തിരുവനന്തപുരം: ഒരുക്കങ്ങൾ പൂർണ്ണം.കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂബിലി കാഴ്ചകൾക്ക് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും.തിരുവനന്തപുരത്തെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 2500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ ടാഗോർ തിയേറ്റർ ഉൾപ്പടെ വേദികൾ ഒരുങ്ങി കഴിഞ്ഞു. തലസ്ഥാനത്തെ വിവിധ തിയേറ്ററുകളിലായി 2164 സീറ്റുകൾ സജീകരിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ അണുനശീകരണം പൂർത്തിയായിട്ടുണ്ട്.ഒന്നിടവിട്ട സീറ്റുകളിലായാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും.ചടങ്ങിൽ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഷീൻലുക് ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൊദാർദിനു ചടങ്ങിൽ നേരിട്ട് എത്താൻ കഴിയാത്തതിനാലാണിത്. തുടർന്ന് ജി.പി.രാമചന്ദ്രൻ രചിച്ച ഗൊദാർദ് പലയാത്രകൾ എന്ന പുസ്തകം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാറിന് നൽകിയും ഫെസ്റ്റിവൽ ബുള്ളറ്റിൻ കെ.ടി.ഡി.സി. ചെയർമാൻ എം.വിജയകുമാർ കിലേ ചെയർമാൻ വി.ശിവൻകുട്ടിക്കു നൽകിയും പ്രകാശനം ചെയ്യും.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും. സിനിമ തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് റിസർവേഷൻ ആരംഭിക്കുകയും സിനിമ ആരംഭിക്കുന്നതിന് 2 മണിക്കൂർ മുൻപായി റിസർവേഷൻ അവസാനിക്കുകയും ചെയ്യും. റിസർവേഷൻ അവസാനിച്ചതിനു ശേഷം സീറ്റ് നമ്പർ എസ്.എം.എസ് ആയി പ്രതിനിധികൾക്ക് ലഭിക്കും. തെർമൽ സ്‌കാനിങ് നടത്തിയതിനുശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

മുപ്പതിൽ പരം രാജ്യങ്ങളിൽനിന്നുള്ള 80 സിനിമകളാണ് ഇക്കുറി മേളക്കെത്തുന്നത്. മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങൾ മാറ്റുരക്കും . കൈരളി ,ശ്രീ ,നിള ,കലാഭവൻ ,ടാഗോർ ,നിശാഗന്ധി എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.

ക്വോവാഡിസ്, ഐഡ ഉദ്ഘാടനചിത്രം

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയൻ ചിത്രം 'ക്വോവാഡിസ്, ഐഡ' രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമാകും. നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ബോസ്‌നിയൻ വംശഹത്യയുടെ പിന്നാമ്പുറങ്ങൾ പുതിയ കാഴ്ചപ്പാടിലൂടെ ആവിഷ്‌കരിക്കുന്ന ചിത്രം അന്താരാഷ്ട്ര സംഘർഷങ്ങളുടെ ഉത്ഭവവും യുദ്ധത്തിന്റെ അർത്ഥരാഹിത്യവും അനാവരണം ചെയ്യുന്നു.

സെർബിയൻ ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ സ്രെബെനിക്ക കൂട്ടക്കൊലയെ ആധാരമാക്കി രൂപപ്പെടുത്തിയ ഈ ചിത്രം ഇത്തവണത്തെ ഓസ്‌കാർ നോമിനേഷൻ നേടിയിരുന്നു. വെനീസ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര മേളകളിലും ക്വോ വാഡിസ്, ഐഡ മികച്ച പ്രതികരണം നേടിയിട്ടുണ്ട്.


ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങൾ ഉൾപ്പടെ18 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് പതിനെട്ടു ചിത്രങ്ങൾ. മത്സര വിഭാഗത്തിൽ ആദ്യം ബഹ്മെൻ തവോസി സംവിധാനം ചെയ്ത ദി നെയിംസ് ഓഫ് ദ് ഫ്ളവേഴ്സ് എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത് .ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്‌സ് എ റെസ്‌റക്ഷൻ , റഷ്യൻ ചിത്രമായ ഇൻ ബിറ്റ്‌വീൻ ഡൈയിങ് ,ഇറാനിയൻ ചിത്രം മുഹമ്മദ് റസോൾഫിന്റെ ദെയ്‌ർ ഈസ് നോ ഈവിൾ എന്നിവ യാണ് ആദ്യ ദിനത്തിലെ മത്സരചിത്രങ്ങൾ.

ലോക സിനിമാ വിഭാഗത്തിൽ ഉൾപ്പെട്ട യെല്ലോ ക്യാറ്റ്,സമ്മർ ഓഫ് 85 എന്നിവയാണ് മേളയിലെ ആദ്യ പ്രദർശനങ്ങൾ . ഇതുൾപ്പടെ ഒൻപത് ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്.ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഓഫ് ദി കിങ്സ്, ഷൂജൻ വീയുടെ സ്ട്രൈഡിങ് ഇന്റ്റു ദി വിൻഡ്, നീഡിൽ പാർക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേൽ ചിത്രം ലൈല ഇൻ ഹൈഫ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സെന്ന ഹെഡ്ജിന്റെ തിങ്കളാഴ്ച നിശ്ചയം എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ പൃഥ്വി കൊനനൂർ സംവിധാനം ചെയ്ത വെയർ ഈസ് പിങ്കി?, റെട്രോസ്പെക്ടീവ് വിഭാഗത്തിലെ ലീ ചാങ്-ഡോംങ് ചിത്രം ഒയാസിസ്, ഗൊദാർദ് ചിത്രം ബ്രെത്‌ലെസ്സ് എന്നിവയും ആദ്യദിനത്തിൽ പ്രദർശിപ്പിക്കും