- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടമലയാറിൽ പിള്ളയെ പൂട്ടിയ വി എസ്; കൊട്ടാരക്കരയിലെ നേതാവ് അഴിമതി കേസിൽ അറസ്റ്റിലായത് സുപ്രീംകോടതിയുടെ അന്തിമ വിധിക്ക് ശേഷം; ഇബ്രാഹിംകുഞ്ഞിനെ പിണറായി അകത്താക്കിയത് കുറ്റപത്രം പോലും ആകുന്നതിന് മുമ്പേ; പാലാരിവട്ടം കേസിൽ അറസ്റ്റ് അഴിമതി കേസിലെ കേരളത്തിലെ രണ്ടാം മുന്മന്ത്രിയുടേത്; വിൻസന്റിനും കമറുദ്ദീനും പിന്നാലെ ജയിലിലാകുന്ന ഈ സഭയിലെ മൂന്നാമനും
തിരുവനന്തപുരം: ആർ ബാലകൃഷ്ണപിള്ളയ്ക്കു ശേഷം അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മുന്മന്ത്രിയാണ് വികെ ഇബ്രാഹിംകുഞ്ഞ്. കോടതി വിധിക്ക് ശേഷമായിരുന്നു പിള്ളയുടെ അറസ്റ്റ്. എന്നാൽ കുറ്റപത്രത്തിനു മുമ്പേ കുഞ്ഞിന്റെ കൈയിൽ വിലങ്ങ് വീഴുന്ന സാഹചര്യം ഉണ്ടായി. ആശുപത്രിയിൽ ചികിൽസയിലായതു കൊണ്ട് മാത്രം ജയിലിലേക്ക് അയച്ചില്ല. അങ്ങനെ അഴിമതി കേസിൽ എഫ് ഐ ആർ ഇട്ട് അറസ്റ്റ് ചെയ്യുന്ന ആദ്യ മന്ത്രിയായി കേരളത്തിൽ ഇബ്രാഹിംകുഞ്ഞ് മാറുന്നു.
ഈ സർക്കാരിന്റെ കാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ എംഎൽഎയുമാണ് ഇബ്രാഹിംകുഞ്ഞ്.ഇടമലയാർ കേസിൽ 2011 ലാണ് പിള്ളയെ സുപ്രീംകോടതി ഒരു വർഷം കഠിനതടവിനു ശിക്ഷിച്ചത്. കേരളത്തിലെ ഒരു മുന്മന്ത്രിയെ അഴിമതിക്കേസിൽ സുപ്രീംകോടതി ശിക്ഷിക്കുന്നത് ആദ്യമായിരുന്നു. അതിന് ശേഷമായിരുന്നു ജയിൽ വാസം. പിന്നെ അസുഖത്തിന്റെ പേരിൽ ശിക്ഷ ഇളവും നൽകി. ജയിലിലും ആശുപത്രിയിലുമായി കുറച്ചു കാലം പിള്ള ശിക്ഷ അനുഭവിച്ചു.
ഇടമലയാർ പദ്ധതിയിൽ പ്രതികൾ ഗൂഢാലോചന നടത്തി വൈദ്യുതി ബോർഡിന് 2 കോടിയോളം രൂപ നഷ്ടമുണ്ടാക്കി എന്നതായിരുന്നു കേസ്. വി എസ്. അച്യുതാനന്ദനായിരുന്നു ഹർജിക്കാരൻ. 2015 ൽ പിള്ളയും പാർട്ടിയും യുഡിഎഫ് വിട്ട് ഇടതുപാളയത്തിലെത്തി. ഈ സർക്കാർ വന്ന ശേഷം അറസ്റ്റിലായ ആദ്യ എംഎൽഎ: എം. വിൻസന്റാണ്. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ 2017ജൂലൈ 22നായിരുന്നു അറസ്റ്റ്. അങ്ങനെ ഈ സർക്കാർ അറസ്റ്റു ചെയ്തവരെല്ലാം യുഡിഎഫുകാരായിരുന്നു. പാലക്കാട്ടെ നേതാവും എംഎൽഎയുമായ പികെ ശശിക്കെതിരേയും ആരോപണമെത്തി. എന്നാൽ ഇര പൊലീസിൽ പരാതി നൽകിയില്ല.
പീഡനക്കേസിൽ അറസ്റ്റിലായ വിൻസന്റിനെ ഏതാനും ദിവസങ്ങൾക്കു ശേഷം, ബവ്കോ ചില്ലറ മദ്യവിൽപനശാല ജനവാസകേന്ദ്രത്തിലേക്കു മാറ്റുന്നതിനെതിരായ സമരം നയിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ജൂവലറിയിൽ നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ തിരിച്ചു നൽകാതെ വിശ്വാസവഞ്ചന കാട്ടിയെന്ന കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീന്റേതാണു രണ്ടാമത്തെ അറസ്റ്റ്. നവംബർ 7നായിരുന്നു അറസ്റ്റ്. നവംബർ 17ന് ഇബ്രാഹിംകുഞ്ഞും. പക്ഷേ റിമാൻഡ് ചെയ്ത് ജയിലിലാക്കാൻ കേരളാ പൊലീസിന് കഴിഞ്ഞതുമില്ല. അസുഖവും ആശുപത്രി ചികിൽസയുമായിരുന്നു ഇതിന് കാരണം.
