ഒരു നടന്റെ രണ്ട് ചിത്രത്തിന് ഒരേ ദിവസം റിലീസ് എന്നത് മലയാള സിനിമയിൽ അടുത്ത കാലത്ത് ആദ്യമായിരുന്നു. അതുകൊണ്ടു തന്നെ ആദ്യം മുതലേ വാർത്തകളിലിടം പിടിച്ചു. ജയസൂര്യ നായകനായെത്തിയ പ്രേതം, ഇടി എന്നീ ചിത്രങ്ങളാണ് ഓഗസ്റ്റ് 12ന് തീയറ്ററുകളിലെത്തിയ്ത്. തീയറ്ററിൽ നല്ല അഭിപ്രായവുമായി മുന്നോട്ടു പോകുന്ന ഇടി ഫെയ്‌സ് ബുക്കിലെ പുതിയ സംവിധാനമായ ലൈവ് സ്ട്രീമിങ്ങ് വഴി ചോർത്തിയതായി റിപ്പോർട്ട്. പരാതിയുമായി ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇറോസ് സാങ്കേതിക പ്രവർത്തകരും ആന്റി പൈറസി സെല്ലിലും സൈബർ സെല്ലിലും പരാതി നൽകിയെന്നും അധികൃതർ അറിയിച്ചു.

കേരളത്തിൽ ആദ്യമായാണ് ഒരു സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കുന്ന അതേ സമയം നേരിട്ട് ഫെയ്‌സ് ബുക്ക് വഴി ചോരുന്നത്. ദുബായിലും ഖത്തറിലും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് ഫെയ്‌സ് ബുക്ക് വഴി അന്നു രാത്രി തന്നെ ചിത്രം പ്രചരിച്ചത്. കാസർകോട്ടെ ചെക്കൻ എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ചിത്രം ചോർന്നത്.

ചോർന്നതിനു പിന്നിലെ സംഭവത്തിൽ പൊലീസിന് ഒന്നും ചെയ്യാൻ പറ്റില്ലെന്ന വെല്ലുവിളിയും ഫെയ്‌സ് ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടു.

രാവിലെ പത്തരയോടെ ചിത്രത്തിന്റെ ലിങ്ക് പേജിൽ നിന്ന് നീക്കി. പക്ഷേ ഈ സമയത്തിനുള്ളിൽ 20000ത്തിലധികം പേർ ചിത്രം കണ്ടതായും അനേകം പേർ ഡൗൺലോഡ് ചെയ്തതായും സംവിധായകൻ സാജിദ് യഹിയ പറഞ്ഞു. പേജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പൊലീസിന് ഈ സംഭവത്തിൽ തങ്ങളെഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് പേജിൽ പോസ്റ്റു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്‌സ് ബുക്കിൽ സമീപകാലത്ത് കൂട്ടിച്ചേർത്ത ലൈവ് സ്ട്രീമിങ്ങ് എന്ന സംവിധാനം ഉപയോഗിച്ച് രാത്രി ഒന്നരയോടെ ചിത്രം പ്രദർശിപ്പിക്കുകയായിരുന്നു. എച്ച് ഡി ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ആന്റി പൈറസി സെല്ലിനൊപ്പം നിർമ്മാതാക്കളായ ഇറോസ് ഇന്റർനാഷണലിന്റെ പ്രത്യേക സൈബർ സംഘവും അന്വേഷണം നടത്തി , ചിത്രം അപ്‌ലോഡ് ചെയ്ത മൊബൈൽ ഫോണിനേയും ഉടമയേയും തിരിച്ചറിഞ്ഞിട്ടുണ്ട്.