തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ് തരുൺ വിജയ്. ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാർ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവർക്കൊപ്പം ജീവിക്കുന്ന തങ്ങൾ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുൺ വിജയ്‌യുടെ പ്രതികരണം. നൈജീരിയക്കാർക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു വിവാദ പരാമർശം.

അൽജസീറ ചാനലിലായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമർശം. കറുത്ത വർഗ്ഗക്കാർക്കെതിരെ ഇന്ത്യയിൽ അമർഷമുണ്ടെന്നും അവരെ ആക്രമിക്കുമെന്നും പറയുന്നതു ശരിയല്ല. കാരണം കേരളം, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിൽ കറുത്തവരുണ്ട്. അവരോടെപ്പമാണു ഞങ്ങൾ ജീവിക്കുന്നത്. ഇന്ത്യയിൽ വിവിധ സമൂഹങ്ങളിൽപ്പെട്ടവർ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാൾ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയിൽ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാൽ ഇവ വംശീയമായ ആക്രമണമാണ് എന്നു പറയാനാവില്ലെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഒരു മാധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിനു തരുൺ വിജയ് മറുപടി പറഞ്ഞത്. സംഭവം വിവാദമായതിനെ തുടർന്നു തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി തരുൺ വിജയ് രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ നോയിഡയിലാണ് നൈജീരിയക്കാർക്കെതിരെ ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. ഇവിടെ ഒരു പതിനേഴുവയസ്സുകാരൻ അമിതമായി മയക്കുമരുന്നു കഴിച്ചു മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. നൈജീരിയക്കാരായ അഞ്ച് യുവാക്കളാണു മയക്കുമരുന്നു നൽകിയതെന്ന് ആരോപിച്ചാണു പ്രദേശവാസികൾ നൈജീരിയൻ വിദ്യാർത്ഥികളെ ആക്രമിച്ചത്. എന്നാൽ മയക്കുമരുന്നു നൽകിയതു നൈജീരിയൻ വിദ്യാർത്ഥികളാണെന്നതിനു പൊലീസിനു തെളിവൊന്നും ലഭിച്ചിട്ടില്ല.