- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു; കാലവർഷം തുടർന്നാൽ മുല്ലപ്പെരിയാറും നിറയും; വൃഷ്ടി പ്രദേശത്ത് കിട്ടുന്നത് ശക്തമായ മഴ; നിരീക്ഷിച്ച് കെ എസ് ഇ ബിയും
തൊടുപുഴ: ശക്തമായ മഴയിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു. 11 ദിവസത്തിനിടെ ജലനിരപ്പ് നിലവിൽ ഉണ്ടായിരുന്നതിനേക്കാൾ 18 അടി ഉയർന്നു. ചൊവ്വാഴ്ച രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2358.38 അടിയാണ് ജലനിരപ്പ്.ഇത് മൊത്തം ശേഷിയുടെ 52.94 ശതമാനം വരും. 11 ദിവസത്തെ കണക്ക് മാത്രംപരിശോധിക്കുമ്പോൾ ഡാമിൽ 18 അടിയോളം വെള്ളം കൂടിയെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. കെ എസ് ഇ ബി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
2340.74 അടിയായിരുന്നു ജൂലൈ ഒന്നിലെ ജലനിരപ്പ്. രണ്ടാഴ്ച മുമ്പ് ജൂൺ അവസാനം വരെ ഇടുക്കിയിലെ ജലനിരപ്പ് മുൻ വർഷത്തേക്കാൾ 8 അടിയിലധികം കുറവായിരുന്നു.ജലശേഖരം കുറഞ്ഞ് നിൽക്കുന്നത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന തരത്തിൽ വാർത്തകർ വന്നിരുന്നു
എന്നാൽ ഇതെല്ലാം മറികടന്നാണ് ഇപ്പോൾ ജലനിരപ്പ് ഉയർന്നിട്ടുള്ളത്.ഇതിനൊപ്പം കഴിഞ്ഞ വർഷത്തെ ജലനിരപ്പ് മറികടക്കുകയും ചെയ്തു.2355.48 അടിയായിരുന്നു കഴിഞ്ഞ വർഷം ഇതേ സമയം സംഭരണിയിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവ്.
ഇപ്പോഴത്തെ റൂൾലെവൽ അനുസരിച്ച് ജലനിരപ്പ് 9 അടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2367.33 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2373.33 അടിയിൽ ഓറഞ്ച് അലർട്ടും 2374.33ൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് ഒരടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കാനുള്ള നടപടി സ്വീകരിക്കും.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇടവിട്ട ദിവസങ്ങളിൽ ശക്തമായ മഴയാണ് തുടരുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1.98 മില്ലി മീറ്റർ മഴയാണ് കിട്ടിയത്. 46.891 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴികിയെത്തി. 370.702 മില്യൺ യൂണിറ്റിന് ആവശ്യമായ വെള്ളം ഈ മാസം മാത്രമെത്തി. ജൂണിലിത് 174.663 മില്യൺ യൂണിറ്റിനുള്ളത് മാത്രമായിരുന്നു.അതേ സമയം പരമാവധി ജലം സംഭരിക്കാനായി ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കുറച്ച് നിർത്തിയിരിക്കുകയാണ്.
പദ്ധതി പ്രദേശത്ത് ശരാശരി മഴ തുടർന്നാൽ പോലും ഈ മാസം അവസാനത്തോടെ ഇടുക്കി തുറക്കേണ്ട സ്ഥിതിയിലേക്ക് എത്തിയേക്കും. 75% മുകളിലെത്തിയെങ്കിൽ മാത്രമാണ് ചെറുതോണിയിലെ ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കാനാകുക. അതെ സമയം വരും ദിവസങ്ങളിലും മഴ തുടരുമെങ്കിലും മഴക്ക് ഒരാഴ്ച വരെയുള്ള ഇടവേള കാലാവസ്ഥ വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്. മുൻ വർഷങ്ങളിലേത് പോലെ തന്നെ ആഗസ്റ്റിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ. താരതമ്യേന ചെറിയ അണക്കെട്ടുകളായ പാംബ്ല, കല്ലാർകുട്ടി, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടർ തുറന്ന് നിലവിൽ ജലമൊഴുക്കുന്നുണ്ട്.
മുല്ലപ്പെരിയാറിൽ 129 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 129.05 അടിയാണ്. പെരിയാറിൽ 4.4 സെ.മീറ്ററും തേക്കടിയിൽ 1.3 സെ.മീ മഴയും ലഭിച്ചു. സെക്കൻഡിൽ 3266.23 ഘന അടി ജലം ഡാമിലേക്കെത്തുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരശേഷി. 1641.81 ഘന അടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
മറുനാടന് മലയാളി ലേഖകന്.