തിരുവനന്തപുരം: പാതിരാത്രിയിൽ ഒരു ഹൊറർ ചിത്രം കാണുകയെന്ന പുതിയ അനുഭൂതി വാഗ്ദാനം ചെയ്ത ഐ.എഫ്.എഫ്്.കെ ഭാരവാഹികൾ അക്ഷരാർഥത്തിൽ ഡെലിഗേറ്റുകളെ വിഷണ്ണരാക്കി. ജോകോ അൻവർ സംവിധാനം ചെയ്ത ഇന്തോനേഷ്യൻ പ്രേത സിനിമയായ 'സാത്താൻ സ്‌ളേവ്‌സ്' കാണാനായി രാത്രി പത്തരയോടെ 2000ത്തോളം വരുന്ന ഡെലിഗേറ്റുകളാണ് പ്രദർശനവേദിയായ നിശാഗന്ധിയിൽ തടിച്ചുകൂടിയത്.

എന്നാൽ ഒരു മണിക്കൂറോളം ക്യൂനിന്ന് അകത്തുകയറിയ കാണികളെ അങ്ങേയറ്റം നിരാശരാക്കുന്ന യാതൊരു നിലവാരവുമില്ലാത്ത ചിത്രമായാണ് ഇത് പരിണമിച്ചത്. നമ്മുടെ പ്രഥ്വീരാജിന്റെ ഈ വർഷം ഇറങ്ങിയ 'എസ്ര'പോലും ഇതിനേക്കാൾ നല്ല ചിത്രമാണെന്നായിരുന്നു പ്രേക്ഷക പ്രതികരണം. ജനം കൂവിവിളിക്കുകയും പൂച്ചകരയുകയും പല രംഗങ്ങൾക്കുമുന്നോടിയായി ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ കൊട്ടിഘോഷിച്ച ഹൊറർ മൂവി വെറും കോമഡിയായാണ് അവസാനിച്ചത്.

നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ചിത്രം കാണാനായി വളരെ നേരത്തേതന്നെ റോഡിലേക്ക് നീളുന്ന വൻ ക്യൂ രൂപപ്പെട്ടിരുന്നു. മുൻ ചിത്രം കഴിഞ്ഞ് പുറത്തിറങ്ങാത്തവരെ ഏറെ പണിപ്പെട്ട് പുറത്താക്കിയശേഷമാണ് ഇവരെ അകത്തേക്ക് കയറ്റിയത്. ഇതിനിടെ പലവട്ടം ഡെലിഗേറ്റ്‌സും ഗേറ്റ് കീപ്പർമാരുമായി പ്രശ്‌നമുണ്ടായി. തീയേറ്റർ തുറന്നതോടെ, കടലിരമ്പം പോലെ ഓടിക്കയറിയ ജനം , വിശിഷ്ടാതിഥികൾക്കുള്ള സീറ്റ്‌വരെ കൈയടക്കി നിറഞ്ഞുനിന്നു. ചിത്രം പത്തരക്ക് തുടങ്ങുമ്പോഴേക്കും ബാന്റ്വാദ്യങ്ങളും കൈയടിയും പാട്ടുമായി യുവതീയുവാക്കൾ രംഗം കൊഴുപ്പിച്ചു.

പക്ഷേ പടം തുടങ്ങി അഞ്ചുമിനിട്ടായപ്പോഴേക്കും ബോറടിയും തുടങ്ങി.കാര്യകാരണ ബന്ധമൊന്നുമില്ലാതെ, ഒരു കുടുംബത്തെ സാത്താൻ ആക്രമിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പതിവ് പ്രേത പടങ്ങളിൽ കണ്ട പഴഞ്ചൻ തീം പൊടിതട്ടിയെടുക്കയല്ലാതെ തിരക്കഥയിൽ ഒരു മാറ്റവും കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ആകെയുള്ള പുതുമ, സാധാരണ കുരിശുകൊണ്ട് നേരിടാവുന്ന ഡ്രാക്കുളയടക്കമുള്ള വാമ്പയർ മൂവികളാണ് ഈ കാറ്റഗറിയിൽ പെടുകയെങ്കിൽ ഇവിടെ അത് ഇസ്ലാമിക പിശാചായ ഇബിലീസിലേക്ക് മാറി.

