ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുമ്പോൾ കർശനമായ മുന്നറിയുമായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് രംഗത്ത്. കർശനമായ സാമൂഹ്യ അകലമാണ് കോവിഡിന് ശരിയായ വാക്‌സിൻ. സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയിൽനിന്ന് 30 ദിവസത്തിനകം ചുരുങ്ങിയത് 406 പേർക്കുവരെ രോഗം വരാമെന്നും ഐസിഎംആറിന്റെ കണ്ടെത്തൽ.

സാമൂഹിക അകലം പാലിക്കുന്നതിൽ ചെറിയ വീഴ്ച സംഭവിച്ചാൽ പോലും അപകട സാധ്യത വളരെ കൂടുതലായിരിക്കും. 50 ശതമാനം വീഴ്‌ച്ച സംഭവിച്ചാൽ 15 പേർക്ക് വരെ രോഗബാധ ഉണ്ടാകാം. 75 ശതമാനം പാലിക്കാനായാൽ വെറും 2.5 പേർക്കേ സാധ്യതയുള്ളൂ.

ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാൻ ഏറ്റവും മികച്ച മാർഗമെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങൾ ഇടവേളക്കു ശേഷം കർശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഐ.സി.എം.ആർ പഠനം. സാമൂഹിക അകലം സാമൂഹിക വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോ. സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.

വൈറസ് ബാധയുണ്ടായതിന് ആശുപത്രിയിൽ അഭയം തേടുന്നത് ഒഴിവാക്കണമെന്നും അത് അനാവശ്യ ഭീതി സൃഷ്ടിക്കാനേ കാരണമാകൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിൽ പരിചരണം പൂർണമായി ലഭിക്കാൻ സാരമായി ബാധിച്ചവർ മാത്രം ഉണ്ടാകുന്നതാണ് നല്ലതെന്നും മറ്റുള്ളവരിൽ ഭീതി വ്യാപിക്കാൻ ഇത് കാരണമാകുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലോക്ഡൗൺ നടപ്പാക്കേണ്ടതുണ്ടെന്നും നീതി ആയോഗ് ആരോഗ്യ വിഭാഗത്തിലെ വിദഗ്ദ്ധർ പറഞ്ഞു.