- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഡാം വീണ്ടും തുറന്നു; ഒരുവർഷം മൂന്നുതവണ ഷട്ടർ ഉയർത്തുന്നത് ആദ്യം; ഡാം വീണ്ടും തുറന്നത് മുല്ലപ്പെരിയാർ രണ്ട് ഷട്ടർ ഉയർത്തിയതിന് പിന്നാലെ; ചെറുതോണിയിലും പെരിയാറിലും ജാഗ്രത നിർദ്ദേശം; മുല്ലപ്പെരിയാർ വൃഷ്ടി പ്രദേശത്ത് മഴ കനത്താൽ പ്രതിസന്ധി രൂക്ഷമാകും
ഇടുക്കി: മുല്ലപ്പെരിയാറിന് പിന്നാലെ ഇടുക്കി ഡാം ഷട്ടറും ഉയർത്തി. ഒരു ഷട്ടറാണ് 40 സെ.മീ ഉയർത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ രാവിലെ എട്ട് മണിയോടെ ഉയർത്തിയിരുന്നു. ഒരു വർഷത്തിൽ മൂന്ന് തവണ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് ചരിത്രത്തിലാദ്യമാണ്. പെരിയാർ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീൻപിടുത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നത് ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്‌ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസ് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ തുറന്നിരുന്നു. രാവിലെ 10ന് ഇടുക്കി അണക്കെട്ടും തുറക്കും. ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 40 സെ.മീ ആണ് തുറക്കുന്നത്. മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി. ഇടുക്കി അണക്കെട്ടിലും നീരൊഴുക്ക് ശക്തമാണ്. രാവിലെ ജലനിരപ്പ് 2,399.38 അടിയാണ്. അണക്കെട്ടുകൾ തുറക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.ഇടുക്കി കല്ലാർ അണക്കെട്ട് രാത്രിയോടെ തുറന്നിരുന്നു. സെക്കൻഡിൽ 10,000 ലീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. അതേസമയം, സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തിയിരുന്നു. ഇന്നലെ വൈകുന്നേരം മലയോരമേഖലയിൽ പെയ്ത ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 15 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇന്നലെ വൈകുന്നേരം 140.65 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. പുലർച്ചെ 5.30 ന് ഇത് 141 അടിയിലെത്തി. ഇതോടെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഷട്ടർ ഉയർത്തുന്നതു സംബന്ധിച്ച് ഇടുക്കി കളക്ടർക്ക് വിവരം നൽകി.
മറുനാടന് മലയാളി ബ്യൂറോ