വംബർ അവസാനവാരം ഗോവയിലെ പനാജിയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമാ കഥേതര വിഭാഗത്തിൽ രണ്ട് മലയാള ഹ്രസ്വചിത്രങ്ങൾ. പ്രമുഖ ഡോക്യമെന്ററി സംവിധായിക ആരതി ശ്രീവാസ്ത അധ്യക്ഷയായ ജൂറിയാണ് സിനിമകൾ തെരഞ്ഞെടുത്തത്. മാദ്ധ്യമപ്രവർത്തകയും ദയാബായിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്, കെ ഗിരീഷ് കുമാറിന്റെ രണ്ടു കുറിപ്പുകൾ എന്നീ ചിത്രങ്ങൾ കഥേതര വിഭാഗത്തിൽ ഗോവയിൽ പ്രദർശിപ്പിക്കും. ആനകൾക്ക് നേരെയുള്ള പീഡനം ആധാരമാക്കി സംഗീത അയ്യർ സംവിധാനം ചെയ്ത ഗോഡ്സ് ഇൻ ഷാക്കൽസും മേളയിലുണ്ട്.

പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെ എന്ന വിഖ്യാത കൃതിയെ ഉപജീവിച്ചൊരുക്കുന്ന സ്വതന്ത്ര ഡോക്യു ഫിക്ഷനാണ് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്. എഴുത്തുകാരൻ സക്കറിയയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

റഷ്യൻ താരങ്ങളായ വ്ളാദിമിറും ഒസ്താനയുമാണ് ഈ സിനിമയിലെ താരങ്ങൾ. ആൾക്കൂട്ടത്തിന്റെ മദപ്പാടാൽ നരകയാതന നേരിടുന്ന ഭൂമിയിലെ വലിയ മൃഗത്തിന്റെ വേദന വിവരിക്കുന്നതാണ് ഗോഡ്‌സ് ഇൻ ഷാക്കൽസ് എന്ന ഡോക്യുമെന്ററി. തിടമ്പേറ്റിയ ആനകളുടെ ബഹുവർണ്ണചിത്രവും ദൃശ്യങ്ങളും അതിനൊപ്പം ആനന്ദിക്കുന്ന ആൾപ്പെരുക്കത്തെയും മാത്രം പരിഗണിക്കുന്ന മാദ്ധ്യമങ്ങൾ കണ്ണയക്കാതെ പോയ ഇടങ്ങളിൽ നിന്നാണ് സംഗീത അയ്യർ ചങ്ങലക്കിട്ട ദൈവങ്ങളെ കണ്ടെടുത്തിരിക്കുന്നത്.