മേളയുടെ മൂന്നാം ദിവസം ന്യൂ തിയേറ്ററിൽ നടന്ന ഓപ്പൺ ഫോറം കലാമൂല്യമുള്ള പ്രാദേശികഭാഷാ സിനിമകളെ എങ്ങനെ ലോക നിലവാരത്തിലേക്ക് ഉയർത്താമെന്നത് ചർച്ചചെയ്തു. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിച്ച ഓപ്പൺ ഫോറം സജീവ ഇടപെടലിലൂടെ ശ്രദ്ധേയമായി. 

കലാമൂല്യമുള്ള പ്രാദേശിക ഭാഷാചിത്രങ്ങൾക്ക് അന്തർദേശിയ ചലച്ചിത്രോത്സവങ്ങളിൽ വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ലെന്ന ആശങ്ക കാസ്റ്റിങ് ഡയറക്ടർ ഉമാ ഡാകുൺഹ പങ്കുവച്ചു. എന്നാൽ മേളകളിൽ ഉൾപ്പെടുത്തുക എന്നതിനേക്കാൾ പ്രാദേശിക ഭാഷാസിനിമകളുടെ കലാമൂല്യം വർധിപ്പിച്ച് കൂടുതൽ സ്വീകാര്യമാക്കുകയാണ് വേണ്ടതെന്ന് ഗോനുൽ ഡോന്മസ് കോളിൻ അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യത്തെ 39 ഓളം ഭാഷകളിൽ സിനിമകൾ നിർമ്മിക്കപ്പെടുന്നുണ്ടെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല. സ്വീകാര്യത വർധിക്കുന്നതോതിൽ മികവുറ്റ പ്രാദേശികഭാഷാചിത്രങ്ങൾക്ക് അന്തർദേശീയതലത്തിൽ അംഗീകാരം ലഭിക്കുമെന്ന് ഓപ്പൺ ഫോറം വിലയിരുത്തി. മാദ്ധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, ഗോനുൽ ഡോന്മസ് കോളിൻ, അമൃത് ഗാൻഗർ, ടി. രാജീവ് നാഥ്, ഉമാ ഡാകുൺഹ തുടങ്ങിയവർ സംവദിച്ചു.