എന്നാൽ വീട്ടമ്മയുടെ മരണത്തോടെ എന്തിനാണ് അതേ രൂപത്തിൽ ഇബിലീസ് വന്ന്, പിതാവും മകളും മൂന്ന് ആൺമക്കളുമുള്ള കുടുംബത്തെ വേട്ടയാടുന്നതെന്ന് കൃത്യമായി പറഞ്ഞു ഫലിപ്പാക്കാൻ സംവിധായകന് ആയിട്ടില്ല. തലമുറുകൾമുമ്പ് ആരോ ഒരു കുട്ടിയ സാത്താന് നേർന്നതുകൊണ്ടുള്ള പാപം എന്നൊക്കെ തട്ടിവിടുകയല്ലാതെ ഒന്നിലും ഒരു വ്യക്തയുമില്ല. ആർക്കും ഒരുപദ്രവും ചെയ്യാതെ സ്വന്തം കുടുംബം നോക്കി നടന്നാലും, പ്രാർത്ഥനയും നിസ്‌ക്കാരവുമില്‌ളെങ്കിൽ ഇബിലീസ് നിങ്ങളെ വേട്ടയാടും എന്ന മാനവികവിരുദ്ധവും അപകടകരവുമായ സന്ദേശവും ചിത്രം നൽകുന്നുണ്ട്.എന്നിട്ടും ഈ പടത്തിനൊക്കെ ഐ.എഫ്.എഫ്.കെയിൽ സെലക്ഷൻ കിട്ടയതുതന്നെ എങ്ങനെയാണെന്നാണ് രാത്രി 12മണി കഴിഞ്ഞ് ചിത്രം കണ്ട് പുറത്തിറങ്ങിയ പ്രതിനിധികൾ ചോദിക്കുന്നത്.

കഥയും തിരക്കഥയിലുമില്ലാത്ത കൈയടക്കം സംവിധാനത്തിൽ കൊണ്ടുവരാനും കഴിഞ്ഞിട്ടില്ല. നാലോ അഞ്ചോ ഷോട്ടുകൾ ഒഴിച്ചാൽ ഓർമ്മിക്കത്തക്ക ഒരു സീനും ചിത്രത്തിലില്ല.കാര്യമായ ഹൊറർ രംഗങ്ങളും ഇതിലില്ല. ഉള്ളതാവട്ടെ ശബ്ദംകൊണ്ടുള്ള കളിയാണ്.നിശബ്ദതയിൽനിന്ന ്‌പെട്ടെന്ന് ശബ്ദമുയരുന്നതുപോലുള്ള പഴയ ടെക്ക്‌നിക്കാണ് സംവിധായകൻ പരീക്ഷിച്ചത്.പക്ഷേ അതാകട്ടെ തിങ്ങിനിറഞ്ഞ ജനം കൈയിൽ നിന്ന് ഇടുന്ന എക്‌സ്ട്രാ സൗണ്ടുകൾ കാരണം തീർത്തും ചീറ്റിപ്പോയി. അവസാനമായപ്പോഴേക്കും ഈ ഹൊറർ സിനിമ കണ്ട് ജനം ചിരിക്കുന്ന അവസ്ഥയായിരുന്നു.

ഇതോടൊപ്പം ഈ വിഷയത്തിൽ ചലച്ചിത്ര അക്കാദമിയുടെ നിലപാടും വ്യാപകമായി വിമർശിക്കുകയാണ്. കൂടുതൽ മാധ്യമശ്രദ്ധയും പൊതുജന ശ്രദ്ധയും കിട്ടാൻ അക്കാദമി നടത്തിയ ഗിമ്മിക്കാണ് പാതിരാവിലെ ഹൊറർ പ്രദർശനമെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു.ഒരു ഫെസ്റ്റിവൽ ഓഡിയൻസിന്റെ യാതൊരു അച്ചടക്കവുമില്ലാതെ കാണികളെ കയറൂരിവിട്ട്, സ്വകാര്യ ചാനലുകളുടെ അവാർഡ് നൈറ്റിന് സമാനമായ അവസ്ഥയാണ് ഇന്നലെ ഐ.എഫ്.എഫ്.കെയിൽ ഉണ്ടായത്.ഇത് ഒരിക്കലും അനുവദിച്ചൂകൂടാത്തതാണെന്നും ഫിലിംഫെസ്‌ററിവൻ എന്ന വേറിട്ട ചലച്ചിത്രാനുഭവ സംസ്‌ക്കാരത്തിന്റെ കടക്കൽ കത്തിവെക്കുന്നതാണെന്നും വ്യാപകമായ വിമർശനം ഉയർന്നിട്ടുണ്ട്.