ന്യൂഡൽഹി: സൗജന്യ ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിച്ചു മുന്നേറുന്ന റിലയൻസ് ജിയോയുടെ വെല്ലുവിളി അതിജീവിക്കാനായി ഐഡിയയും വൊഡാഫോണും ലയിക്കാൻ ഔദ്യോഗികമായി തീരുമാനിച്ചു. ലയനത്തിന് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ലയനം സാധ്യമാകുന്നതോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി ഇവർക്ക് സ്വന്തമാകും. ഇരു കമ്പനികൾക്കും കൂടി നിലവിൽ 40 കോടി ഉപഭോക്താക്കളാണുള്ളത്.

ലയനം സംബന്ധിച്ച് ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 'റിലയൻസ് ജിയോ' വമ്പൻ സൗജന്യ ഓഫറുകളുമായി കഴിഞ്ഞ സെപ്റ്റംബറിൽ രംഗത്തെത്തിയതോടെ ഇന്ത്യൻ ടെലികോം വിപണിയിലുണ്ടായ വൻ മാറ്റമാണ് വോഡഫോണിന്റെ ഇന്ത്യയിലെ ബിസിനസ് ഐഡിയയിൽ ലയിപ്പിക്കാൻ പ്രേരിപ്പിച്ചത്.

പുതിയ കമ്പനിയിൽ വൊഡാഫോണിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. 3874 കോടിയുടെ നിക്ഷേപമാണ് വോഡഫോൺ നടത്തും. കമ്പനി ചെയർമാനെ നിയമിക്കാനുള്ള അവകാശം ഐഡിയയുടെ ഉടമസ്ഥരായ ആദിത്യ ബിർള ഗ്രൂപ്പിനായിരിക്കും. 2018 ഓടെ ലയനം പൂർത്തിയാകും. ലയന തീരുമാന പ്രകാരം വൊഡാഫോണിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഐഡിയക്ക് അവകാശമുണ്ടായിരിക്കും.

ലയനം നടന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള കമ്പനിയെന്ന സ്ഥാനം എയർടെല്ലിന് നഷ്ടമാകും. 27 കോടി ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്. വിപണി വിഹിതത്തിൽ രാജ്യത്തെ നമ്പർ വൺ സ്ഥാനവും എയർടെല്ലിന് നഷ്ടമാകും. 33 ശതമാനമാണ് എയർടെല്ലിന്റെ വിപണി വിഹിതം. 23 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 19 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ഒന്നുചേരുന്നതോടെ ഇരുകമ്പനികളുടേയും ഒന്നിച്ചുള്ള വിപണിവിഹിതം 43 ശതമാനമായി ഉയരും.

സൗജന്യ സേവനങ്ങളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റു ടെലികോം കമ്പനികളിൽ നിന്നും യൂസർമാർ കൂട്ടത്തോടെ ജിയോയിലേക്ക് ചേക്കേറിയിരുന്നു. ജിയോയെ ഒറ്റയ്ക്ക് എതിരിടാൻ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് വൊഡാഫോണും ഐഡിയയും ലയന തീരുമാനവുമായി മുന്നോട്ടുവന്നത്.