തിരുവനന്തപുരം: കേരളത്തിന്റെ 22ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നഗരം ഒരുങ്ങി കഴിഞ്ഞു. ഇനി ഒരാഴ്ചനീളുന്ന സിനിമാ മേളക്ക് തിരുവനന്തപുരം നഗരി സാക്ഷ്യം വഹിക്കും. ചലച്ചിത്രകാരന്മാരും ചലച്ചിത്ര പ്രേമികളും നഗരത്തിലേയ്ക്ക് ഒഴുകിത്തുടങ്ങി. ഇനി ഒരാഴ്ച രാവും പകലും കാഴ്ചയുടെ വസന്തം.

നാളെ മുതൽ ഡിസംബർ 15 വരെയാണ് ഫെസ്റ്റിവൽ. 15 തിയറ്ററുകളിലാണു ഇത്തവണ പ്രദർശനം. കലാഭവൻ, കൈരളി, ശ്രീ, നിള, ധന്യ, രമ്യ, ന്യൂ തിയറ്ററിലെ സ്‌ക്രീൻ ഒന്ന്, സ്‌ക്രീൻ രണ്ട്, സ്‌ക്രീൻ മൂന്ന്, ടഗോർ, ശ്രീപത്മനാഭ, അജന്ത, നിശാഗന്ധി, കൃപ, ഏരീസ് പ്ലക്‌സ് എന്നിവയാണു തിയറ്ററുകൾ.

ഏരീസ് പ്ലക്‌സിൽ ജൂറി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ എന്നിവർക്കു മാത്രമാണു പ്രവേശനം.

ഓഖി ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനവും നിശാഗന്ധിയിൽ എല്ലാ ദിവസവും നടത്താൻ നിശ്ചയിച്ചിരുന്ന കലാപരിപാടികളും ഒഴിവാക്കി സിനിമാ പ്രദർശനം മാത്രമേയുള്ളൂവെന്നു മന്ത്രി എ.കെ.ബാലൻ പറഞ്ഞു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 5.30നു ചുഴലിക്കാറ്റു ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം അർപ്പിക്കും. മുഖ്യാതിഥികളായി ബംഗാളി നടി മാധവി മുഖർജിയും മേളയിലെ അതിഥി നടൻ പ്രകാശ് രാജും പങ്കെടുക്കും

മേളയ്ക്ക് ആകെ 11,000 പാസുകളാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 10,000 പാസുകളാണ് അനുവദിച്ചത്. എന്നാൽ മേളയിലെ പതിവു പ്രതിനിധികളിൽ പലർക്കും പാസ് ലഭിച്ചില്ലെന്ന പരാതി പരിഗണിച്ചാണ് 1000 പാസുകൾ കൂടി നൽകിയത്. 800 സീറ്റുകളുള്ള അജന്ത തിയറ്റർ കൂടി ലഭ്യമായതുകൊണ്ടാണു സീറ്റ് വർധിപ്പിച്ചത്.

മേളയിലെ പ്രധാന ചിത്രങ്ങൾ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ഇവിടെ 2500 പേർക്കു സിനിമ കാണാം. മൂന്നു പ്രദർശനങ്ങൾ ഉണ്ടാകും. മത്സരവിഭാഗം ചിത്രങ്ങൾ ടഗോർ, അജന്ത, ധന്യ, രമ്യ എന്നീ തിയറ്ററുകളിലാണു പ്രദർശിപ്പിക്കുന്നതെന്ന് വൈസ് ചെയർമാൻ ബീന പോൾ അറിയിച്ചു.

ഇത്തവണത്തെ മേളയിൽ 8200 പേരാണ് പ്രതിനിധികളായെത്തുന്നത്. തലസ്ഥാനത്തെ 10 തിയേറ്ററുകളിലായിട്ടാണ് മേള നടക്കുക.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക മേഖലകളിൽ നിന്നുള്ള 14 ചിത്രങ്ങളാണ് മേളയുടെ മത്സരവിഭാഗത്തിലുള്ളത്. 157 സംവിധായകരുടെ 209 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക.