ടുക്കിയിൽ പാറമടകൾ പ്രവർത്തിക്കുന്നതിന്റെ ഒരു നേർക്കാഴ്ച വീഡിയോയിൽ കാണാം. ഇങ്ങനെ ചെറുതുംവലുതുമായ നൂറോളം പാറമടകൾ നാട്ടുകാരുടെ എതിർപ്പിനെപ്പോലും അവഗണിച്ച് ഇടുക്കിയിൽ പ്രവർത്തിക്കുന്നുണ്ട്. 1997ൽ കട്ടപ്പനയിൽ ആയിരിക്കുന്ന കാലത്ത് മലകയറാൻ പോയിരുന്ന കട്ടപ്പനടൗണിനോട് ചേർന്നുനിന്ന 'കുന്തളംപാറ'യെന്ന മലയൊന്നും ഇന്നവിടെയില്ല. ഒരു മലമുഴുവനായി തന്നെ പൊട്ടിച്ചുനീക്കി.

നിയമം നിയമത്തിന്റെ വഴിയിൽ നീങ്ങിയാൽ പഞ്ചായത്ത് മുതൽ കേരളസർക്കാർ വരെയും സ്വകാര്യവ്യക്തികൾ മുതൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് വരെയും പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരും. അത്രയ്ക്ക് നഗ്‌നമായ നിയമലംഘനമാണ് പാറമടലോബി ഇവരെയെല്ലാം കൂട്ടുപിടിച്ച് നടത്തിയത്. ഹൈറേഞ്ചിലെ കർഷകനെ സംരക്ഷിക്കും എന്നുപറഞ്ഞ ഒരു സംരക്ഷണസമിതിയും നാട്ടുകാർ കൂട്ടമായി ഈ പാറമടകൾക്കെതിരെ ജനകീയസമരവുമായി മുന്നിട്ടിറങ്ങിയപ്പോഴും പിന്തുണച്ചുകണ്ടില്ല. പാറമടകൾക്ക് പിന്നിലുള്ള രാഷ്ട്രീയബന്ധങ്ങൾ വളരെ ശക്തമാണ്. ഇടുക്കിയുടെ ഹൈറേഞ്ചിൽ പ്രവർത്തിക്കുന്ന ഒരു പാറമടയ്ക്കും എൻവയോൺമെന്റൽ ക്ലിയറൻസ് ഇല്ല.

ഇവിടെ പാറമടകൾക്ക് പ്രവർത്തനാനുമതി കൊടുക്കാൻ പഞ്ചായത്തുകൾക്ക് വകുപ്പില്ല. എന്ത് നിയമം വെച്ചിട്ടാണ് ഇടുക്കിയിൽ ഗവണ്മെന്റ് ഭൂമി പാറമടകൾക്ക് പാട്ടത്തിന് കൊടുത്തത് എന്ന് ചോദിച്ചാൽ ഗവണ്മെന്റും കുടുങ്ങും. കൃഷിക്കും വീടുവെച്ചുതാമസിക്കാനും കർഷകന് കൊടുത്ത ഭൂമി ഏതു പട്ടയവ്യവസ്ഥവച്ചാണ് പാറമടനടത്താൻ കൊട്ടുത്തത് എന്ന് ചോദിച്ചാൽ സ്വകാര്യവ്യക്തികളും കുടുങ്ങും. സംരക്ഷിതവനഭൂമി കയ്യേറി പാറമട നടത്തിയപ്പോൾ വനംവകുപ്പ് എവിടെയായിരുന്നു എന്ന് ചോദിച്ചാൽ അവർക്കും ഉത്തരം മുട്ടും. കളക്ടർ ഈ പാറമടകൾക്ക് NOCകൊടുത്തതിന്റെ വകുപ്പ് അന്വേഷിച്ചാൽ അതും പ്രശ്‌നമാകും.

പാറമടകൾ പ്രവർത്തിക്കണമെങ്കിൽ താഴെ പറയുന്ന രേഖകൾ നിയമപരമായി വാങ്ങിയിരിക്കണം: 1. Environmental Clearance, 2. Quarrying Lease, 3. Explosive Licence, 4. Pollution Control Board Licence, 5. Panchayat Licence, 6. Biodiversity and Hydrology Clearance. 7. DMO, fireforce... NOC. ഇപ്പറഞ്ഞ ഒരു നിയമവും ഇടുക്കിയിൽ പരിഗണിക്കുകയേ വേണ്ട. കാരണം ഇടുക്കിയിൽ ഈ പാറമടകൾ എല്ലാം നിലനിൽക്കുന്നത് വനഭൂമിയിൽ ആണ്. CHR അതിന്റെ സ്റ്റാറ്റസിൽ വനഭൂമിയും, KDH കുറിഞ്ഞി സാങ്ച്വറിയുമാണ്. കൂടാതെ ഇടുക്കിയുടെ ഏലമലക്കാടുകളും കണ്ണൻദേവന്മലകളും സംരക്ഷിതവനപ്രദേശവും പ്രൊപ്പോസ്ട് പരിസ്ഥിതിലോലപ്രദേശവുമാണ്. പഠനറിപ്പോർട്ടുകളെല്ലാം ആ രീതിയിൽ ആണ് പോയിരിക്കുന്നത്.

വനംവകുപ്പ് ഇടുക്കിയെ ESAആയി പരിഗണിച്ച് തന്നെയാണ് ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്. പശ്ചിമഘട്ടത്തിലെ ഓരോ മലകളുമാണ് കേരളത്തിന്റെ കാലാവസ്ഥയേയും ജലസ്‌ത്രോതസ്സിനേയും താങ്ങിനിർത്തുന്നത്. ഈ മലകൾ പൊട്ടിച്ചുമാറ്റിയാൽ പിന്നെ ഇടുക്കിയില്ല, ഇവിടുത്തെ ജൈവവൈവിധ്യമില്ല, കൃഷിയില്ല, കാടുകൾ ഇല്ല, നദികൾ ഇല്ല, നമ്മൾ ഊഹിക്കുന്നതിൽ കൂടുതൽ വേഗത്തിൽ ഇടുക്കി ഊഷരമാകും. തമിഴ്‌നാട് കാലാവസ്ഥ മലമുകളിൽ കയറി എത്താൻ അധികം കാലതാമസം വേണ്ടായെന്ന് രാമക്കൽമേട് ഭാഗത്തുനിന്ന് ഇങ്ങോട്ട് ആരംഭിച്ച കാലാവസ്ഥാമാറ്റം സൂചിപ്പിക്കുന്നു.