- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തയ്യാറെടുപ്പുകൾക്കായി വേണ്ടത് അഞ്ച് മാസം; കോവിഡ് കാരണം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചിത്രങ്ങൾ ക്ഷണിക്കാനോ പ്രാഥമിക ഒരുക്കങ്ങൾ നടത്താനോ സാധിച്ചില്ല; അന്താരാഷ്ട്ര ചലച്ചിത്രമേള ഇക്കൊല്ലം നടന്നേക്കില്ല
തിരുവനന്തപുരം: കോവിഡ് കാലം സിനിമാ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ലകാലമല്ല. സിനിമാ റിലീസിങ് നിലച്ചോടെ തീയറ്ററുകൾ സജീവമായിട്ട് കാലം കുറേയായി. ഇപ്പോഴിതാ സിനിമാ പ്രേമികളെ നിരാശരാക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ.) ഡിസംബറിൽ നടക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കോവിഡ് കാരണം വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ ചിത്രങ്ങൾ ക്ഷണിക്കാനോ പ്രാഥമിക ഒരുക്കങ്ങൾ നടത്താനോ ചലച്ചിത്ര അക്കാദമിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കുറഞ്ഞത് അഞ്ചുമാസത്തെ തയ്യാറെടുപ്പുകൾ വേണമെന്നിരിക്കേ ചലച്ചിത്രോത്സവം നീട്ടിവെക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യേണ്ടിവരും. മേളയുടെ തീയതി നിശ്ചയിച്ചാൽ ചിത്രങ്ങൾ ക്ഷണിച്ച് അറിയിപ്പ് പ്രസിദ്ധീകരിക്കണം. ചലച്ചിത്രപ്രവർത്തകരും സ്ഥിരമായി സിനിമകൾ എത്തിക്കുന്നവരും സന്നദ്ധത അറിയിക്കും. ഈ സിനിമകൾ സ്ക്രീനിങ് സമിതി പരിശോധിച്ചാണ് തിരഞ്ഞെടുപ്പ്. അത്തരം കാര്യങ്ങളൊന്നും ഇതുവരെ തുടങ്ങാനായില്ല.
പ്രളയകാലത്ത് ആർഭാടമെല്ലാം ഒഴിവാക്കി മേള നടത്തിയിരുന്നു. നാലുകോടിയോളം രൂപയായിരുന്നു ചെലവ്. സാധാരണരീതിയിലാണെങ്കിൽ ആറുകോടിയെങ്കിലും വേണം. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനും ജൂറിയെ നിശ്ചയിച്ചതല്ലാതെ തുടർനടപടികളുണ്ടായിട്ടില്ല. ചെയർമാൻ ഉൾപ്പെടെയുള്ള ജൂറി അംഗങ്ങൾക്ക് കേരളത്തിലെത്തി സിനിമ കാണാൻ സാധിക്കാത്തതാണ് കാരണം. സിനിമാ അവാർഡിന് മുൻപ് ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കാനുള്ള ശ്രമവും നടന്നില്ല.
അന്താരാഷ്ട്ര ചലച്ചിത്രമേള സാധാരണരീതിയിൽ നടത്താനായില്ലെങ്കിൽ ഓൺലൈനായി സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മന്ത്രി എ.കെ. ബാലനും വ്യക്തമാക്കി. ഡിസംബറിൽ നടത്താനായില്ലെങ്കിൽ ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുമെന്നാണ് പ്രതീക്ഷ. അതിനും കഴിഞ്ഞില്ലെങ്കിലാണ് ഓൺലൈൻ മേള പരിഗണിക്കുന്നത്. ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള നടപടികൾ ആരംഭിച്ചു. ടെലിവിഷൻ അവാർഡിനുള്ള എൻട്രികളും സ്വീകരിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.