പനാജി: ഗോവയിലെ പനാജിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ അതിഥികളായി മനോജ് ബാജ്‌പേയിയും മധുരി ദീക്ഷിത്തും. വൈകീട്ട് 4 മണിക്ക് ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ സമാപന ചടങ്ങുകൾ നടക്കും. അഷ്ഖർ ഫർഹാദിയുടെ 'എ ഹീറോ' ആണ് സമാപന ചിത്രം.

ഒൻപത് ദിവസങ്ങൾ നീണ്ട മേളയിൽ 73 രാജ്യങ്ങളിൽ നിന്ന് 148 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. സുവർണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തിൽ 15 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

നിഖിൽ മഹാജൻ സംവിധാനംചെയ്ത 'ഗോദാവരി', നിപുൺ അവിനാഷ് ധർമാധികാരി സംവിധാനം ചെയ്ത 'മേ വസന്തറാവു' (മറാഠി ചിത്രങ്ങൾ), എയ്മി ബറുവ സംവിധാനംചെയ്ത ദിമാസ ഭാഷാചിത്രമായ 'സെംഖോർ' എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ചിത്രങ്ങൾ. ഇറാനിയൻ സംവിധായിക രക്ഷൻ ബനിതേമാദ്, ബ്രിട്ടീഷ് നിർമ്മാതാവ് സ്റ്റീഫൻ വൂളെ, കൊളംബിയൻ സംവിധായകൻ സിറോ ഗരേര, ശ്രീലങ്കൻ സംവിധായകൻ വിമുഖി ജയസുന്ദര, സംവിധായകനും നിർമ്മാതാവുമായ നില മധപ് പാണ്ഡ എന്നിവരടങ്ങുന്ന ജൂറിയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

മികച്ച ചിത്രത്തിന് സുവർണമയൂരവും 40 ല്ക്ഷം രൂപയും ലഭിക്കും. മികച്ച സംവിധായിക/ സംവിധായകൻ നടി നടൻ എന്നിവർക്ക് രജതമയൂരവും 10 ലക്ഷം രൂപയും ലഭിക്കും.