ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ 'ഗ്രാമ്യം-2018' എന്ന ഗ്രാമീണ പ്രവാസി മേള അൽ ബിദാ പാർക്കിൽ 28 ഡിസംബർ വെള്ളിയാഴ്‌ച്ച ഉച്ചഭക്ഷണത്തോടെ ആരംഭിച്ചു. എടപ്പാളിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി പ്രവാസികൾ ഗ്രാമ്യത്തിൽ' പങ്കെടുത്തു.

പ്രസിഡന്റ് ഫസൽ റഹ്മാൻ സ്വാഗതം പറഞ്ഞു. വിവിധ കലാകായിക വിനോദമത്സരങ്ങൾ അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനം രക്ഷാധികാരി കെ മണികണ്ഠ മേനോനും എക്‌സിക്യൂട്ടീവ് അംഗങ്ങളും നിർവഹിച്ചു. 'ഇടപ്പാളയം എന്ന ആഗോള പ്രവാസി കൂട്ടായ്മയുടെ ആദർശം, ലക്ഷ്യം, മാർഗ്ഗം' എന്ന വിഷയത്തിൽ ആഗോള പ്രസിഡന്റ് കെ മുഹമ്മദ് കുട്ടി ക്ലാസ്സെടുത്തു. '

പ്രവാസി പ്രവാസിക്കുവേണ്ടി' എന്ന ആദർശത്തിൽ രൂപം കൊണ്ട ഈ കൂട്ടായ്മ, അംഗങ്ങളുടെ ആരോഗ്യ സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ വളർച്ചയും സുരക്ഷയുമാണ് ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. വിവിധ രാഷ്ട്രങ്ങളിലെ പ്രവാസികളായ സമാനമനസ്‌കരെ ഉൾപ്പെടുത്തി ബൃഹത്തായ കുടുംബരക്ഷാനിധിക്ക് ആഗോളതലത്തിൽ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇടപ്പാളയത്തിനു ഒരു ക്രിക്കറ്റ് ടീമും, ഫുട്‌ബോൾ ടീമും രൂപീകരിക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും ഇടപ്പാളയം ഖത്തർ ചാപ്റ്റർ നൽകും എന്ന് ഉറപ്പ് നൽകി.

കടകശ്ശേരി കടകശ്ശേരി ഐഡിയൽ സ്‌കൂൾ മാനേജർ അബ്ദുൽ മജീദ് ആശംസ നേർന്നു. അൽസുവൈദ് കമ്പനി സിഇഒ ഹംസ കോലൊളമ്പ് അംഗങ്ങളെ പരിചയപ്പെട്ടു. സെക്രട്ടറി സ്റ്റാലിൻ നന്ദി പ്രകാശിപ്പിച്ചു. ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ വാർഷിക സമ്മേളനം ജനുവരി അവസാനവാരത്തിൽ വിപുലമായി നടത്തുന്നതായിരിക്കുമെന്നും അദ്ദേഹം അംഗങ്ങളെ അറിയിച്ചു.