, ഷിലോങ് ലജോങ്
കോച്ചി-റിക്കി ഹെർബെർട്ട്
മാർക്യൂ താരം-യുവാൻ കാപ്‌ഡെവി

കോൽക്കത്തയ്‌ക്കൊപ്പം ഇന്ത്യൻ ഫുട്‌ബോളിനു മികച്ച കളിക്കാരെ നൽകിയിട്ടുള്ള നോർത്ത് ഈസ്റ്റ് മേഖലകളിൽ ഫുട്‌ബോൾ കൂടുതൽ ആവേശം ഉയർത്താനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ബോളിവുഡ് നടൻ ജോൺ ഏബ്രഹാമിന്റെയും ഐ ലീഗ് ക്ലബ് ഷില്ലോംഗ് ലജോംഗിന്റെയും ഉടമസ്ഥതയിലുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മികച്ച താരങ്ങളുടെ നിരയുണ്ട്. ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയമാണ് നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട്. പതിമൂന്നിനു നടക്കുന്ന ലീഗിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സാണ് എതിരാളികൾ.

മുൻ സ്പാനിഷ് താരം യോവാൻ കാപ്‌ഡെവിയയാണ് ടീമിന്റെ മാർകീ പ്ലയർ.

ടീം- അലക്‌സണ്രേ്ടാസ് സോർവാസ്, കുൻസാംഗ് ബുടിയ, ടി.പി. രെഹെനേഷ്, യോവാൻ കാപ്‌ഡെവിയ, അയ്‌ബോർലാംഗ് ഖോംഗി, ജിബോൺ സിങ്, മാസാംബ ലോ സാംബു, മിഗ്വൽ ഏയ്ഞ്ചലോ മോയിട്ട ഗാർസിയ, പ്രിതം കുമാർ സിങ്, റോബിൻ ഗുർനാഗ്, തോമസ് ജോസൽ, അലൻ ഡിയോറെ, ബോയിതംഗ് ഹോകിപ്, ഡേവിഡ് ഗായിഹത്, ഡോ ഡോംഗ് ഹുയൻ, ഗിൽഹെറെം ഫിലിപ് കാസ്‌ട്രോ, ഐസക് ചാൻസ, കോഡ്വാനി ടോംഗ, മിലാൻ സിങ്, സോഡിങ്‌ലിയാ, കോർണൽ ഗ്ലെൻ, ദുർഗ ബോറോ, ജയിംസ് കീൻ, ലൂയിസ് അൽഫ്രഡോ യാനേസ്, റാൻഡിം താംഗ്, സിമിൻലെൻ ഡോംഗെൽ, സെർജിയോ കോൺട്രെറാസ്