മനാമ:ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി നടത്തുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കമായി. റാസ് സുവൈദിലെ ചാപ്പോ ലേബർ ക്യാമ്പിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസതവ വിശിഷടാതിഥിയായി. ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ച എല്ലാ മാർഗനിർദേശങ്ങളും മുൻകരുതലുകളും പാലിക്കണമെന്ന് തൊഴിലാളികളെ ഓൺലൈനിൽ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഈദ് ആഘോഷവേളയിൽ കമ്യൂണിറ്റി അംഗങ്ങളിലേക്ക് എത്താനുള്ള ഐ.സി.ആർ.എഫിന്റെ സംരംഭത്തിന് അംബാസഡർ അഭിനന്ദനം അറിയിച്ചു.

കോവിഡിനെതിരായ മുൻകരുതൽ നടപടികൾ ഡോ. ബാബു രാമചന്ദ്രൻ വിശദീകരിച്ചു. തുടർന്ന്, കോവിഡ് പ്രോട്ടോകോൾ പാലിച്ച 700ഓളം തൊഴിലാളികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയതു. കോവിഡ് ബോധവതകരണ ഫ്‌ളയറുകളും വിതരണം ചെയതു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, അഡൈ്വസർ ഭഗവാൻ അസർപോട്ട, ഐ.സി.ആർ.എഫ് വളന്റിയർമാരായ സുധീർ തിരുനിലത്ത്, മുരളീകൃഷണൻ, ജവാദ് പാഷ, ചാപ്പോ കമ്പനി പ്രതിനിധി ബിനു മണ്ണിൽ, സുനിൽ ലാൽ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. അടുത്ത ബോധവതകരണ പരിപാടി മെയ്‌ 21, 28 തീയതികളിൽ നടക്കും.