ബാലൻസില്ലെന്ന പേരിൽ ബാങ്കുകൾ ഉപയോക്താക്കളെ കൊള്ളയടിക്കുന്നു. ആയിരം രൂപയാണ് മിനിമം ബാലൻസ് ആയി ബാങ്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ വീഴ്ചവരുത്തിയാൽ മിനിമം ബാലൻസിനേക്കാൾ ഉയർന്ന തുക ഈടാക്കുമെന്നാണ് അടൂരിലെ ഒരു സംഭവം വ്യക്തമാക്കുന്നത്. മിനിമം ബാലൻസ് ഇല്ലാത്തതിന് സി.പി.എം അടൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി പി ബി ഹർഷകുമാറിനാണ് ഐഡിബിഐ ബാങ്ക് 1900 രൂപ പിഴ ചുമത്തിയത്. സംഭവത്തെ പറ്റി ഹർഷകുമാർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ.

ഞാനും എന്റെ ഭാര്യയും ചേർന്ന് ഐഡിബിഐ ബാങ്കിന്റെ അടൂർ ബ്രാഞ്ചിൽനിന്ന് 300000 രൂപ കിസാൻ ക്രഡിറ്റ് പദ്ധതിയിൽപ്പെടുത്തി വായ്പ എടുത്തു. വായ്പ വേണമെങ്കിൽ ഉപഭോക്താവ് ഒരു എസ്ബി അക്കൗണ്ട് കൂടി ആരംഭിക്കണമെന്ന് പറഞ്ഞതിൻ പ്രകാരം 500 രൂപ മുടക്കി ഭാര്യയുടെ പേരിൽ ഒരു എസ്ബി അക്കൗണ്ട് കൂടി തുടങ്ങി. അന്ന് അവർ പറഞ്ഞു എപ്പോഴും ഈ അക്കൗണ്ടിൽ മിനിമം 500 രൂപ ഉണ്ടായിരിക്കണം എന്ന്. ആയതിനാൽ ആ അക്കൗണ്ടിലെ പൈസയിൽ ഞങ്ങൾ സ്പർശിക്കാനെ പോയില്ല.

ഇക്കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ഭാര്യയെ വിളിച്ചിട്ട് പറഞ്ഞു നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം 2500 രൂപ ഉണ്ടാകണം. അടിയന്തിരമായി അടക്കണം. അതനുസരിച്ച് അടക്കേണ്ട 2500 രൂപയും വായ്പ തവണ തുകയുമായി ബാങ്കിൽ ചെന്നു. കൗണ്ടറിൽ ഇരുന്ന ജീവനക്കാരിയോട് കാര്യം വിശദീകരിച്ചു. അവർ വളരെ സൗമ്യമായി എന്നോട് പറഞ്ഞു, 'സർ, മിനിമം 2500 രൂപയായി ഉയർത്തിയ വിവരം ഭാര്യയുടെ മൊബൈലിൽ മെസ്സേ ജ് ചെയ്തിട്ടുണ്ടാകും. അതിന് മറുപടിയായി ഞാൻ പറഞ്ഞു, മിക്ക ദിവസവും ഇവിടെ വരുന്ന എന്നോടെങ്കിലും മിനിമം തുകയിൽ വർദ്ധനവരുത്തിയ കാര്യം പറയാമായിരുന്നു. അതുണ്ടാവാത്തതിലുള്ള ഖേദം പ്രകടിപ്പിച്ചു കൊണ്ട് ഞാൻ തുക അടക്കാൻ തയ്യാറായി. അപ്പോഴാണ്, ജീവനക്കാരി കമ്പ്യൂട്ടറിൽ പരതി ഞെട്ടിക്കുന്ന വർത്തമാനം എന്നെ അറിയിക്കുന്നത് 'ഈ വീഴ്ച വരുത്തിയതിന് 1900 രൂപ പിഴയും കൂടി അടച്ചേമതിയാകൂ എന്ന് '.

എന്റെ തല്ലാത്ത കുറ്റത്തിന് പിഴ അടക്കില്ല എന്ന് ഞാൻ നിലപാടെടുത്തു. വളരെ മര്യാദയോടെ ഉപഭോക്താക്കളുമായി ഇടപാട് നടത്തുന്ന ജീവനക്കാരല്ല, കുറ്റക്കാർ എന്നെനിക്കറിയാമെങ്കിലും, എനിക്ക് പ്രതിഷേധിക്കാനും പ്രതികരിക്കാനും അവരാണ് പെട്ടെന്ന് എന്റെ മുന്നിൽ ഉള്ളത് എന്നതുകൊണ്ട് ഞാൻ പ്രതിഷേധം തുടർന്നു.

കിസ്സാൻ ക്രഡിറ്റിനെ ഒരു A/C യായി പരിഗണിക്കാമെന്ന ഉപാധിയിൽ പിന്നെ അവിടുത്തെ മറ്റൊരു സീനിയർ ജീവനക്കാരൻ കൂടി എത്തി എന്റെ പ്രശ്നം പരിഹരിച്ചു.

പ്രശ്നം അതല്ല, കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് വായ്പയും പലിശയുമടക്കുന്ന നമ്മൾ, ബാങ്കിന്റെ പണപ്പെട്ടി നിറക്കാൻ കേന്ദ്രസർക്കാർ ബാങ്കുകാർക്ക് ചെയ്തു കൊടുക്കുന്ന വിടുപണിക്ക്, എന്തിന് വിധേയരാകണം എന്നതാണ്. നരേന്ദ്ര മോദിയുടെ നോട്ട് നിരോധത്തിന്റെ ബാക്കി പത്രങ്ങളാണീ പിടിച്ചു പറിയും നെറികേടുമൊക്കെ. പണ്ടൊക്കെ പണം നമ്മൾ ബാങ്കിൽ സൂക്ഷിച്ചാൽ ബാങ്ക് പലിശയിനത്തിൽ നമുക്ക് പ്രതിഫലം തരുമായിരുന്നെങ്കിൽ, നരേന്ദ്ര മോദിയുടെ കുത്തക കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ പാലൂട്ടൽ കാലത്ത്, പണം നിക്ഷേപിച്ചാൽ നമ്മൾ പിഴ കൊടുത്തു മുടിയണം.