- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ നിറഞ്ഞു തുളുമ്പാറായി അണക്കെട്ടുകൾ; പ്രധാന അണക്കെട്ടുകൾ ചൊവ്വാഴ്ച തുറക്കാൻ വിപുലമായ ഒരുക്കങ്ങൾ; ഇടമലയാറിൽ ഷട്ടർ ഉയർത്തുക രാവിലെ 6ന്; പുലർച്ചെ പമ്പയും തുറക്കും; ഇടുക്കി ഡാം തുറക്കുക രാവിലെ 11ന്; നദീ തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി; അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, ഇടമലയാർ, പമ്പ അണക്കെട്ടുകൾ ചൊവ്വാഴ്ച തുറക്കും. ഒക്ടോബർ 20, 21, 22 തീയതികളിൽ പ്രവചിക്കപ്പെട്ടിരിക്കുന്ന മഴയിൽ എത്രത്തോളം ജലം അണക്കെട്ടുകളിൽ ഒഴുകിയെത്തുമെന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിലാണ് സുരക്ഷ മുൻനിർത്തി തീരുമാനം.
ഇടുക്കി അണക്കെട്ട് നാളെ രാവിലെ പതിനൊന്ന് മണിയോടെയാണ് തുറക്കുക. മൂന്ന് ഷട്ടറുകൾ 35 സെന്റി മീറ്റർ വീതം ഉയർത്തും. ഡാമിൽ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ ഇതിന് മുന്നോടിയായി മാറ്റിപ്പാർപ്പിക്കും.
2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയിൽ ഇടുക്കി വേഗത്തിൽ തുറക്കാൻ തീരുമാനമെടുത്തത്. മറ്റന്നാൾ മുതൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. പക്ഷേ മഴ പ്രവചനം തെറ്റിച്ചാൽ ഡാം ഒറ്റയടിക്ക് തുറക്കേണ്ട സ്ഥിതി ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് നേരത്തെ തുറക്കുന്നത്.
ഇടുക്കി തുറക്കുന്നതിന്റെ ഭാഗമായി ഇടമലയാർ അണക്കെട്ടും നാളെ രാവിലെ ആറിന് തുറക്കും. പരമാവധി 80 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. പെരിയാറിൽ അനാവശ്യമായി ഇറങ്ങരുതെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. എറണാകുളത്തിനു കൂടുതൽ സുരക്ഷ ഏർപ്പെടുത്താനായാണ് രണ്ടു അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കുന്നത്.
ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ നാളെ രാവിലെ 11 മുതൽ ഉയർത്തി 100 ക്യുമക്‌സ് ജലം പുറത്തേക്കൊഴുക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതിനാൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻ പിടിത്തം പാടില്ല. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.
വീഡിയോ, സെൽഫി എടുക്കൽ, ഫേസ്‌ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. മാധ്യമപ്രവർത്തകർ അവർക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ്.
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ പുലർച്ചെ അഞ്ചുമണിക്ക് ശേഷം തുറക്കും. 25 ക്യൂമെക്‌സ് മുതൽ പരമാവധി 50 ക്യൂമെക്‌സ് വരെ വെള്ളം തുറന്നു വിടും. ജനവാസ മേഖലകളിൽ പരമാവധി 10 സെന്റീമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നദി തീരങ്ങളിൽ ഉള്ളവർ പ്രത്യേകമായി ജാഗ്രത പുലർത്തണം. ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. മുൻ കരുതലിന്റെ ഭാഗമായുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
പമ്പ അണക്കെട്ടും ചെറുതായി തുറക്കണമെന്ന് കെഎസ്ഇബി ശുപാർശ നൽകിയിരുന്നു. നിലവിൽ കക്കി, ഷോളയാർ, മാട്ടുപെട്ടി, പെരിങ്ങൽകുത്ത്, കുണ്ടള, ലോവർ പെരിയാർ, കല്ലാർകുട്ടി, മൂഴിയാർ എന്നിവയാണ് തുറന്നിരിക്കുന്ന അണക്കെട്ടുകൾ.
കക്കി ഡാം തുറന്ന് വിട്ട ജലം പമ്പ ത്രിവേണിയിൽ ജലനിരപ്പ് 10 സെ.മി മാത്രമാണ് ആദ്യ ഘട്ടത്തിൽ ഉയർത്തിയത്. പമ്പയിലും , അച്ചൻകോവിലാറിലും, മണിമലയാറിലും ജലനിരപ്പ് അപകടനിലക്ക് മുകളിലാണ് ഇപ്പോഴും ഉള്ളത്. 116 ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്. അതിൽ 1047 കുടുംബങ്ങളും 3584 ആളുകളുമാണുള്ളത്.
പമ്പയിലും കല്ലാറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, ഇടമലയാർ, പൊന്മുടി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ ജില്ലാ ഭരണകൂടം തുടരുകയാണ്.
വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുക. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രത നിർദ്ദേശം എല്ലായിടത്തും നൽകിയിട്ടുണ്ട്.
ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 240 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവയിൽ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മഴയിൽ 5,20,000 വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. 1,560 ലോടെൻഷൻ പോസ്റ്റുകളും 485 ഹൈടെൻഷൻ പോസ്റ്റുകളും തകരാറിലായി. 6,400 സ്ഥലങ്ങളിൽ കമ്പി പൊട്ടി. അത് പുനഃസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. 4,50,000 കണക്ഷൻ പുനഃസ്ഥാപിച്ചു. 63 ട്രാൻസ്‌ഫോമറുകൾ കേടായി. 17.54 കോടി രൂപയുടെ നഷ്ടം ഉണ്ടായി. കോട്ടയം ജില്ലയിലാണ് കൂടുതൽ നഷ്ടം 2.78 കോടി രൂപ. ആശുപത്രി, ഓക്‌സിജൻ പ്ലാന്റുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