- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ്ശ്രീരാം വിളിക്കുന്നത് കുറ്റമെങ്കിൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ വത്തിക്കാനിൽ പോയി ഭഗവദ് ഗീത സമ്മാനിച്ചതും കുറ്റം; പാലക്കാട്ടെ ഫ്ലക്സ് വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ
തിരുവനന്തപുരം: രാജ്യത്ത് ജയ്ശ്രീരാം വിളിക്കുന്നത് കുറ്റമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ജയ്ശ്രീരാം എന്നെഴുതി ഫ്ലക്സ് ഉയർത്തുന്നത് പാതകമായി കരുതുന്നില്ലെന്ന് പറഞ്ഞ മുരളീധരൻ, ബിജെപി പ്രവർത്തകരെ ന്യായീകരിക്കാനായി കൂട്ടുപിടിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാരെയാണ്. ജയ്ശ്രീരാം വിളിക്കുന്നത് കുറ്റമെങ്കിൽ മുന്മുഖ്യമന്ത്രി ഇ.കെ നായനാർ വത്തിക്കാനിൽ പോയി ഭഗവദ് ഗീത സമ്മാനിച്ചതും കുറ്റമാണ് എന്നായിരുന്നു മുരളീധരന്റെ നിലപാട്. അന്ന് അദ്ദേഹം പറഞ്ഞത് ഭഗവദ് ഗീത ഇന്ത്യൻ സംസ്ക്കാരത്തിന്റെ പ്രതീകമാണ് എന്നാണ്. അങ്ങനെയെങ്കിൽ അദ്ദേഹം കുറ്റക്കാരനല്ലേ എന്നും മന്ത്രി ചോദിച്ചു.
രാമൻ ഭാരതീയ സംസ്ക്കാരത്തിന്റെ പ്രതീകമാണ്. ശ്രീരാമനെക്കുറിച്ച് ആർക്കും പ്രശ്നമില്ല. രാഷട്രീയ ലക്ഷ്യത്തോടെ പ്രശ്നത്തെ വർഗീയ വൽക്കരിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. നഷ്ടപ്പെട്ടുപോയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കുന്നവർക്കാണ് പ്രശ്നം. ശോഭ സുരേന്ദ്രന്റെ പരാതിയെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെയാണ് പ്രവർത്തകർ ജയ്ശ്രീറാം എന്നെഴുതിയ ബാനർ കെട്ടിടത്തിന് മുകളിൽ തൂക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ളക്സ് വെച്ച സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തിരുന്നു. ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ ശ്രമിച്ചതിനാണ് കേസ്. സംഭവത്തിൽ സിപിഐ.എമ്മും കോൺഗ്രസും പരാതി നൽകിയിരുന്നു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പിയോട് പാലക്കാട് എസ്‌പി റിപ്പോർട്ട് തേടി. ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്.
ഇതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ചിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ ദേശീയപതാക ഉയർത്തുകയും ചെയ്തിരുന്നു. 'ഇത് ആർഎസ്എസ് കാര്യാലയമല്ല നഗരസഭയാണ്, ഇത് ഗുജറാത്തല്ല, കേരളമാണ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പാലക്കാട് നഗരസഭ കെട്ടിടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയർത്തിയത്. ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സ്ഥലത്താണ് ദേശീയ പതാക തൂക്കിയത്. പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തുകയും നഗരസഭയ്ക്ക് മുകളിൽ കയറി ദേശീയ പതാക തൂക്കുകയുമായിരുന്നു.
കേരളത്തെ കാവിയിൽ പുതപ്പിക്കാൻ ഡിവൈഎഫ്ഐ അനുവദിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക തൂക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഡിവൈഎഫ്ഐയുടെ നടപടിയെ അഭിനന്ദിച്ച് സോഷ്യൽമീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംഘികളുടെ ഗുജറാത്തല്ലെന്നും ഇത് കേരളമാണെന്നും പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ നടപടിയെ ചിലർ അഭിനന്ദിച്ചത്.
സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും പ്രതികളാകും. പത്തോളം പേർ പ്രതികളാകുമെന്ന് പൊലീസ് പറഞ്ഞു. തദ്ദേശ വോട്ടെണ്ണൽ ഫലപ്രഖ്യാപന ദിവസമായിരുന്നു സംഭവം. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബിജെപി പ്രവർത്തകർ ജയ് ശ്രീറാം എന്നെഴുതി, ശിവജിയുടെ ചിത്രം പതിച്ച ബാനർ നഗരസഭാ കെട്ടിടത്തിന് മുന്നിൽ ഉയർത്തിയത്.പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബിജെപി പ്രവർത്തകരുടെ ഈ നടപടിയ്‌ക്കെതിരെ വ്യാപകവിമർശനമുയർന്നിരുന്നു.
മറുനാടന് ഡെസ്ക്