ദോഹ ; ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് നെറ്റ്‌വർക്കിങ് കൂട്ടായ്മയായ ഐഡിയ ഫാക്ടറിയുടെ നേതൃത്വത്തിൽ യുറോപ്പിലേക്ക് ബിസിനസ് ടൂർ സംഘടിപ്പിക്കുന്നു. ബിസിനസുകാർ, ഏന്റർപ്രൈണേഴ്‌സ്, ബിസിനസ് കോച്ചുകൾ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. ഏപ്രിൽ 24 മുതൽ മെയ് 4 വരെ നടക്കുന്ന യാത്രയിൽ യുറോപ്പിലെ ഫാക്ടറികൾ, ബിസിനസ് സ്‌ക്കൂളുകൾ, യുണിവേഴ്‌സിറ്റികൾ, തുടങ്ങിയവ സന്ദർശിക്കും.

ഐഡിയ ടൂർ 2018ന്റെ ബ്രോഷർ ഐഡിയ ഫാക്ടറി ചെയർമാൻ മഞ്ചേരി നാസറിന് നൽകി മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രകാശനം ചെയ്തു. ഐഡിയ ഫാക്ടറി ബോർഡ് മെംബർമാരായ ജാഫർ മാനു, അബ്ദുൽ മജീദ് ഗസൽ എന്നിവർ പങ്കെടുത്തു. ജീവിതം ഒരു യാത്രയാണെന്നും യാത്ര ഹൃദ്യവും ആസ്വാദ്യകരവുമാകുന്നത് സമാനമനസ്‌കരായ കൂട്ടുകാരെ കിട്ടുമ്പോഴാണെന്നും ബ്രോഷർ പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഈയർത്ഥത്തിൽ ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന യൂറോപ്യൻ പര്യാടനം മുഴുവൻ പങ്കാളികൾക്കും വേറിട്ട അനുഭവമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജർമ്മൻ ഗ്രാമത്തിലെ ഗ്രാമീണർക്കൊപ്പമുള്ള കൂടിക്കാഴ്‌ച്ച, യൂറോപ്യൻ ഫാക്ടറികളുടെ വിസ്മയ കാഴ്‌ച്ചകൾ, നവീന ആശയങ്ങളുടെ യൂറോപ്യൻ ലോകം തേടിയുള്ള അന്വേഷണം, കാമ്പസിൽ പുതുതലമുറക്കൊപ്പം വികാരങ്ങൾ പങ്ക് വെക്കുന്നത്, യുറോപ്പിലെ ദീർഘ കാല മലയാളി പ്രവാസികൾക്കൊപ്പമുള്ള സൗഹൃദ കൂട്ടായ്മ, യുറോപ്യൻ ബുള്ളറ്റ് ട്രെയിനിൽ വെച്ച് സവിശേഷമായ മീറ്റീംഗ്, കേരളത്തിൽ നിന്നുള്ള പ്രവാസി പ്രമുഖരുമായുള്ള ഒത്തുചേരൽ തുടങ്ങിയവ ഐഡിയ ടൂറീന്റെ പ്രത്യേകതയായിരിക്കുമെന്നും ഇന്ത്യൻ പശ്ചാത്തലത്തിൽ വിശിഷ്യ കേരളത്തിൽ നിന്നും ലോകത്തിന് സമർപ്പിക്കാവുന്ന ആശയങ്ങൾ തേടിയുള്ള ഒരു ബൗദ്ധിക ഗവേഷണ ആസ്വദക യാത്രയാണ് 99 ഐഡിയ ഫാക്ടറി ഐഡിയ ടൂർ യുറോപ്പ് എന്ന് യുറോപ്യൻ ടൂർ വിശദീകരിച്ച് സംസാരിക്കവേ മഞ്ചേരി നാസർ പറഞ്ഞു.

നവീന ആശയങ്ങൾകൊണ്ട് അന്താരാഷ്ട്ര ചലനങ്ങൾ സൃഷ്ടിച്ച 99 ഐഡിയ ഫാക്ടറി ഇതിനോടകം തന്നെ നിരവധി ബിസിനസ് മീറ്റുകളും ബിസിനസ് ടുറുകളും സംഘടിപ്പിച്ച് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. സമൂഹത്തിൽ ബിസിനസ് സംസ്‌കാരം വളർത്താനും വിവിധ മേഖലകളിൽ നിന്നുള്ള ബിസിനസ് സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാനും സംഘടിപ്പിച്ച ബിസ് 2015, 1300ാളം സംരംഭകർക്ക് ജീവിതത്തിന്റെയും ബിസിനസിന്റെയും വിജയമന്ത്രം പകർന്ന് നൽകിയ പെപ്ടാക് 2016, യു.എ.ഇയിലെ ബിസിനസ് സാധ്യകൾക്ക് പുതിയ ഊർജ്ജം നൽകിയ ബിസ് ദുബൈ കോൺക്ലേവ് 2017 എന്നിവ സംരംഭകർക്ക് പുതു ഊർജ്ജം നൽകിയവയായിരുന്നു.

40 അംഗ ഐഡിയ ഫാക്ടറിയുടെ ഫാൻസ്, ബെൽജിയം, നെതർലാന്റ്, ജർമ്മനി, സ്വിറ്റ്സർലാന്റ് തുടങ്ങിയ യുറോപ്യൻ രാജ്യങ്ങളിലൂടെയുള്ള ഈ അവിസമരണീയ യാത്രയിൽ ഇനി ഏതാനും പേർക്ക് കൂടി അവസരമുണ്ടായിരിക്കും. ഐഡിയ ടൂർ 2018നുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് +91 9744750000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.