- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലനിരപ്പിൽ കാര്യമായ വർധനവില്ല; ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം നാളെ ആലോചിക്കുമെന്ന് റോഷി;വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞെന്നും മന്ത്രി
ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കനത്താൽ ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യം നാളെ ആലോചിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ 2398.50 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. മൂന്നു മണിക്കൂർ കൊണ്ട് 0.02 അടിയോളമാണ് ജലനിരപ്പ് ഉയരുന്നത്. ഇതിനാലാണ് ഇന്ന് അണക്കെട്ട് തുറക്കേണ്ടെന്ന തീരുമാനത്തിൽ കെഎസ്ഇബി എത്തിയത്.
നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് റെഡ് അലർട്ട് പരിധിയായ 2399.03 അടിക്ക് മുകളിൽ എത്തുകയും ചെയ്താൽ അണക്കെട്ട് തുറക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം നടപടിയെടുക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജലനിരപ്പിൽ കാര്യമായ വർധനയില്ലാത്തതിനാൽ തുറക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടൽ.
ആവശ്യമായി വന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി സെക്കന്റിൽ ഒരുലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള അനുമതി ജില്ലാ കളക്ടർ നൽകിയിട്ടുണ്ട്. ഇതിനായി പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് നൽകിയ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചിട്ടില്ല. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുന്നുണ്ട്.
സെക്കന്റിൽ 600 ഘനയടിയോളം വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് കുറയ്ക്കാൻ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.45 അടിയായാണ് ഉയർന്നിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