കൊച്ചി: ഡാമുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. കക്കിയും പമ്പയും ഇടമലയാറും ഇടുക്കിയും തുറക്കില്ലെന്നായിരുന്നു രണ്ട് ദിവസം മുമ്പു വരെ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മഴ കനക്കുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ ഡാമുകൾ തുറന്നു ജലനിരപ്പു കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത് 2018 ലെ മഹാപ്രളയകാലത്തെ അനുഭവം കണക്കിലെടുത്താണ്. വലിയ പ്രളയത്തെ ഒഴിവാക്കാനുള്ള ശ്രമം. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ ചൊവ്വാഴ്ച 11-ന് തുറക്കും. ഇടമലയാറിന്റേത് രാവിലെ ആറിനും തുറന്നു. പമ്പാ ഡാമും തുറന്നു.

അറബിക്കടലിലെ വേലിയിറക്കത്തിന്റെ സമയം കൂടി പരിഗണിച്ചാണ് ഇടുക്കി അണക്കെട്ടു തുറക്കാൻ സമയം നിശ്ചയിച്ചത്. ഇന്നു രാവിലെ 6നും വൈകിട്ടു നാലിനുമാണു വേലിയിറക്കം. രാവിലെ 11.45നും അർധരാത്രി 12നുമാണു വേലിയേറ്റം. പൗർണ്ണമി കൂടിയായതിനാൽ വേലിയിറക്കവും വേലിയേറ്റവും പതിവിലും ശക്തമായിരിക്കും. ഇതെല്ലാം കണക്കിലെടുത്താണ് രാവിലെ 11നു ഡാം തുറക്കാൻ തീരുമാനിച്ചത്. 4 5 മണിക്കൂറിനുള്ളിൽ വെള്ളം അറബിക്കടലിൽ ഒഴുകിയെത്തും.

ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം തുറക്കും. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. രാത്രിയിൽത്തന്നെ ജലനിരപ്പ് ഈ പരിധിയിൽ എത്തും. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഇത്തവണത്തെ ഡാം തുറക്കുലകൾ. 2018ലെ പ്രളയകാലത്ത് ഇടുക്കിയിലെ ഡാം തുറക്കലിൽ പോലും ഇത് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് വിമർശനമാായി. വെള്ളം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ കെഎസ്ഇബിയും ജലസേചന വകുപ്പും ജില്ലാ ഭരണകൂടത്തെ 36 മണിക്കൂറിനു മുൻപ് അക്കാര്യം അറിയിച്ച് അനുമതി വാങ്ങണമെന്ന നിബന്ധന ഇത്തവണ പാലിച്ചു. അനുമതിക്കു മുൻപ് പുഴകളിലും തോടുകളിലും വെള്ളം എത്രത്തോളം ഉയരുമെന്നു കണക്കാക്കി റിയിക്കണമെന്ന നിർദ്ദേശം പലയിടത്തും പാലിക്കപ്പെട്ടില്ല.

സംസ്ഥാനത്ത് ബുധനാഴ്ചമുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്കുശേഷം ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായേക്കാം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിലാണ് ഡാമുകൾ ഇപ്പോൾ തന്നെ തുറക്കുന്നത്.

ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നതാണ് 2018 ലെ മഹാപ്രളയത്തിനിടയാക്കിയതെന്ന ആരോപണം സർക്കാരിന് തലവേദനയായിരുന്നു. പലന്യായങ്ങളുമായി സർക്കാർ ഇതു തള്ളിയെങ്കിലും ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയാണു വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദ്ദേശപ്രകാരം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പഠനത്തിൽ കണ്ടെത്തി.

മഴയോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവോ സംബന്ധിച്ചു മുന്നറിയിപ്പുകൾ ലഭ്യമായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പ്രളയകാലത്ത് അണക്കെട്ടുകളുടെ കൈകാര്യം ചെയ്യൽ ഫലപ്രദമായിരുന്നില്ലെന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും റിപ്പോർട്ട് ചെയ്തിരുന്നു. ഡാമുകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ പരിഹരിക്കാൻ 2018 ലെ ദുരന്തത്തിനു ശേഷം സർക്കാർ കെഎസ്ഇബിക്കും ജലസേചന വകുപ്പിനും കർശന നിർദ്ദേശം നൽകിയിരുന്നു. എല്ലാ ഡാമുകൾക്കും റൂൾ കർവ് തയാറാക്കി.

അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂറിനു മുൻപ് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണം. കലക്ടറുടെ അനുമതിയില്ലാതെ ഡാമുകൾ തുറന്നു വിടരുത് എന്ന ചട്ടവും എത്തി. മലയോര ജില്ലകളിലെ എമർജൻസി സെന്ററുകളിൽ ഭൂജല വകുപ്പിലെയോ ജിയോളജി വകുപ്പിലെയോ വിദഗ്ധനെ 24 മണിക്കൂറും നിയോഗിക്കണം. മഴയുടെ തോതനുസരിച്ചു മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഈ ഉദ്യോഗസ്ഥനാണ്.

കൃത്യമായ ഇടവേളകളിൽ അണക്കെട്ടിൽ നിലനിർത്തേണ്ട ജലത്തിന്റെ അളവാണ് റൂൾ കർവ്. ഓരോ അണക്കെട്ടിനും റൂൾ കർവ് വ്യത്യസ്തമാണ്. കേന്ദ്ര ജലകമ്മിഷന്റെ വിദഗ്ധസമിതിയാണു റൂൾ കർവ് നിശ്ചയിക്കുന്നത്. മുൻ വർഷങ്ങളിൽ നിശ്ചിത സമയത്ത് ഡാമിലെ ജലനിരപ്പ്, ഡാമിലേക്ക് എത്തിയ ജലത്തിന്റെ അളവ്, വൃഷ്ടിപ്രദേശത്തെ മഴ, ബാഷ്പീകരണ തോത്, വൈദ്യുത ഉൽപാദനം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണു റൂൾ കർവ് തയാറാക്കുന്നത്.

അതതു ദിവസങ്ങളിൽ ഡാമിൽ സംഭരിക്കാവുന്ന പരമാവധി വെള്ളത്തിന്റെ അളവും നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ കൊടുക്കേണ്ട സമയവും റൂൾ കർവിൽ രേഖപ്പെടുത്തിയിരിക്കും. തൃശ്ശൂർ ജില്ലയിലെ ലോവർ ഷോളയാർ തിങ്കളാഴ്ച തുറന്നു. പെരിങ്ങൽകുത്ത്, പീച്ചി, ചിമ്മിനി ഡാമുകൾ കഴിഞ്ഞദിവസങ്ങളിൽ തുറന്നിരുന്നു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് , മൂഴിയാർ, മണിയാർ, കോഴിക്കോട് പെരുവണ്ണാമൂഴി, പാലക്കാട് ജില്ലയിലെ മലന്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ചുള്ളിയാർ, ശിരുവാണി ഡാമുകളും തുറന്നു.

ഇടമലയാർ തുറക്കുമ്പോൾ പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയരില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇടുക്കിയും ഇടമലയാറും തുറക്കേണ്ട സാഹചര്യം മുൻനിർത്തി ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് 27.5 മീറ്ററിൽ ക്രമീകരിച്ചിരിക്കുകയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുൻകരുതലുകളും സ്വീകരിച്ച് ഡാമുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുന്നു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും അതിജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും അഭ്യർത്ഥിച്ചു.