തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഏഴാം ദിവസത്തിലേക്ക് കടക്കുന്നു. പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഒമ്പത് മത്സരചിത്രങ്ങളുടെ നാലാം വട്ട പ്രദർശനമാണ് ഇന്ന് പ്രധാനമായുള്ളത്. ലോകസിനികളുടെ മത്സരത്തിനൊപ്പം സാന്നിധ്യമറിയിച്ച് റെക്ട്രോസ്‌പെക്ടീവുകളും ഇന്ന് കാഴ്ചയുടെ വസന്തമൊരുക്കാനെത്തുണ്ട്. ലൈംഗിക തൊഴിലാളികളുടെ ജീവിതകഥയുമായി എത്തുന്ന ഇറാനിയൻ ചിത്രമായ ഒബ്ലിവിയൻ സീസണും, ദി ബ്രൈറ്റ് ഡേയും ഉൾപ്പടെ ആദ്യദിവസം തീയേറ്ററിൽ നിറഞ്ഞ കൈയടി നേടിയ മലയാളത്തിന്റെ അസ്തമയം വരെയുമുണ്ട് മേളയിൽ അവസാന പ്രദർശനത്തിനെത്തുന്ന ചിത്രങ്ങളുടെ പട്ടികയിൽ.

മേളനഗരിയിലേക്ക് ആദ്യമായി എത്തുന്ന ഒരുപിടി ചിത്രങ്ങളിലും ഡെലിഗേറ്റുകൾക്ക് പ്രതീക്ഷയുണ്ട്. ലോകസിനിമയിലെ ഫയേഴ്‌സ് ഓൺ ദി പ്ലെയിൻ, പോസ്റ്റമാൻസ് വൈറ്റ് നൈറ്റ്, മെജോറിറ്റി, ലവ് ബാറ്റിൽസ് എ ന്നിവയാണ് ആദ്യ പ്രദർശനത്തിനായി എത്തുന്നത്. തുർക്കിയിലെ ആന്തരിക സംഘർഷങ്ങൾ പശ്ചാത്തലമാക്കി വൈരാഗ്യത്തിന്റെ കഥയുമായി എത്തുന്ന മെജോറിറ്റിക്കായി ചലച്ചിത്രപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ലോകസിനിമ വിഭാഗത്തിലെ 22 സിനിമകൾ ഉൾപ്പടെ 46 ചിത്രങ്ങളാണ് ഇന്ന് മേളയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.