തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സിൽവർ ജൂബിലി കാഴ്ചകൾക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു .മന്ത്രി എ കെ ബാലൻ അധ്യക്ഷനായ ചടങ്ങിൽ സ്പീക്കർ പി .ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി . മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ചടങ്ങിന് തുടക്കമായത് .തുടർന്ന് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഴാങ് ലുക് ഗൊദാർദിനു വേണ്ടിമുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി.കോവിഡിന്റെ പശ്ചാത്തലത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ ഗൊദാർദ് ഓൺലൈനായി സാന്നിധ്യം അറിയിച്ചു.തുടർന്ന് ജി പി രാമചന്ദ്രൻ രചിച്ച ഗൊദാർദ് പല യാത്രകൾ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു .

ചടങ്ങിൽ എം എൽ എ മാരായ വി കെ പ്രശാന്ത് ,എം. മുകേഷ് ,സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് ,ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ ടി കെ .രാജീവ് കുമാർ, മേയർ ആര്യാ രാജേന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സുരേഷ് കുമാർ ,അക്കാഡമി ചെയർമാൻ കമൽ ,വൈസ് ചെയർ പേഴ്‌സൺ ബീനപോൾ ,സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഉദ്ഘാടന ചിത്രമായ ക്വോ വാഡിസ്, ഐഡ പ്രദർശിപ്പിച്ചു .

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാട് ഐ.എഫ്.എഫ്.കെയുടെ സവിശേഷത: മുഖ്യമന്ത്രി

വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിന്റെ സാംസ്‌കാരിക ഭൂപടത്തിൽ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25-ാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മർദ്ദിതർക്കും അടിച്ചമർത്തപ്പെട്ടവർക്കും പീഡിതർക്കുമൊപ്പമാണ് എന്നും ഈ മേള നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്ക് നാം പ്രാമുഖ്യം നൽകിപ്പോരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സരവിഭാഗത്തിൽ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്കു മാത്രമേ ഇവിടെ പ്രവേശനം നൽകാറുള്ളു. അമേരിക്കയുടെയും യൂറോപ്പിന്റെയും സാംസ്‌കാരിക സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടം കൂടിയാണ് ഈ നിലപാട്. സിനിമയുടെ ആസ്വാദനമൂല്യത്തിനും വിനോദമൂല്യത്തിനും മാത്രം ഊന്നൽ നൽകുകയും രാഷ്ട്രീയ ദർശനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന ലോകത്തെ പല വൻകിട ചലച്ചിത്രമേളകളിൽ നിന്നും ഐഎഫ്എഫ്കെയെ വ്യത്യസ്തമാക്കുന്നതും നാം ഉയർത്തിപ്പിടിക്കുന്ന ശക്തമായ ഈ നിലപാടാണ്.

സംവിധായകർക്കു നൽകുന്ന പുരോഗമനപരമായ ചലച്ചിത്ര സമീപനം സ്വീകരിക്കുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഒരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ചതിലൂടെ ഇത്തവണ ഴാങ് ലുക് ഗൊദാർദാണ് ഈ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത്. ഫ്രഞ്ച് നവതരംഗം എന്ന ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ തന്നെയാണ് നിലപാടും. രാഷ്ട്രീയ സിനിമ എടുക്കുകയല്ല രാഷ്ട്രീയമായി സിനിമ എടുക്കുകയാണ് വേണ്ടതെന്ന് വാദിച്ച അദ്ദേഹത്തിന് ഈ പുരസ്‌കാരം നൽകുന്നത് ഉചിതമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.