ഇടമലയാർ കേസിൽ ബാലകൃഷ്ണപ്പിള്ളയെ വെറുതെവിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദനാണ് സുപ്രീം കോടതിയിൽ ഹരജി നൽകിയത്. 20 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ നിർണ്ണായക വിധി 2011ൽ വന്നത്. ജസ്റ്റസുമാരായ ബി.സദാശിവം, വി എസ് ചൈഹാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. വി.എസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശാന്തിഭൂഷൺ വൈദ്യുതി മന്ത്രിയെന്ന നിലയിൽ ആർ ബാലകൃഷ്ണപിള്ള സ്വീകരിച്ച നടപടികൾ ക്രമക്കേടിനു വഴിവെച്ചുവെന്ന് വാദിച്ചു. വൈദ്യുതി ബോർഡിനെ നോക്കുകുത്തിയാക്കി മന്ത്രിയെന്ന നിലയിൽ പിള്ളയാണ് തീരുമാനങ്ങളെടുത്തിരുന്നത്. ടെൻഡർ തുക നിശ്ചയിക്കുന്നതിൽ മന്ത്രി നേരിട്ട് ഇടപെട്ടിരുന്നു. നേരത്തേ നൽകിയതിനേക്കാൾ ഏഴിരട്ടി തുകയാണ് പുതിയ കരാറുകാരന് പിള്ള ഇടപെട്ട് നൽകിയത്. മൂന്നു കൊല്ലത്തിനകം തുക ഏഴിരട്ടിയാവില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടമലയാർകേസിൽ വിധിപറയവേ സുപ്രീംകോടതി ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കൾ പ്രതിയായ കേസുകളുടെ വിചാരണവൈകുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ആളുകൾ ഉൾപ്പെടുന്ന കേസുകളുടെ അന്വേഷണവും വിചാരണയും വേഗത്തിലാക്കാൻ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇടമലയാർ അണക്കെട്ട് നവീകരണപ്രവർത്തനത്തിൽ കരാറുകാരന് അധികലാഭം ലഭിക്കാൻ ബാലകൃഷ്ണപിള്ള നീക്കംനടത്തിയെന്നത് തെളിഞ്ഞെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിതെന്നും എന്നാൽ ഒരുവർഷം വരെ വാദവും വിചാരണയും നീണ്ടതിനാൽ ശിക്ഷ ഒരുവർഷമാക്കി ചുരുക്കുകയാണെന്നും സുപ്രീംകോടതി വിധിപ്രഖ്യാപിക്കവേ വ്യക്തമാക്കിയിരുന്നു
1982 ൽ ഇടമലയാർ പദ്ധതിയുടെ ടണലും ഷാഫ്റ്റും നിർമ്മിക്കുന്നതിന് അധിക തുകയ്ക്ക കരാർ നൽകിയതു വഴി സംസ്ഥാന ഖജനാവിനു 2 കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണു കേസ്. 1985 ൽ വിജിലൻസ് കമ്മിഷൻ അന്വേഷിച്ച കേസാണിത്. ഇതേത്തുടർന്നു ജസ്റ്റിസ് സുകുമാരൻ അധ്യക്ഷനായ അന്വേഷണ സമിതിയും കേസ് അന്വേഷിച്ചു ബാലകൃഷ്ണപിള്ള അടക്കമുള്ളവരെ കുറ്റക്കാരാണെന്നു പ്രഖ്യാപിച്ചിരുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഇതിനെതിരേ വി എസ്. അച്യുതാനന്ദൻ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്നാണു വിചാരണ നടത്താമെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. വിചാരണ കോടതി ബാലകൃഷ്ണ പിള്ള ഉൾപ്പെടെ മൂന്നു പേർക്ക് അഞ്ചു വർഷം തടവ് വിധിച്ചു. ഇതിനെതിരേ നൽകിയ ഹർജിയിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ വി എസ്. അച്യുതാനന്ദൻ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.വി.എസിന്റെ പോരാട്ട വിജയം
ഇടമലയാർ കേസിൽ ആർ ബാലകൃഷ്ണപ്പിള്ളക്കെതിരെ വി എസ് അച്യുതാനന്ദൻ നടത്തിയ പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു ആ വിധി. 1998ലാണ് കേസിൽ ബാലകൃഷ്ണപ്പിള്ളയെ വെറുതെ വിട്ടുകൊണ്ട് കോടതി വിധിയുണ്ടാകുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയെങ്കിലും കീഴ്ക്കോടതി വിധി ഹെക്കോടതി അംഗീകരിച്ചു. ഇതിനെതിരെ സംസ്ഥാനം അപ്പീൽ ഹരജി പോവാൻ വിസമ്മതിച്ചപ്പോൾ പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദനാണ് 2005ൽ സുപ്രീം കോടതിയിൽ പോയത്. 2006ൽ അപ്പീൽ പരഗിണിച്ച കോടതി പിന്നീട് തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. ഇതെ തുടർന്ന് കേസ് വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് വി എസ് വീണ്ടും അപേക്ഷ നൽകി. ഇതനുസരിച്ചാണ് കോടതി കേസ് നടപടികൾ വേഗത്തിലാക്കി വിധി പ്രസ്താവിച്ചത്.
മറുനാടന് മലയാളി ബ്യൂറോ