കോഴിക്കോട്: വീണ്ടുമൊരു ചലച്ചിത്രോത്സവത്തിന് കോഴിക്കോട് വേദിയാകുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് ഒന്പതുമുതൽ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി നിലമ്പൂരിൽ നടന്നുവന്ന ഐഎഫ്എഫ്‌കെ റീജണൽ ഫെസ്റ്റാണ് മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ടേക്ക് വരുന്നത്.

തിരുവനന്തപുരത്ത് വർഷം തോറും നടന്നുവരുന്ന ഐഎഫ്എഫ്‌കെയുടെ ഈ വർഷത്തെ മലബാറിലെ റീജണൽ ഫെസ്റ്റാണ് കോഴിക്കോട്ട് അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ച മികച്ച അന്പതോളം സിനിമകളാണ് ഈ മേളയിൽ പ്രദർശിപ്പിക്കുക.

ലോക സിനിമ വിഭാഗത്തിൽ 2017-ലെ മികച്ച 20 സിനിമകളും ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച 10 സിനിമകളും ഇക്കൂട്ടത്തിലുണ്ടാകും. ഇതിനു പുറമെ കഴിഞ്ഞ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ച സമകാലിക മലയാള സിനിമ വിഭാഗത്തിൽ ഇനിയും തിയറ്ററുകളിൽ റിലീസ് ചെയ്യാത്ത സിനിമകളും ഈ മേളയിൽ പ്രദർശിപ്പിക്കും. മേളയിൽ എല്ലാ ദിവസവും ഓപ്പൺ ഫോറവും സംഘടിപ്പിക്കും.

ഡെലിഗേറ്റ് പാസുകൾ മുഖേനയായിരിക്കും പ്രവേശനം. 300 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. ഈ മാസം അവസാനവാരത്തോടെ ഡെലിഗേറ്റ് പാസിനുള്ള അപേക്ഷകൾ ക്ഷണിക്കും.