- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; തെക്കൻ ജില്ലകളൽ കനത്ത മഴ; ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നേക്കാം; 100 ക്യുമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാൻ അനുമതി വാങ്ങി കെഎസ്ഇബി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആയിരിക്കും. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം. തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.
15നും 16നും പരക്കെ മഴ തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിനു പോകരുത്. കേരളത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദങ്ങൾക്കു സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നു രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റായി മാറി ആന്ധ്ര തീരത്തു കയറുമെന്നാണു വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ നിന്നു തമിഴ്നാട്ടിൽ കരയിലെത്തിയ തീവ്ര ന്യൂനമർദം ദുർബലമായി പടിഞ്ഞാറോട്ടു നീങ്ങി അറബിക്കടലിലെത്തി വീണ്ടും ശക്തി പ്രാപിച്ച് കേരള തീരത്ത് ന്യൂനമർദമായി മാറാനും ഇടയുണ്ട്.
ഇടുക്കി അണക്കെട്ട് തുറന്നേക്കും
അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് കെഎസ്ഇബി അനുമതി വാങ്ങി. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ഇടുക്കിയിൽ 142 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ ബ്ലൂ അലർട്ടായിരുന്ന ഇടുക്കി അണക്കെട്ട് ഓറഞ്ച് അലർട്ടായി മാറി.
വൈകിട്ട് 4 ന് അണക്കെട്ടിലെ ജലനിരപ്പ് 2398.38 അടിയായി ഉയർന്നു. 2399.03 ആയാൽ റെഡ് അലർട്ട് ആകും. ഇതിനിടെ മുല്ലപ്പെരിയാറിൽ നിന്ന് ഇടുക്കിയിലേക്കു കൂടുതൽ വെള്ളം എത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണു ഡാം തുറക്കാൻ കലക്ടർ അനുമതി നൽകിയത്. ഇന്നലെ വൈകിട്ട് 5നു മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയിലെത്തി.
ആവശ്യമെങ്കിൽ ഇന്നു വൈകിട്ട് 4 നു ശേഷമോ നാളെ രാവിലെയോ ചെറുതോണി ഡാം ഷട്ടർ തുറന്ന് 100 ക്യുമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് അനുമതി. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണം.
മറുനാടന് മലയാളി ബ്യൂറോ