കേരള ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തെരഞ്ഞെടുക്കുന്നതിനുള്ള ഓഡിയൻസ് പോൾ ഇന്ന് (ഡിസംബർ 17) ഉച്ചയ്ക്ക് 12ന് ആരംഭിക്കും. ഡിസംബർ 19 ന് ഉച്ചയ്ക്ക് 12 വരെ കംപ്യൂട്ടർ സംവിധാനത്തിലൂടെ വോട്ട് ചെയ്യാം. ഇതിനായി കൈരളിയിൽ മൂന്ന് കൗണ്ടറുകളും ന്യൂ തിയേറ്ററിൽ രണ്ട് കൗണ്ടറുകളുമാണ് സജ്ജീകരിക്കുന്നത്. ഡെലിഗേറ്റുകൾക്കും മാദ്ധ്യമ പ്രതിനിധികൾക്കും മാത്രമേ വോട്ടിങ്ങിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.

മികച്ച ചിത്രങ്ങളും പ്രേക്ഷക പങ്കാളിത്തവുംകൊണ്ട് സമ്പന്നമായ മേളയുടെ ആറാം ദിനത്തിൽ വിവിധ വിഭാഗങ്ങളിലായി ഒൻപതു ചിത്രങ്ങൾ ആദ്യപ്രദർശനത്തിനെത്തും. മത്സരവിഭാഗത്തിൽ നിന്നുള്ള 12 ചിത്രങ്ങളുൾപ്പെടെ 45 ചിത്രങ്ങളാണ് ബുധനാഴ്ച പ്രദർശിപ്പിക്കുന്നത്.

മകന്റെ അപകടമരണത്തെ തുടർന്ന് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിഗൂഢത തിരയുന്നയാളുടെ കഥയാണ് സലിൻ ലാൽ അഹമ്മദിന്റെ 'കാൾട്ടൺ ടവേഴ്‌സ്'. സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ മനുഷ്യന്റെ വിചിത്രമുഖം വെളിവാക്കുന്നതാണ് നൂറി ബിൽഗെ സൈലന്റെ 'വിന്റർ സ്ലീപ്പി'ലൂടെ. കണ്ടംപററി മാസ്റ്റർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഡാനിസ് താനോവിക്കിന്റെ 'സർക്കസ് കൊളംബിയ' എന്ന ചിത്രം കമ്മ്യൂണിസ്റ്റ് ഭൂതകാലത്തിനും ജനാധിപത്യ ഭാവിക്കുമിടയിൽ പെട്ടുപോകുന്ന കുടംബത്തിന്റെ കഥ പറയുന്നു.

ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ ആനന്ദ് നാരായണൻ മഹാദേവൻ സംവിധാനം ചെയ്ത 'ഗോർ ഹരി ദാസ്താങ് സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിചരിത്രം പറയുന്നു. വീര്യവും ഊർജവും നിറഞ്ഞ കഴിഞ്ഞകാലത്തിന്റെ ഓർമകൾക്കും ഭാവിക്കും ഇടയിലെ തുലാസിലാണ് നായകന്റെ ജീവിതം. മിക്കലോസ് ജാങ്‌സൊയുടെ ആദ്യ കളർ ചിത്രം 'ദി കൺഫ്രണ്ടേഷൻ' റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശനത്തിനെത്തും. കമ്മ്യൂണിസ്റ്റ് നേതൃത്വം ഹംഗറിയിൽ അധികാരമേറ്റെടുത്തപ്പോഴുണ്ടായ വിദ്യാർത്ഥി പ്രതിഷേധങ്ങളുടെയും കലാപത്തിന്റെയും ചുവന്ന ഏടുകളാണ് ചിത്രം പറയുന്നത്.

അൽഷിമേഴ്‌സു മൂലം തലച്ചോർ സൃഷ്ടിക്കുന്ന മിഥ്യാഭ്രമങ്ങളാണോ യാഥാർഥ്യമാണോ തന്റെ മുന്നിൽ നടക്കുന്ന വിചിത്ര സംഭവങ്ങളെന്നറി യാതെ കുഴങ്ങുകയാണ് 'റെഡ് അമ്‌നേഷ്യ'യിലെ എഴുപതുകാരിയായ വിധവ. കൊൽക്കത്തയുടെ ക്ഷയോന്മുഖമായ അന്തരീക്ഷത്തിൽ വിധിയെ ആത്മവിശ്വാസത്തോടെ നേരിടുന്ന ഭാര്യയുടെയും ഭർത്താവിന്റെയും കഥപറയുകയാണ് 'ലേബർ ഓഫ് ലൗ'. വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രം ലോകസിനിമാവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.